തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്ക് എതിരായ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ബലാത്സംഗത്തിന് പുറമേ, വധശ്രമം അടക്കമുള്ള കുറ്റങ്ങളും എൽദോസിനെതിരെ ചുമത്തിയിട്ടുണ്ട്. എൽദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്.

യുവതിയെ എംഎ‍ൽഎ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്ന് കുറ്റപത്രത്തിൽ പറയുന്നു. അടിമലത്തുറയിലെ റിസോർട്ടിൽ വച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 04നാണ് ഇത് സംഭവിച്ചത്. തുടർന്നും ഇത് ആവർത്തിച്ചതായി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു.

ഇതിനിടെ കോവളത്ത് വെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു. എംഎൽഎ ബലാത്സംഗം ചെയ്തത് അഞ്ച് വർഷമായി പരിചയമുള്ള യുവതിയെയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ എംഎൽഎ ജാമ്യത്തിലാണ്.

കേസ് ഒത്തുതീർപ്പാക്കാൻ സിഐ. ശ്രമിച്ചെന്നു യുവതി ആരോപിച്ചിരുന്നു. പരാതി പിൻവലിച്ചാൽ 30 ലക്ഷംരൂപ നൽകാമെന്ന് എംഎ‍ൽഎ. വാഗ്ധാനം ചെയ്തിരുന്നുവെന്നും പിന്നീട് യുവതി വെളിപ്പെടുത്തിയിരുന്നു. കേസിൽ നിരപരാധിയാണെന്ന് കാട്ടി എംഎ‍ൽഎ. പിന്നീട് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതും വിവാദമായിരുന്നു. പണം ആവശ്യപ്പെട്ടപ്പോൾ നിരസിച്ചതിനെ തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്നാണ് എൽദോസ് ആരോപിച്ചത്.

ആലുവ സ്വദേശിനിയും തലസ്ഥാന സ്‌കൂൾ അദ്ധ്യാപികയുമായിരുന്നു ആരോപണം ഉന്നയിച്ച യുവതി. തന്നെ ബ്ലാക്‌മെയിൽ ചെയ്യുകായണ് യുവതി ചെയ്തതെന്നാണ് എംഎൽഎ വാദിച്ചത്. യുവതിക്കെതിരെ ഞാറക്കൽ , കാലടി പൊലീസ് സ്റ്റേഷനുകളിൽ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്ന് പ്രതി എൽദോസ് ബോധിപ്പിച്ചിരുന്നു. യുവതി മുമ്പ് നൽകിയ പീഡനക്കേസുകളിൽ പ്രതികളെ കോടതി വെറുതെവിട്ട വിധിന്യായങ്ങളും എൽദോസ് ജാമ്യാപേക്ഷയുടെ വേളയിൽ കോടതിയിൽ ഹാജരാക്കിയിരുന്നു.