തിരുവനന്തപുരം: സ്വപ്‌നാ സുരേഷിന്റെ തെളിവ് പുറത്തു വിടൽ സർക്കാരിനെ പ്രതിരോധത്തിലാക്കുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ പുതു മാർഗ്ഗം തേടുന്നുവെന്ന് റിപ്പോർട്ട്. പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കു മുൻകൂർജാമ്യം അനുവദിച്ച കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നതിന് പിന്നിൽ ഈ ആലോചനയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ശ്രീരാമകൃഷ്ണനെതിരെ ചില ഫോട്ടോകൾ സ്വപ്‌ന പുറത്തു വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കുന്നപ്പിള്ളിയെ അറസ്റ്റു ചെയ്ത് ജയിലിൽ അടച്ച് ചർച്ചകൾ വഴി മാറ്റാനുള്ള തീരുമാനം എന്നാണ് റിപ്പോർട്ട്. കുടുക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചെന്നും അതുകൊണ്ടാണ് കുന്നപ്പിള്ളിക്കെതിരെ വളഞ്ഞ വഴിയിലെ നീക്കമെന്നും വാർത്ത നൽകുന്നത് മനോരമയാണ്.

അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാകും ഹർജി നൽകുക. എംഎൽഎയ്‌ക്കെതിരെ തെളിവുകളുണ്ടെന്നും കീഴ്‌ക്കോടതി ഇത് പരിഗണിച്ചില്ലെന്നും ഹർജിയിൽ അറിയിക്കാനാണ് നീക്കം. എൽദോസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിലും അതില്ലെന്നു വരുത്തി ഹൈക്കോടതിയെ സമീപിക്കാനുള്ള പദ്ധതി അന്വേഷണ സംഘം പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായി ചർച്ചചെയ്തു. സ്വപ്ന സുരേഷിന്റെ പുത്തൻ ആരോപണങ്ങളിൽ പുളയുന്ന പാർട്ടി നേതൃത്വത്തിന് ഒരു പിടിവള്ളി ആവശ്യമാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു പ്രധാനി പൊലീസ് ഉന്നതരെ അറിയിച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തു വിടുന്നത് മലയാള മനോരമയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനെ കുറിച്ച് വാർത്തയിൽ പറയുന്നുമില്ല.

ജാമ്യവ്യവസ്ഥ പ്രകാരം ശനിയാഴ്ച രാവിലെ എൽദോസ് സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലെ അസി. കമ്മിഷണർ അനിൽ കുമാർ മുൻപാകെ ഹാജരായി. രാത്രിവരെ എൽദോസിനെയും പഴ്‌സനൽ അസിസ്റ്റന്റ് ഡാമി പോൾ, ഡ്രൈവർ അഭിജിത് എന്നിവരെയും ചോദ്യംചെയ്തു. മൊബൈൽ ഫോൺ കൈമാറിയെങ്കിലും എസി അതു കൈപ്പറ്റിയില്ല. ഇപ്പോൾ വേണ്ട എന്നായിരുന്നു മറുപടി. എന്നാൽ, പാസ്‌പോർട്ട് നെയ്യാറ്റിൻകര കോടതിയിൽ എൽദോസിന്റെ അഭിഭാഷകൻ കുറ്റിയാണി സുധീർ ഹാജരാക്കി. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്തു. അപ്പോഴും മൊബൈൽ ഫോൺ കൈപ്പറ്റാൻ പൊലീസ് തയാറായില്ല. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നു സെഷൻസ് കോടതി ഉത്തരവുള്ളതിനാൽ ജാമ്യക്കാരെ ഹാജരാക്കാമെന്നു പറഞ്ഞു.

ഇപ്പോൾ വേണ്ട, അറിയിക്കാമെന്നായിരുന്നു മറുപടി. ഇന്നലെ ഹാജരാകേണ്ടതില്ലെന്നും ഇന്നു രാവിലെ ഹാജരാകണമെന്നും എൽദോസിനെ അറിയിച്ചിട്ടുണ്ട്. സെഷൻസ് കോടതി ഉത്തരവു ഹൈക്കോടതി റദ്ദാക്കിയാൽ എൽദോസിനെ അറസ്റ്റ് ചെയ്യാനാണ് ആലോചന. അതിനാലാണ് 2 ദിവസം മുഴുവൻ ചോദ്യം ചെയ്തിട്ടും സെഷൻസ് കോടതി വ്യവസ്ഥ പ്രകാരം അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിടാത്തത്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് മനോരമ വാർത്തയിൽ നിറയുന്ന വസ്തുത. 11 നിബന്ധനകളോടെയാണ് അഡീഷനൽ സെഷൻസ് കോടതി എൽദോസിനു മുൻകൂർ ജാമ്യം അനുവദിച്ചത്.

31 വരെ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന ഘട്ടത്തിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിരുന്നു. ജാമ്യഉത്തരവിൽ പരാതിക്കാരിയെയും വിമർശിച്ചിരുന്നു.
അതിനിടെ് കുന്നപ്പിള്ളിക്കെതിരെ പൊലീസ് വീണ്ടും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വക്കീൽ ഓഫിസിൽവച്ച് പരാതിക്കാരിയായ യുവതിയെ മർദിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിനും മർദനത്തിനുമാണ് കേസെടുത്തത്. കഴിഞ്ഞ മാസം 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീടു കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു.

കമ്മിഷണർ കോവളം സിഐയ്ക്ക് പരാതി കൈമാറിയെങ്കിലും ഒക്ടോബർ എട്ടിനാണ് യുവതിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കേസ് ഒത്തുതീർപ്പാക്കാൻ സിഐ ശ്രമിച്ചെന്നു യുവതി ആരോപിച്ചതിനെ തുടർന്ന് കോവളം സിഐയെ സ്ഥലം മാറ്റി. എൽദോസിനെ കെപിസിസി അംഗത്വത്തിൽനിന്ന് ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.