തിരുവനന്തപുരം: എംഎൽഎ എൽദോസ് കുന്നപ്പള്ളിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരത്തെ അദ്ധ്യാപിക. പൊലീസിനെതിരേയും ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നു. കോവളത്ത് സൂയിസയിഡ് പോയിന്റിൽ വച്ച് തന്നെ മർദ്ദിക്കുന്നത് നാട്ടുകാർ കണ്ടെന്നും പൊലീസിനെ നാട്ടുകാരാണ് വിവരം അറിയിച്ചതെന്നും യുവതി ആരോപിച്ചു. അപ്പോൾ പൊലീസ് എത്തിയെന്നും പ്രശ്‌നമില്ലെന്ന് പറഞ്ഞ് എംഎൽഎ മടക്കിയെന്നും യുവതി പറയുന്നു. തന്റെ വൈഫാണ് എന്ന് എംഎൽഎ കളവ് പറഞ്ഞെന്നും യുവതി പറയുന്നു. അതീവ ഗുരുതര ആരോപണമാണ് യുവതി ഉന്നയിക്കുന്നത്.

വീട്ടിൽ വന്നും എംഎൽഎ മർദ്ദിച്ചു. എംഎൽഎ തന്നെ ആശുപത്രിയിൽ കൊണ്ടു പോയിട്ടുണ്ട്. കന്യാകുമാരിയിൽ കടലിൽ ചാടി ചാടാൻ പോകുമ്പോൾ തമിഴ്‌നാട് പൊലീസാണ് തന്നെ രക്ഷിച്ചത്. അവരാണ് നാഗർകോവിലിലേക്ക് ബസ് കയറ്റി വിട്ടത്. അവിടെ നിന്ന് മധുരയിലേക്ക് പോയി. അപ്പോഴാണ് കാണാനില്ലെന്ന കേസിനെ കുറിച്ച് അറിഞ്ഞത്. അങ്ങനെയാണ് വഞ്ചിയൂരിൽ എത്തിയത്. വലിയ പീഡനമാണ് എംഎൽഎയുടെ നേതൃത്വത്തിൽ നടന്നത്. കേസ് കൊടുത്ത ശേഷം വിഴിഞ്ഞത്ത് വച്ച് കോവളം സിഐയെ കണ്ടു. കേസ് പിൻവലിച്ചാൽ 20 ലക്ഷം രൂപ തരാമെന്ന് എംഎൽഎ പറഞ്ഞു. എന്നാൽ അതിന് താനില്ലെന്ന് വിശദീകരിച്ചു. പിന്നീട് വഞ്ചിയൂരിൽ അഭിഭാഷകയുടെ മുന്നിലും ഒത്തുതീർപ്പ് ശ്രമം നടന്നു. 30 ലക്ഷമാണ് അന്ന് ഓഫറായത്. അതു വേണ്ടെന്ന് വച്ച് താൻ ഒളിച്ചോടി-ഇതാണ് അദ്ധ്യാപികയുടെ വെളിപ്പെടുത്തൽ.

എംഎൽഎയുടെ ഫ്രണ്ട് വഴിയാണ് എംഎൽഎയെ പരിചയപ്പെട്ടത്. പിന്നീട് വീട്ടിൽ നിരന്തരം കയറി വന്ന് എംഎൽഎ പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തി. തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. നിരവധി ഒത്തുതീർപ്പുകൾ നടന്നു. മാറൻപ്പള്ളിയിലുള്ള യുവതി തന്നെ ഭീഷണിപ്പെടുത്തി. 14 ദിവസം റിമാൻഡ് ചെയ്യും. നീ കാശുകാരിയാണെന്നും ഭീഷണിപ്പെടുത്തി. അതിന് ശേഷം പൊലീസുകാരനേയും കൊണ്ട് ഭീഷണിപ്പെടുത്തി. അതിന് ശേഷവും വീട്ടിലെത്തി എംഎൽഎ ഭീഷണിപ്പെടുത്തി. ഇതിന് ശേഷമാണ് പൊലീസിൽ കേസു കൊടുത്തത്. തന്നെ ഭീഷണിപ്പെടുത്തിയത് കോൺഗ്രസിന്റെ മുൻ വാർഡ് മെമ്പറാണെന്നും യുവതി പറഞ്ഞു. ഇതിന് പുറമേ എംഎൽഎയുടെ സുഹൃത്തുക്കളും കേസ് ഒത്തുതീർപ്പാക്കാൻ ബന്ധപ്പെട്ടു.

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി തന്നെ പല സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിക്കാരി പറയുന്നത്. വഞ്ചിയൂർ കോടതിയിലാണ് അദ്ധ്യാപിക കൂടിയായ യുവതി മൊഴി നൽകിയത്. കോവളത്ത് കാറിൽ വെച്ച് കൈയേറ്റം ചെയ്‌തെന്നും ഇവർ മജിസ്‌ട്രേറ്റിനോട് പറഞ്ഞു. കാറിൽ വെച്ച് തന്നെ കൈയേറ്റം ചെയ്ത സംഭവത്തിൽ താൻ പരാതി നൽകിയതോടെ ഒത്തുതീർക്കാൻ സമ്മർദ്ദം ഉണ്ടായെന്നും പണം വാഗ്ദാനം ചെയ്‌തെന്നും യുവതി മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിലുണ്ട്. ഈ മൊഴിയിൽ പൊലീസ് കുന്നപ്പള്ളിക്കെതിരെ ജാമ്യമില്ലാ കേസെടുത്തിരുന്നു.

