- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മുഖ്യമന്ത്രിക്കും മകൾക്കുമൊപ്പം സിപിഎമ്മിനേയും വെട്ടിലാക്കുന്ന നിരീക്ഷണങ്ങൾ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരേ നിർണായക റിപ്പോർട്ടുമായി രജിസ്ട്രാർ ഓഫ് കമ്പനീസ് വരുമ്പോൾ വെട്ടിലാകുന്നത് സിപിഎം. സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ എക്സാലോജിക്കിനായില്ല. കമ്പനീസ് ആക്ട് സെക്ഷൻ 188 ന്റെ ലംഘനം നടന്നതായും ആർഒസി റിപ്പോർട്ടിൽ പറയുന്നു. വീണാ വിജയനോട് വിശദീകരണം തേടിയ ശേഷമാണ് നിർണ്ണായക നിരീക്ഷണങ്ങൾ. ഈ വിഷയത്തിൽ വീണയെ പ്രതിരോധിച്ചിരുന്നത് സിപിഎമ്മാണ്. മുഖ്യമന്ത്രി പിണറായി വിജയനും ചിലത് പറഞ്ഞു. അവരുടെ വിശദീകരണങ്ങൾക്ക് വിരുദ്ധമാണ് ഇപ്പോൾ പുറത്തു വരുന്ന രേഖകൾ തെളിയിക്കുന്നത്.
എക്സാലോജിക്കിന്റെ ഭാഗം കേൾക്കാതെയാണ് ഇന്റ്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിട്ടത് എന്നായിരുന്നു തുടക്കം മുതൽ മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും പ്രധാന വാദം. എന്നാൽ ആർഒസി വിശദാംശങ്ങൾ തേടിയിട്ടും എക്സാലോജിക്കിന് ഒരു രേഖ പോലും ഹാജരാക്കാനായില്ലെന്നതാണ് ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. ഇഡിക്കും സിബിഐയ്ക്കും അന്വേഷണം പോകാനുള്ള സാധ്യതയും ഉണ്ട്. കരാർ വിവരങ്ങൾ പോലും ഹാജരാക്കാൻ കഴിയാത്തത് വീണാ വിജയന് പ്രതിരോധം തീർക്കാൻ ഒരുങ്ങുന്നവർക്ക് ഇനി വെല്ലുവളിയാകും.
രണ്ടു കമ്പനികൾ തമ്മിലുള്ള ഇടപാട് ആണെന്ന വാദം ഇവിടെ വില പോകില്ല. ഇതിന് കാരണം സിഎംആർഎല്ലിൽ സർക്കാർ കമ്പനിയായ കെഎസ്ഐഡിക്കുള്ള ഓഹരിയാണ്. അതുകൊണ്ട് തന്നെ ഖജനാവുമായി ബന്ധപ്പെട്ടതാണ് ഈ വിഷയമെല്ലാം. ആർക്കും പരാതി നൽകാനും വിശദീകരണം ചോദിക്കാനുമെല്ലാം കഴിയും. ഷോൺ ജോർജാണ് പരാതിക്കാരൻ. ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്ക് ഷോൺ ജോർജ് തയ്യാറല്ല. അതുകൊണ്ട് തന്നെ ഈ പരാതിയും കേസുമെല്ലാം ആർക്കും അട്ടിമറിക്കാൻ കഴിയില്ല. അഴിമതിയും കള്ളപ്പണം വെളുപ്പിക്കലുമാണ് ആരോപണത്തിൽ. എക്സാലോജിക് എന്ന കമ്പനി പ്രവർത്തനം നിർത്താൻ നൽകിയ അപേക്ഷയും നിയമ വിരുദ്ധമാണെന്ന് ആർ ഒ സി കണ്ടെത്തിയിട്ടുണ്ട്. ഇതും ഗുരുതര വിഷയമായി മാറും.
ഒരു ബാധ്യതയുമില്ലെന്ന് പറഞ്ഞാണ് കമ്പനി മരവിപ്പിക്കാൻ വീണാ വിജയൻ അപേക്ഷ നൽകിയത്. എന്നാൽ ആദായ നികുതി വകുപ്പിന്റെ രേഖകളിൽ തെളിഞ്ഞത് കുടിശിഖയുണ്ടെന്നായിരുന്നു. ഇതെല്ലാം തട്ടിപ്പിന് തെളിവാണെന്ന് ആർ ഒ സി പറയുന്നു. ഓഡിറ്ററുടെ ഒപ്പും സീലുമില്ലാത്ത ഓഡിറ്റ് റിപ്പോർട്ടും നൽകി. ഇത് തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. അങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് ചർച്ചകളിൽ ഉള്ളത്. ബംഗളൂരു രജിസിട്രാർ ഓഫ് കമ്പനീസാണ് നിർണായക കണ്ടെത്തലുകൾ നടത്തിയത്.
