- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
10 കിലോ മനുഷ്യമാംസം വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചു; കറി വച്ച് കഴിച്ചത് ഭഗവൽ സിംഗും ഷാഫിയും; ലൈല കഴിച്ചില്ല; തെളിവെടുപ്പിൽ നിർണായകമായത് ഫ്രിഡ്ജിൽ രക്തക്കറ കണ്ടെത്തിയത്; ഇലന്തൂർ വീട്ടുപറമ്പിൽ ഇനി മൃതദേഹ അവശിഷ്ടം ഉണ്ടാവാനുള്ള സാധ്യത ഇല്ലെന്നും അന്വേഷണ സംഘം
ഇലന്തൂർ: നരബലി നടന്ന ഇലന്തൂരിലെ കടകംപള്ളി വീട്ടുവളപ്പിൽ പൊലീസ് അരിച്ചു പെറുക്കിയതോടെ, വീട്ടിനുള്ളിലെ ഫ്രിഡ്ജിൽ രക്തക്കറ കണ്ടെത്തിയത് നിർണായകമായി. നരഭോജനം അടക്കം പ്രതികൾ സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. ഇന്നത്തെ തെളിവെടുപ്പിന് മൂന്നുപ്രതികളെയും സ്ഥലത്തത്തിച്ചിരുന്നു. തെളിവെടുപ്പിനൊപ്പം നായകളെ ഉപയോഗിച്ചുള്ള പരിശോധനയും നടന്നു.
ഭഗവൽ സിംഗും ഷാഫിയുമാണ് മനുഷ്യമാംസം കറിവെച്ച് കഴിച്ചത്. ലൈല കഴിച്ചിട്ടില്ല. പ്രഷർ കുക്കറിലാണ് ഇത് പാചകം ചെയ്ത് കഴിച്ചത്. 10 കിലോ മനുഷ്യ മാംസം പ്രതികൾ ഫ്രീസറിൽ സൂക്ഷിച്ചിരുന്നെന്നും കണ്ടെത്തി. രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളുമടക്കമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നത്.
നരബലി നടന്ന മുറിയിൽ നടത്തിയ പരിശോധനയിൽ രക്തക്കറയും മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. കൊലപാതകം നടത്തിയ മുറിയുടെ ചുവരിൽ നിന്നാണ് പുതിയതും പഴയതുമായ രക്തക്കറകൾ കണ്ടെത്തിയത്. ഇത് റോസ്‌ലിന്റെതും പത്മയുടേതുമാണെന്നാണ് വ്യക്തമാകുന്നത്. ഇതിനൊപ്പം തന്നെ തെളിവെടുപ്പിനിടെ കൊലപാതകം പ്രതികൾ പുനരാവിഷ്‌കരിക്കുകയും ചെയ്തു. അതി ക്രൂരമായാണ് രണ്ടുപേരെയും കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ രീതിയടക്കം പ്രതികൾ ഡമ്മി പരീക്ഷണത്തിൽ വിശദീകരിച്ചു. ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളെ കൊച്ചിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. എന്നാൽ തെളിവെടുപ്പ് പൂർണമായും അവസാനിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ഷാഫിക്ക് ഒരു കൂസലുമുണ്ടായിരുന്നില്ലെന്നാണ് ഡിസിപി എസ്.ശശിധരൻ വ്യക്തമാക്കിയത്. നരബലി നടത്തിയ സ്ഥലത്തും രക്തക്കറ കണ്ടുപിടിച്ച സ്ഥലങ്ങളിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ ഇടത്തും മനുഷ്യമാംസം സൂക്ഷിച്ചിരുന്ന ഫ്രഡ്ജിനടുത്തുമെല്ലാം എത്തിച്ച് തെളിവെടുത്തപ്പോഴും കൊലപാതകം വിശദീകരിച്ചപ്പോഴും ഷാഫിക്ക് ഒരു കൂസലുമുണ്ടായിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. എന്നാൽ കൂട്ടുപ്രതികളായ ഭഗവൽ സിംഗിനും ലൈലയ്ക്കും കുറ്റബോധമുണ്ടെന്ന ശരീര ഭാഷയായിരുന്നെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.