കോവളത്ത് വെച്ച് കാറിൽ യാത്ര ചെയ്യുമ്പോൾ മർദ്ദിച്ചുവെന്നാണ് ഒരാഴ്ച മുൻപ് സ്ത്രീ നൽകിയ പരാതി. എന്നാൽ മൊഴി നൽകാൻ ഇവർ തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഇവരെ കാണാനില്ലെന്ന് കാട്ടി സുഹൃത്ത് കോവളം പൊലീസിൽ വീണ്ടും പരാതി നൽകി. പൊലീസ് യുവതിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തനിക്ക് വീട്ടിൽ നിൽക്കാൻ കഴിയുന്നില്ലെന്നും അതിയായ സമ്മർദ്ദമുണ്ടെന്നും പറഞ്ഞു. അതിന് ശേഷമാണ് മൊഴി എടുത്തത്.

കാണാതായെന്ന പരാതിയിൽ കേസെടുത്ത സാഹചര്യത്തിൽ യുവതിയെ കൂട്ടിക്കൊണ്ടുവന്ന പൊലീസ് ഇവരെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. മജിസ്‌ട്രേറ്റിന് മുൻപിൽ എത്തിയപ്പോൾ നേരത്തെ നൽകിയ പരാതിയേക്കാൾ ഗൗരവമാർന്ന ആരോപണങ്ങൾ യുവതി ഉന്നയിച്ചു. എംഎൽഎ പല സ്ഥലങ്ങളിൽ തന്നെ കൊണ്ടുപോയി പീഡിപ്പിച്ചെന്നും, കാറിൽ വെച്ച് കൈയേറ്റം ചെയ്‌തെന്ന പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്‌തെന്നും ഡിജിറ്റൽ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും ഇവർ മജിസ്‌ട്രേറ്റിന് മൊഴി നൽകി.

പൊലീസിനെതിരെയും സ്ത്രീ പരാതി ഉന്നയിച്ചു. ഒരാഴ്ച മുൻപ് പരാതി നൽകിയെങ്കിലും കേസ് ഒത്തുതീർക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായെന്ന് അവർ പറഞ്ഞു. ഒരു തരത്തിലുള്ള അട്ടിമറിയും നടന്നിട്ടില്ലെന്നും രണ്ട് തവണ മൊഴി നൽകാൻ വിളിപ്പിച്ചെങ്കിലും സ്ത്രീ തയ്യാറായില്ലെന്നും ബന്ധുക്കളുമായി ചർച്ച ചെയ്ത ശേഷം മൊഴി രേഖപ്പെടുത്താമെന്നുമാണ് പരാതിക്കാരി പറഞ്ഞതെന്നും പൊലീസ് പറയുന്നു. ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം തങ്ങൾക്ക് നൽകിയ പരാതിയിൽ സ്ത്രീ ആരോപിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നുണ്ട്.

ഒന്നര വർഷത്തോളമായി എംഎൽഎയുമായി സൗഹൃദമുണ്ടെന്ന് സ്ത്രീ പറഞ്ഞതായാണ് പൊലീസ് ഭാഷ്യം. പരാതിക്കാരി ലൈംഗിക പീഡനം നടന്നതായി മൊഴി നൽകിയാൽ തക്കതായ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. കോവളം പൊലീസ് ഇന്ന് പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിലാവും എംഎൽഎക്കെതിരായ നടപടികൾ. അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും പൊലീസ് അന്വേഷിക്കട്ടെ എന്നുമാണ് എൽദോസ് കുന്നപ്പള്ളി എംഎൽഎ പ്രതികരിച്ചത്.

കഴിഞ്ഞമാസം 14നാണ് കോവളത്ത് സൂയിസൈഡ് പോയിന്റിന് സമീപം കാറിൽ വെച്ച് എൽദോസ് കുന്നപ്പിള്ളി മർദ്ദിച്ചതെന്നാണ് അദ്ധ്യാപികയായ സ്ത്രീ പൊലീസിന് ആദ്യം നൽകിയ പരാതി. സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതി കോവളം പൊലീസിന് കൈമാറുകയായിരുന്നു. ആലുവ സ്വദേശിയായ സ്ത്രീ തിരുവനന്തപുരത്തെ സ്‌കൂളിലെ അദ്ധ്യാപികയാണ്. സ്ത്രീത്വത്തെ അപമാനിക്കൽ, തട്ടിക്കൊണ്ടുപോകൽ, അതിക്രമിച്ചു കടക്കൽ, മർദിക്കൽ തുടങ്ങിയതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

എംഎ‍ൽഎക്കെതിരെ മൊഴി നൽകുന്നതിനിടെ പരാതിക്കാരി കോവളം പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞ് വീണു. കുന്നപ്പിള്ളിയ്‌ക്കെതിരെയുള്ള പരാതി അന്വേഷിക്കാൻ രണ്ടംഗസമിതിയെ കെപിസിസി നിയോഗിച്ചിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത കോവളം പൊലീസ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. തുടർനടപടികൾ പുതിയ അന്വേഷണസംഘമാകും തീരുമാനിക്കുക.