പത്തനംതിട്ട: ഇലന്തൂരിലെ നരബലിയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ ഇരിക്കുന്നതേയുള്ളു എന്നാണ് കഴിഞ്ഞ ദിവസം കൊച്ചി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജുവും, ഡിസിപി എസ്.ശശിധരനും സൂചിപ്പിച്ചത്. പ്രത്യേക സംഘം അന്വേഷണം പൂർത്തിയാക്കുമ്പോൾ, കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കാം. ഏതായാലും, ഇലന്തൂരിലെ നരബലിക്ക് പിന്നാലെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഉണ്ടായ തിരോധാന കേസുകൾ പൊലസ് പുനഃപരിശോധിക്കുകയാണ്. അന്വേഷണം വഴിമുട്ടി നിൽക്കുന്ന പത്തനംതിട്ടയിലെ 12 കേസുകളും എറണാകുളം ജില്ലയിലെ 13 കേസുകളുമാണ് പൊലീസ് പുനഃപരിശോധിക്കാനൊരുങ്ങുന്നത്. സമഗ്ര അന്വേഷണം നടത്തി, എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് പൊലീസിന്റെ ശ്രമം.

അതിനിടെ, ഇലന്തൂരിൽ ഇരട്ട നരബലി നടന്ന വീടിന് സമീപം എട്ട് വർഷം മുമ്പ് സ്ത്രീ കൊല്ലപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന സംശയത്തിൽ ബന്ധുക്കൾ രംഗത്തെത്തി. പന്തളം ഉള്ളന്നൂരിലെ വഴിയരികിൽ നിന്നാണ് നെല്ലിക്കാല സ്വദേശിനി സരോജിനി(60)യുടെ മൃതദേഹം ലഭിച്ചത്. ദേഹമാസകലമുള്ള മുറിവുകളിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നു കണ്ടെത്തിയത്.

2014 സെപ്റ്റംബർ 14നാണ് സരോജിനിയുടെ മൃതദേഹം വഴിയരികിൽ കാണുന്നത്. ദേഹമാസകലം 46 മുറിവുകൾ ഉണ്ടായിരുന്നു. കൂടുതലും ഇരു കൈകളിലായിരുന്നു. ഒരു കൈ അറ്റ നിലയിലായിരുന്നു. ശരീരത്തിൽ നിന്ന് രക്തം പൂർണമായും വാർന്നുപോയിരുന്നു. ഇലന്തൂർ നരബലി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സരോജിനിയുടെ ബന്ധുക്കളിൽ സംശയം ഉടലെടുത്തത്. നരബലി നടത്തിയ ഭഗവൽ സിംഗിന്റെ വീടിന് ഒന്നരകിലോമീറ്റർ അകലെയാണ് സരോജിനിയുടെ വീട്. മൃതദേഹം കുളിപ്പിച്ച നിലയിലായിരുന്നുവെന്ന് മകൻ ആരോപിക്കുന്നു.

നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.ഈ മാസം പതിനൊന്നിനാണ് പത്തനംതിട്ടയിൽ നരബലി നടന്നുവെന്ന വാർത്ത പുറത്തുവന്നത്. സംഭവത്തിൽ ഭഗവൽ സിങ്, ഷാഫി, ലൈല എന്നീ പ്രതികളെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. അതേസമയം, കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫി നേരത്തെ താമസിച്ചിരുന്ന സ്ഥലങ്ങളിൽ നിന്ന് കാണാതായ സ്ത്രീകളുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുക്കയാണ്.

കാണാതായാൽ പരാതി പോലും നൽകില്ലെന്ന് ഉറപ്പുള്ളവരെയാണ് ഷാഫി നോട്ടമിട്ടിരുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ കൊച്ചി നഗരപരിധിയിൽ നിന്നും 14 സ്ത്രീകളെയാണ് കാണാതായത്. പത്തനംതിട്ട ജില്ലയിൽ ഇക്കാലയളവിൽ 12 സ്ത്രീകളെയും കാണാതായിട്ടുണ്ട്. ഇവരിൽ ഒളിച്ചോടിയവരുണ്ടാകാമെങ്കിലും ഓരോ കേസും പ്രത്യേകം അന്വേഷിക്കാനാണ് തീരുമാനം.

കളമശേരിയിൽ സ്ത്രീയെ ഷാഫി ചവിട്ടിക്കൊന്നെന്ന സുഹൃത്തിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. നരബലിക്ക് ഇരയായ പത്മയെയും റോസ്ലിയെയും കൂടാതെ മറ്റ് ചില സ്ത്രീകളെയും പണം വാഗ്ദാനം ചെയ്ത് ഷാഫി സമീപിച്ചിരുന്നു എന്നത് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകൾ കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നു. പത്തനംതിട്ടയിലെത്താൻ തനിക്ക് അരലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നായിരുന്നു റോസ്ലിയുടെ സുഹൃത്തായ യുവതി പറഞ്ഞത്. ഇത്തരത്തിൽ പല സ്ത്രീകളെയും ഷാഫി സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.