എല്ലായിടത്തും വിശദമായ പരിശോധന പരമാവധി നടത്തിയെന്നും അന്വേഷണ സംഘം വിവരിച്ചു. ഇലന്തൂർ വീട്ടുപറമ്പിൽ ഇനിയൊരു മൃതദേഹ അവശിഷ്ടം ഉണ്ടാവാനുള്ള സാധ്യത ഇല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കൂടുതൽ നരബലികൾ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടാകാൻ ഇക്കാര്യത്തിൽ സ്ഥിരീകരണം ആവശ്യമായിരുന്നു. ഇനിയും കുഴിച്ച് പരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
പ്രതികളുടെ കുറ്റസമ്മത മൊഴി അടിസ്ഥാനമാക്കി രണ്ടിടത്താണ് പ്രധാനമായും പരിശോധന നടന്നത്. വീടിനോട് ചേർന്ന കാവിലും പരിസരത്തും വീടിന്റെ തെക്കു ഭാഗത്തുമായിട്ടാണ് പരിശീലനം സിദ്ധിച്ച പൊലീസ് നായകളെ നിയോഗിച്ച് പരിശോധന നടന്നത്. പുറത്ത് നായകളുടെ പരിശോധന നടക്കുന്നതിനിടെ വീടിനുള്ളിൽ സയന്റിഫിക് പരിശോധന പൂർത്തിയായി. അതിന് ശേഷമാണ് പ്രതികളെ ഓരോന്നായി ഉപയോഗിച്ച് ഡമ്മി പരിശോധനയും ചോദ്യം ചെയ്യലും നടന്നത്.
കോടതി കസ്റ്റഡിയിൽ വിട്ട മൂന്നു പ്രതികളുമായിട്ടുള്ള തെളിവെടുപ്പിൽ നിർണായക പങ്കു വഹിച്ചത് മായ, മർഫി എന്നീ പരിശീലനം സിദ്ധിച്ച രണ്ടു നായകളാണ്. പറമ്പിലെ കാവിന് സമീപം നായകൾ അസ്വാഭാവികമായി പ്രതികരിച്ചതിനെ തുടർന്ന് ഇവിടം കുഴിച്ചു നോക്കിയിരുന്നു.
മൂന്നു വാഹനങ്ങളിലായിട്ടാണ് മൂന്നു പ്രതികളെ എത്തിച്ചത്. ആദ്യത്തേതിൽ ഷാഫിയും രണ്ടാം വാഹനത്തിൽ ലൈലയും മൂന്നാമത്തേതിൽ ഭഗവൽ സിങ്ങുമായിരുന്നു. നായകൾ അസ്വാഭാവികമായി പ്രതികരിച്ചതിനെ തുടർന്ന് ഭഗവൽ സിങ്ങിനെ മാത്രം ആ സ്ഥലത്തേക്ക് കൊണ്ടു വന്നു. അഞ്ചു മിനുട്ടോളം സിങ്ങുമായി പൊലീസ് സംസാരിച്ചു. അതിന് ശേഷം ഇയാളെ വാഹനത്തിലേക്ക് മടക്കി.
മറ്റു രണ്ടു പേരെയും ഒഴിവാക്കി ഭഗവൽ സിങ്ങിനെ മാത്രം പൊലീസ് ആശ്രയിക്കുന്നത് സത്യം തിരിച്ചറിയാനുള്ള മാർഗമാണെന്ന് വേണം കരുതാൻ. വൈദ്യനെ മാപ്പുസാക്ഷിയാക്കിയാകും തുടരന്വേഷണം നടക്കുക. ദൃക്സാക്ഷിയില്ലാത്ത കേസിൽ മാപ്പുസാക്ഷിക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