- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോസാപ്പൂവ് പ്രൊഫൈൽ ചിത്രമായുള്ള ശ്രീദേവി എന്ന കള്ള അക്കൗണ്ട് തുറന്നത് മുഹമ്മദ് ഷാഫി തന്നെയോ? പ്രൊഫൈൽ ഉണ്ടാക്കിയത് ഷാഫിയുടെ ഭാര്യ നബീസയുടെ ഫോണിൽ; ഫോണിനായി ഗാന്ധിനഗറിലെ ഷാഫിയുടെ വീട്ടിൽ പരിശോധന; ഭാര്യയെയും ചോദ്യം ചെയ്യുന്നു; പൊലീസ് ക്ലബ്ബിലെ ചോദ്യംചെയ്യലിൽ ഒന്നും വിട്ടുപറയാതെ ഷാഫിയും
കൊച്ചി: ഇലന്തൂർ ഇരട്ടനരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ ഗാന്ധിനഗറിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. പ്രതിയുടെ ഭാര്യ നബീസയെ ചോദ്യംചെയ്യുകയാണ്. ഷാഫിയെ തെളിവെടുപ്പിനായി കൊണ്ടുവരാൻ ഉദ്ദേശിച്ചിരുന്നെങ്കിലും, ചോദ്യ ചെയ്യൽ പൂർത്തിയാകാത്തതുകൊണ്ട് പൊലീസ് വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. എറണാകുളം പൊലീസ് ക്ലബ്ബിലാണ് ഷാഫിയെ ചോദ്യം ചെയ്യുന്നത്.
ഷാഫിയുടെ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത അന്വേഷണ സംഘം മുഖ്യതെളിവായ ഫോണാണ് കണ്ടെടുക്കാൻ ശ്രമിക്കുന്നത്. ഷാഫിയുടെ ഭാര്യ നബീസയുടെ ഫോണിലാണ് ശ്രീദേവി എന്ന കള്ള പ്രൊഫൈലുണ്ടാക്കിയത്. ഇത് കേസിലെ മുഖ്യ തെളിവാണ്. ശ്രീദേവി എന്ന പേരിലുള്ള അക്കൗണ്ടിലൂടെയായിരുന്നു ഭഗവൽ സിംഗിനെ ഷാഫി പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള മൂന്ന് വർഷത്തെ നൂറിലേറെ പേജുള്ള ചാറ്റുകൾ പൊലീസ് പരിശോധിക്കുകയാണ്.
റോസാപ്പൂവ് പ്രൊഫൈൽ ചിത്രമായുള്ള 'ശ്രീദേവി'യുമായി മൂന്ന് വർഷത്തോളമാണ് ഭഗവൽ സിങ് നിരന്തരം ചാറ്റ് നടത്തിയത്. ആ വിശ്വാസമായിരുന്നു ഷാഫിയുടെ ആയുധമെന്നാണ് പൊലീസ് വിലയിരുത്തൽ. ഒടുവിൽ പൊലീസ് ക്ലബ്ബിൽ വെച്ച് ഷാഫിയാണ് 'ശ്രീദേവി' എന്ന് ഡിസിപി വെളിപ്പെടുത്തിയപ്പോഴാണ് ഭഗവൽ സിങ് നിജസ്ഥിതി അറിയുന്നത്. 'തന്നെ വഞ്ചിച്ചല്ലോ' എന്നായിരുന്നു ഇതിനോടുള്ള ഭഗവൽ സിംഗിന്റെ പ്രതികരണം. ഇതുകേട്ട് ലൈലയും തകർന്നു പോയെന്നും പിന്നീട് അവർ പത്മയേയും റോസ്ലിയേയും എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞിരുന്നു.
ഷാഫിയുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ പ്രവേശിക്കാൻ കഴിഞ്ഞെങ്കിലും, ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള പ്രതി സ്വന്തമായാണോ പ്രൊഫൈലുണ്ടാക്കി ചാറ്റു ചെയ്തത് എന്ന കാര്യത്തിൽ പൊലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. താൻ ഒറ്റയ്ക്കാണ് പ്രൊഫൈലുണ്ടാക്കിയത് എന്നാണ് ഷാഫിയുടെ മൊഴിയെങ്കിലും, നബീസയോ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വ്യക്തത വന്നേക്കും.
കഴിഞ്ഞ മാസാവസാനം കൊലപ്പെടുത്തിയ പത്മയുടെ സ്വർണം പണയം വച്ചപ്പോൾ ലഭിച്ച തുകയുടെ ഒരു ഭാഗം തന്നെ ഏൽപിച്ചിരുന്നതായി ഷാഫിയുടെ ഭാര്യ നഫീസ നേരത്തെ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ബാക്കി തുക കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. നാലര പവൻ സ്വർണം ഗാന്ധിനഗറിലെ സ്ഥാപനത്തിൽ പണയം വച്ച് 11000 രൂപ ലഭിച്ചതായി പ്രതി സമ്മതിച്ചിരുന്നു. ഇതേ തുടർന്ന് സ്വർണം പണയം വച്ച ഗാന്ധിനഗറിലെ സ്ഥാപനത്തിലും പ്രതിയുമായി പൊലീസ് തെളിവെടുപ്പിനായി എത്തും. ഇതിനു പുറമേ പ്രതി പത്മയെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയ ചിറ്റൂർ റോഡിലും ഇയാളുടെ ചിറ്റൂർ റോഡിലെ സ്ഥാപനത്തിലും മുഖ്യ പ്രതിയുമായി പൊലീസ് എത്തി തെളിവു ശേഖരണം നടത്തും.
വ്യാജ ഫേസ്‌ബുക്കിലൂടെ മറ്റാരെയെങ്കിലും ഷാഫി വലയിലാക്കിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 2019ലാണ് ഷാഫി വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ ഭഗവൽ സിംഗുമായി ബന്ധം സ്ഥാപിക്കുന്നത്. ശ്രീദേവി എന്ന പേരിൽ ഭഗവൽ സിംഗിൽ വിശ്വാസം നേടിയ ഷാഫി, അത് ഊട്ടി ഉറപ്പിക്കാൻ ഒരു ലൈംഗിക തൊഴിലാളിയുടെയും സഹായം തേടിയെന്ന റിപ്പോർട്ടും നേരത്തെ പുറത്ത് വന്നിരുന്നു. എറണാകുളം ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് കണ്ടെത്തിയ ലൈംഗിക തൊഴിലാളിയെ കൊണ്ട് ഫോണിൽ ഭഗവൽ സിംഗിനെ വിളിപ്പിച്ചു. ജീവിത പ്രശ്നങ്ങളും ശ്രീദേവി ഭഗവൽ സിംഗിനോട് പങ്കുവെച്ചു. ഗൾഫിൽ വെച്ച് ഭർത്താവ് കള്ളക്കേസിൽ ജയിലിലായെന്നും തൂക്കിക്കൊല്ലാൻ വിധിച്ചെന്നുമായിരുന്നു ഷാഫിയുടെ നിർദ്ദേശ പ്രകാരം ശ്രീദേവി പറഞ്ഞത്. ഒടുവിൽ ആഭിചാരത്തിന്റെ സഹായത്താൽ രക്ഷപ്പെട്ടുവെന്നും പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