- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വീണ വിജയൻ വക്കീലിനെ കൊണ്ടുവന്നത് 1.35 കോടി ഫീസ് നൽകി
തിരുവനന്തപുരം: മാസപ്പടി കേസിൽ എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം കർണാടക ഹൈക്കോടതി ശരിവച്ചത്, കോർപറേറ്റ് ഭരണത്തിലെ സുതാര്യതയും ഉത്തരവാദിത്വവും ഊട്ടിയുറപ്പിക്കണം എന്ന വ്യക്തമായ സന്ദേശമാണ് നൽകുന്നത്. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനായ ചെന്നൈ സ്വദേശി അരവിന്ദ് പി ദത്താറാണ് വീണ വിജയന്റെ കമ്പനിക്ക് വേണ്ടി ഹാജരായത്. 1.35 കോടിയാണ് അരവിന്ദിന്റെ ഫീസെന്നാണ് സൂചന.
കേസിൽ സ്റ്റേയ്ക്ക് സാധ്യതയില്ലാതിരുന്നിട്ടും ഇത്രയും തുക മുടക്കി അഭിഭാഷകനെ കളത്തിലിറക്കിയതിന് പിന്നിൽ എന്തെന്ന ചോദ്യവും ഉയരുന്നുണ്ട്. കേസിൽ എസ്എഫ്ഐഒ യുടെ അന്വേഷണം തടയുക എന്നതായിരുന്നു അരവിന്ദ് പി ദത്താറിന്റെ മുഖ്യദൗത്യം. എന്നാൽ സാമ്പത്തിക ക്രമക്കേട് കേസുകളിൽ, പൊതുതാൽപര്യം ഉയർത്തിപ്പിടിക്കുന്നതാണ് ജുഡീഷറിയുടെ ചുമതല എന്ന വ്യക്തമായ സന്ദേശം വീണയുടെ ഹർജി തള്ളിയതിലൂടെ കോടതി നൽകുന്നു. എസ്എഫ്ഐഒ അന്വേഷണം തുടരുന്നതിലൂടെ കോർപറേറ്റ് സുതാര്യത, ഉത്തരവാദിത്വം എന്നീ വിഷയങ്ങളിൽ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന കേസായി ഇതുമാറിയിരിക്കുകയാണ്.
എസ്എഫ്ഐഒ അന്വേഷണത്തിന് എതിരെ അരവിന്ദ് പി ദത്താർ ഉന്നയിച്ച മുഖ്യവാദം കമ്പനി രജിസ്ട്രാറുടെ അന്വേഷണം പുരോഗമിക്കുകയാണ് എന്നതായിരുന്നു. സമാന്തര അന്വേഷണം ശരിയല്ലെന്നും എസ്എഫ്ഐയുടെ സമീപനം അറസ്റ്റും, സ്വത്തുകണ്ടുകെട്ടലും അടക്കം ഉൾപ്പെടുന്ന നിർദ്ദയമായ യുഎപിഎ പോലെയാണെന്നും ദത്താർ വാദിച്ചു.
എസ്എഫ്ഐഒ അന്വേഷണം ആവശ്യമായ ഗുരുതര സാമ്പത്തിക തട്ടിപ്പ് എക്സാലോജിക് കേസിൽ ഇല്ലെന്നായിരുന്നു ദത്താറിന്റെ വാദം. 2013 ലെ കമ്പനി നിയമപ്രകാരം സെക്ഷൻ 210 പ്രകാരമുള്ള അന്വേഷണം തുടരണമെന്നും താരതമ്യേന ചെറിയ ഇടപാടിൽ, അതും ഗുരുതര തട്ടിപ്പിന്റെ സൂചനയില്ലാത്ത കേസിൽ സെക്ഷൻ 212 പ്രകാരം അന്വേഷണം നടത്തുന്നതിനെയുമാണ് അദ്ദേഹം ചോദ്യം ചെയ്തത്.
