- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗഹൃദം സ്ഥാപിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി; ഭീഷണിപ്പെടുത്തി വൻതുക തട്ടി; സ്ഥാനം ഒഴിയണമെന്നും ആവശ്യം; ലിംഗായത്ത് മഠാധിപതി ജീവനൊടുക്കിയത് എൻജിനീയറിങ് വിദ്യാർത്ഥിയുടെ ഹണിട്രാപ്പിൽ കുരുങ്ങി; പിന്നിൽ മറ്റൊരു മഠത്തിലെ സ്വാമി
ബെംഗളൂരു: ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗ മഠത്തിനുള്ളിൽ ജീവനൊടുക്കാൻ ഇടയാക്കിയത് ഇരുപത്തിയൊന്നുകാരിയായ എൻജിനീയറിങ് വിദ്യാർത്ഥിയും മറ്റൊരു മഠത്തിലെ സ്വാമിയും ചേർന്ന് ആസൂത്രണം ചെയ്ത ഹണിട്രാപ്പ് എന്ന് കണ്ടെത്തൽ. ബസവലിംഗയുമായി ശത്രുത പുലർത്തുന്ന കന്നൂർ മഠത്തിലെ മൃത്യുഞ്ജയ സ്വാമിയുടെ ഇടപെടലാണ് ആത്മഹത്യയ്ക്ക് വഴിവച്ചത്.
കർണാടക രാമനഗരയിലെ കാഞ്ചുങ്കൽ ബണ്ടെയിലാണ് സ്വാമിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നു കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതോടെയാണ് വിദ്യാർത്ഥിനിയും സ്വാമിയും പിടിയിലായത്. ബസവലിംഗയുമായി സൗഹൃദം സ്ഥാപിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഏപ്രിൽ മുതലാണ് വിഡിയോ കോളിലൂടെ സ്വാമിയുടെ നഗ്‌നദൃശ്യങ്ങൾ ഉൾപ്പെടെ പെൺകുട്ടി പകർത്തിയത്. പെൺകുട്ടിയും മൃത്യുഞ്ജയയും ചേർന്ന് ബസവലിംഗയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. വൻതുക ഇരുവരും ചേർന്ന് സ്വാമിയിൽ നിന്ന് കൈപ്പറ്റി. സ്ഥാനം ഒഴിയണമെന്നും ഇവർ ആവശ്യപ്പെട്ടു.
കന്നൂർ മഠത്തിലെ സ്വാമിമാരുമായി പ്രശ്‌നം ഉണ്ടായതോടെയാണ് ബസവലിംഗയെ കുടുക്കാൻ തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട് 25 പേരെ പൊലീസ് ചോദ്യം ചെയ്തു. സംഭവത്തിൽ ഇവർ രണ്ടുപേർക്കും മാത്രമേ ബന്ധമുള്ളുവെന്നും കണ്ടെത്തി. മുരുക മഠത്തിലെ സ്വാമി ശിവമൂർത്തി മുരുക, സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെ താനും അറസ്റ്റിലായേക്കുമെന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
ഒക്ടോബർ 24നാണ് നാൽപ്പത്തിയഞ്ചുകാരനായ സ്വാമിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 1997 മുതൽ കാഞ്ചുങ്കൽ ബണ്ടെയിലെ മഠത്തിലെ തലവനാണ് ബസവലിംഗ.
സ്വാമി ബസവലിംഗ ഹണിട്രാപ്പിന് ഇരയായതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഒരു സ്ത്രീയുമായി നടത്തിയ അശ്ലീല വിഡിയോ കോളിന്റെ പേരിൽ പ്രതിയോഗികൾ അദ്ദേഹത്തെ വേട്ടയാടിയിരുന്നുവെന്നായിരുന്നു കണ്ടെത്തൽ. ഇതിനു പിന്നാലെയാണ് യുവതി ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വാമിയുടെ മരണത്തിനു പിന്നാലെ മുറിയിൽനിന്നു കണ്ടെത്തിയ 2 പേജുള്ള ആത്മഹത്യക്കുറിപ്പിൽ തന്നെ അപകീർത്തിപ്പെടുത്തി സ്ഥാനത്തുനിന്നു പുറത്താക്കാൻ ചിലർ ശ്രമിക്കുന്നതായി ആരോപിച്ചിരുന്നു.
സ്വാമി ബസവലിംഗയുമായുള്ള വിഡിയോ കോളുകൾ സ്‌ക്രീൻ റെക്കോർഡ് സംവിധാനം ഉപയോഗിച്ച് യുവതി റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്നതായും ഇത്തരത്തിൽ പകർത്തിയ നാല് അശ്ലീല വിഡിയോകൾ പുറത്തു വിടുമെന്ന് സ്ത്രീയും കൂട്ടാളികളും സ്വാമിയെ ഭീഷണിപ്പെടുത്തിയിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, അജ്ഞാതയായ ഒരു യുവതിയാണ് തന്നോടിത് ചെയ്തതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ സ്വാമി വെളിപ്പെടുത്തിയത്.
1997ലാണ് ബസവലിംഗ മഠാധിപതിയായി സ്ഥാനമേറ്റത്. കർണാടക രാമനഗരയിലെ കാഞ്ചുങ്കൽ ബണ്ടെയിൽ കഴിഞ്ഞ തിങ്കളാഴ് രാവിലെ പൂജാസമയം കഴിഞ്ഞിട്ടും മുറിയിൽനിന്നു സ്വാമി പുറത്തിറങ്ങാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരുവർഷത്തിനിടെ കർണാടകയിൽ ജീവനൊടുക്കിയ മൂന്നാമത്തെ മഠാധിപതിയാണ് ബസവലിംഗ സ്വാമി. ഡിസംബറിൽ രാമനഗരയിലെ പ്രധാന മഠമായ ചിലുമെ മഠത്തിലെ മഠാധിപതി ജീവനൊടുക്കിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളായിരുന്നു ആത്മഹത്യയ്ക്കു പിന്നിൽ. കഴിഞ്ഞമാസം ബെലഗാവിയിലെ ശ്രി ഗുരുമദിവലേശ്വർ മഠത്തിന്റെ മഠാധിപതി ബസവ സിദ്ധലിംഗ സ്വാമിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