സിഎംആർഎല്ലും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയുമായി നടന്ന ഇടപാടുകളിൽ ദുരൂഹതയെന്നാണ് റിപ്പോർട്ട്. ഇരു കമ്പനികളുമായി നടന്ന കരാറോ മറ്റ് ഇടപാടുകൾ തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയില്ലെന്നും കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആർഒസി റിപ്പോർട്ട് നിർദ്ദേശിച്ചു. കൈപ്പറ്റിയ പണവുമായി ബന്ധപ്പെട്ട് ജിഎസ്ടി രേഖകൾ മാത്രമാണ് എക്സാലോജിക്ക് ഹാജരാക്കിയത്. ഇതിനെപ്പറ്റി മാത്രമാണ് വിശദീകരണം നൽക്കിയതെന്നും ആർഒസി ചൂണ്ടിക്കാട്ടി. സെക്ഷൻ 447, സെക്ഷൻ 448, എന്നീ വകുപ്പുകൾ ചുമത്തി എക്സാലോജിക്കിനെതിരെ നടപടി എടുക്കാമെന്നും ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിൽ പറയുന്നു.
2017 ലാണ് എക്സാലോജിക്കും സിഎംആർഎല്ലും മാർക്കറ്റിങ് കൺസൾട്ടൻസി സേവനങ്ങൾക്കായി കരാറിൽ ഒപ്പ് വച്ചത്. കരാർ പ്രകാരം വീണയ്ക്ക് എല്ലാ മാസവും അഞ്ച് ലക്ഷം രൂപയും എക്സാലോജിക്കിന് മൂന്ന് ലക്ഷം രൂപയും സിഎംആർഎൽ നൽകി വന്നിരുന്നത്. എന്നാൽ പണം നൽകിയ കാലയളവിൽ വീണയോ കമ്പനിയോ ഒരു തരത്തിലുള്ള സേവനവും സിഎംആർഎല്ലിന് നൽകിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ പ്രകാരം എക്സാലോജിക്കിന് എതിരെ നടപടി എടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയത്തിന്റെ വിശദമായ അന്വേഷണത്തിലേക്ക് നയിച്ചത് ആർഒസി റിപ്പോർട്ടാണ്.
അടിമുടി ദുരൂഹ ഇടപാടുകളാണ് നടന്നതെന്നാണ് റിപ്പോർട്ടിലുള്ളത്. സോഫ്റ്റ് വെയർ സർവീസ് ആവശ്യപ്പെട്ട് സിഎംആർഎൽ പരസ്യം നൽകിയതിന്റെയോ ഇടപാടിന് മുമ്പോ, ശേഷമോ സിഎംആർഎല്ലോ, എക്സാലോജിക്കോ നടത്തിയ ആശയവിനിമയത്തിന് രേഖകൾ സമർപ്പിച്ചില്ലെന്നാണ് ബെംഗളൂരു രജിസ്റ്റാർ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുന്നത്. കരാർ പോലും എക്സാലോജിക്കിനോ, സിഎംആർഎല്ലിനോ ഹാജരാക്കാനായില്ലെന്നും റിപ്പോർട്ടിലുണ്ട്. കിട്ടിയ പണത്തിന് ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് മാത്രമാണ് ബെംഗളൂരൂ ആർഒസിക്ക് നൽകിയ മറുപടിയിൽ എക്സാലോജിക്ക് ആകെ വിശദീകരിക്കുന്നത്. എന്തിന് പണം കിട്ടിയെന്നതിന് ഒരു തെളിവും എക്ലാലോജിക്ക് ഹാജരാക്കിയിട്ടില്ലെന്നാണ് ആർഒസിയുടെ കണ്ടെത്തൽ.
കമ്പനീസ് ആക്ട് 2013 പ്രകാരം, കമ്പനികാര്യ ഇടപാടുകളിൽ തട്ടിപ്പ് നടത്തുന്നതിന് എതിരെയുള്ള സെക്ഷൻ 447, രേഖകളിൽ കൃത്രിമത്വം കാണിച്ചതിനെതിരെയുള്ള സെക്ഷൻ 448, എന്നീ വകുപ്പുകൾ പ്രകാരം എക്സാലോജിക്കിനെതിരെ നടപടി എടുക്കാമെന്നാണ് ബെംഗളൂരു ആർഒസിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഉള്ളത്. തടവും പിഴശിക്ഷവും കിട്ടാവുന്ന വകുപ്പുകൾ ആണിത്. കൂടുതൽ അന്വേഷണത്തിനായി എക്സാലോജിക്കിന്റെയും സിഎംആർഎല്ലിന്റെയും കണക്ക് പുസ്തകങ്ങൾ പരിശോധിക്കണമെന്നാണ് കണ്ടെത്തൽ.
സർക്കാർ ഓഹരിയുള്ള കമ്പനിയാണ് സിഎംആർഎൽ. കമ്പനീസ് ആക്ട് പ്രകാരം, റിലേറ്റഡ് പാർട്ടിയുമായി ഇടപാട് നത്തുമ്പോൾ അത് ബോർഡിനെ അറിയിക്കണം. ഇവിടെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായുള്ള ഇടപാട് സിഎംആർഎൽ ബോർഡിനെ അറിയിച്ചിരുന്നില്ല. ഇത് സെക്ഷൻ 188ന്റെ ലംഘനമാണ്. നൽകാത്ത സേവനത്തിനാണ് എക്സാലോജിക്ക് പണം കൈപ്പറ്റിയതെന്ന ആദായനികുതി ഇന്റ്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിലെ കണ്ടെത്തലുകൾ തന്നെയാണ് ആർഒസി റിപ്പോർട്ടിലുമുള്ളത്.