212ാം വകുപ്പ് യു എ പി എ വകുപ്പിന് സമാനമാണ്. സഹാറ കേസ് പോലെ നൂറുകണക്കിന് കോടികളുടെ അഴിമതിനടന്ന കേസിനാണത് ഉപയോഗിക്കുക. എക്സാലോജിക് കേസ് അങ്ങനെയല്ല. 1.72 കോടി രൂപ മുൻനിർത്തിയാണ് ആരോപണം. ഇതിൽ 'സീരിയസ് ഫ്രോഡ്' എന്ന് പറയാൻ ഒന്നുമില്ല. സി എം ആർ എൽ. എന്ന കമ്പനിക്ക് സോഫ്റ്റ്വേർ സേവനം നൽകിയതിന് രേഖയില്ലെന്നതു മാത്രമാണ് ആരോപണമെന്നും അരവിന്ദ് പി. ദത്താർ വാദിച്ചു.
എന്നാൽ, രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണവുമായി ബന്ധപ്പെട്ട ഇടക്കാല റിപ്പോർട്ടുണ്ടെന്നും അതാണ് എസ് എഫ് ഐ ഒ. അന്വേഷണത്തിലേക്ക് നയിച്ചതെന്നുമായിരുന്നു എസ് എഫ് ഐ ഒ യ്ക്കും കമ്പനികാര്യ മന്ത്രാലയത്തിനുംവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ. അരവിന്ദ് കമ്മത്ത് വാദിച്ചത്. 'മൾട്ടി ഡിസിപ്ലിനറി' അന്വേഷണ ഏജൻസിയാണ് എസ്.എഫ്.ഐ.ഒ.യെന്നും അതിന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കരിമണൽ കമ്പനിയായ സി.എം.ആർ.എൽ. 1.72 കോടി രൂപ സോഫ്റ്റ്വേർ സേവനക്കരാറിന്റെ പേരിൽ എക്സാലോജിക്കിന് നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. സി.എം.ആർ.എൽ. വിവിധ രാഷ്ട്രീയപ്പാർട്ടികൾക്ക് 135 കോടി രൂപ നൽകിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അന്വേഷണത്തിനുള്ള വിവരങ്ങൾ ആദായനികുതി വകുപ്പ് നൽകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പരാതിപ്പെട്ടതിനാൽ അന്വേഷണം എസ്.എഫ്.ഐ.ഒ.യ്ക്ക് കൈമാറാമെന്നും അദ്ദേഹം വാദിച്ചിരുന്നു.
സോളിസിറ്റർ ജനറലിന്റെ വാദങ്ങളാണ് കോടതിക്ക് സ്വീകാര്യമായതെന്ന് വിധിയിൽ നിന്ന് വ്യക്തമാകുന്നു. സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷണ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന സുപ്രീം കോടതി നിരീക്ഷണവും ജഡ്ജി ഉദ്ധരിച്ചു. എസ്എഫ്ഐഒ അന്വേഷണം തുടങ്ങുന്നതോടെ അതിനുമുമ്പ് നടന്ന അന്വേഷണമെല്ലാം മരവിപ്പിക്കപ്പെടുമെന്നും, 'മൾട്ടി ഡിസിപ്ലിനറി' അന്വേഷണ ഏജൻസിക്കാണ് കൂടുതൽ കാര്യക്ഷമമായി അന്വേഷിക്കാൻ കഴിയുക എന്നും കോടതി നിരീക്ഷിച്ചു. ഇതോടെ, ദത്താറിന്റെ വാദങ്ങൾ തള്ളപ്പെടുകയായിരുന്നു. കോർപറേറ്റ് രംഗത്തെ ശുദ്ധീകരിക്കാനുള്ള കേന്ദ്ര നടപടികൾ തടയപ്പെടരുതെന്ന അന്തസത്തയും വിധിക്കുള്ളിലുണ്ട്.