- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വീണ്ടും ഷോൺ ജോർജ്; എക്‌സാലോജിക് വിവാദം ആളി കത്തും
കൊച്ചി: എക്‌സാലോജിക്കിനെതിരെ കൂടുതൽ തെളിവ് കിട്ടിയെന്ന് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനി ഇതോടെ കൂടുതൽ കുരുക്കിലാകാൻ സാധ്യത ഏറെയാണ്. കരിമണൽ കമ്പനിയായ സിഎംആർഎൽ ഉൾപ്പെട്ട പണമിടപാടു കേസിൽ വിദേശബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചു സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്.. സിഎംആർഎൽ എക്‌സാലോജിക് ഇടപാടിൽ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്ന അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്കു 2 വിദേശ കമ്പനികൾ വൻതുക നിക്ഷേപിച്ചെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
രാജ്യാന്തര കൺസൽറ്റൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി), കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്ലിൻ എന്നിവയുടെ അക്കൗണ്ടുകളിൽനിന്ന് അബുദാബി ബാങ്ക് അക്കൗണ്ടിലേക്ക് 2016-19 കാലയളവിൽ പലതവണ പണം നിക്ഷേപിച്ചതായി എസ്എഫ്‌ഐഒയ്ക്കു വിവരം ലഭിച്ചിരുന്നു. ദുബായിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള ഈ സംയുക്ത അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് സ്ഥാപന ഉടമകളായ 2 മലയാളികളാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം. കേസിലെ പരാതിക്കാരനായ ഷോൺ ജോർജും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നും ഷോൺ വ്യക്തമാക്കി.
കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് ഹൈക്കോടതിയിൽ ഉപഹർജി നൽകി. കമ്പനിയുടെ വിശദാംശങ്ങളും ഈ ഹർജിയിലുണ്ട്. ഇതോടെ എക്‌സാലോജിക് വിവാദം പുതിയ തലത്തിലെത്തുകയാണ്. പിണറായി വിജയനെ എന്നും വെട്ടിലാക്കിയ ആരോപണമാണ് ലാവ്‌ലിൻ ഇടപാട്. നേരത്തെ ലാവ് ലിന്റെ ആസ്ഥാനമുള്ള കാനഡയുമായി ബന്ധപ്പെട്ടും ചില ആരോപണങ്ങൾ ഉയർന്നിരുന്നു. ഷോണിന്റെ ആരോപണങ്ങൾ ശരിയാണെന്ന് വന്നാൽ രാഷ്ട്രീയമായി ഏറെ പ്രത്യാഘാതങ്ങളുണ്ടാകും. വിഷയത്തിൽ ഇഡി അന്വേഷണം നടക്കുന്നതും കാര്യങ്ങളെ സ്വാധീനിക്കും. അറസ്റ്റിലേക്ക് പോലും പോകുന്ന സാഹചര്യങ്ങളും ഇതുണ്ടാക്കും.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കൊച്ചി ഓഫിസിന് ഒരു വർഷം മുൻപ് ഈ വിവരം ലഭിച്ചിരുന്നു. വിദേശ പണം സ്വീകരിച്ചതിൽ ഫെമ ചട്ടലംഘനം ആരോപിക്കപ്പെടുന്ന കിഫ്ബി മസാല ബോണ്ട് കേസിന്റെ അന്വേഷണത്തിനിടയിലാണ് അബുദാബി ബാങ്ക് അക്കൗണ്ട് സംബന്ധിച്ച രഹസ്യവിവരം ഇ.ഡിക്കു ലഭിക്കുന്നത്. മസാലബോണ്ട് കേസ് അന്വേഷണത്തിനെതിരെ മുൻ മന്ത്രി തോമസ് ഐസക്ക് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കിഫ്ബിയുമായി നേരിട്ടു ബന്ധമില്ലാത്തവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തേടുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന വാദം ഉയർത്തിയിരുന്നു. എന്നാൽ, ഈ വ്യക്തികളും കുടുംബാംഗങ്ങളും ആരാണെന്നു വ്യക്തമാക്കിയിരുന്നില്ല.
നേരത്തെ സിഎംആർഎൽഎക്‌സാലോജിക് ദുരൂഹ ഇടപാടിൽ പൊലീസിന് കേസെടുക്കാമെന്ന് ഇഡി വിശദീകരിച്ചിരുന്നു. കേസെടുക്കാനായി രണ്ടുതവണ ഡിജിപിക്ക് കത്തുനൽകിയിരുന്നെന്നും ഇ.ഡി. ഗുരുതര സ്വഭാവമുള്ള കുറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണങ്ങൾ. എക്‌സാലോജിക് സൊല്യൂഷൻസ് ആരംഭകാലം മുതൽ നടത്തിയ മുഴുവൻ ഇടപാടുകളും കേന്ദ്ര ഏജൻസിയായ എസ്എഫ്‌ഐഒ അന്വേഷിക്കുന്നുണ്ട്. കരിമണൽ കമ്പനിയായ സിഎംആർഎൽ കൂടാതെ വീണയുടെ കമ്പനിയുമായി ഇടപാടുകൾ നടത്തിയ മറ്റ് 8 സ്ഥാപനങ്ങളുടെ വിവരങ്ങൾ കൂടി പരാതിക്കാരനായ ഷോൺ ജോർജ് എസ്എഫ്‌ഐഒക്കു കൈമാറിയിരുന്നു. ഈ സ്ഥാപനങ്ങളിൽനിന്നും ചെയ്യാത്ത സേവനത്തിനു വൻ തുകകൾ കൈപ്പറ്റിയെന്നാണ് ആരോപണം.
എക്‌സാലോജിക് വിവിധ സന്നദ്ധസംഘടനകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും മാസംതോറും പണം കൈപ്പറ്റിയിരിക്കുന്നതായി ബാങ്ക് രേഖകളിൽ കാണുന്നുവെന്നും പണം തന്നവരുടെ പേര്, തുക, കമ്പനിക്ക് അവരുമായുള്ള ബന്ധം എന്നീ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും കർണാടക ഹൈക്കോടതിക്കു നൽകിയ രേഖകളിൽ എസ്എഫ്‌ഐഒ ചൂണ്ടിക്കാട്ടിയിരുന്നു. സിഎംഎൽഎൽ ഉടമ ശശിധരൻ കർത്താ എംഡിയായിട്ടുള്ള എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ്‌സിൽനിന്ന് എക്‌സാലോജിക് 2015-19 ൽ 77.6 ലക്ഷം രൂപ ഈടു കൂടാതെ വായ്പയെടുത്തതിലെ ദുരൂഹതകളും ഈ രേഖകളിലുണ്ട്.
2016-17 ൽ നൽകിയ 37.36 ലക്ഷം രൂപയിൽ 25 ലക്ഷമേ എക്‌സാലോജിക്കിന്റെ ബാങ്ക് അക്കൗണ്ട് രേഖകളിലുള്ളൂ. ബാക്കി 12.36 ലക്ഷം രൂപ പണമായോ ചെക്കായോ ഓൺലൈൻ ബാങ്കിങ് മുഖേനയോ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതറിയിക്കാൻ നിർദേശിച്ചെങ്കിലും മറുപടിയുണ്ടായില്ല.