- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗളൂരുവിൽ സഞ്ചരിക്കുന്ന ഓട്ടോയിലെ പൊട്ടിത്തെറി ; തീവ്രവാദ ബന്ധം സ്ഥിരീകരിച്ച് കർണ്ണാടക പൊലീസ്; കത്തിക്കരിഞ്ഞ പ്രഷർ കുക്കറും ബാറ്ററികളും കണ്ടെത്തി; സ്ഫോടനം യാദൃച്ഛികമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്നതാണെന്നും ഡജിപി
ബംഗളൂരു: മംഗളൂരുവിൽ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയിൽ സ്‌ഫോടനമുണ്ടായ സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് കർണാടക പൊലീസ്. സ്ഫോടനം യാദൃച്ഛികമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന തീവ്രവാദ പ്രവർത്തനമാണെന്നും കർണാടക ഡിജിപി പ്രവീൺ സൂദ് വ്യക്തമാക്കി. സംഭവത്തിൽ കേന്ദ്ര ഏജൻസികളുമായി ചേർന്ന് കർണാടക പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.
മംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ സംസ്ഥാന പൊലീസിനെ സഹായിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി. പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ഏജൻസികൾ അന്വേഷണത്തിൽ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.
മംഗളൂരുവിലെ കൻകനഡി പ്രദേശത്ത് ഇന്നലെയാണ് ഓടിക്കൊണ്ടിരിക്കെ ഓട്ടോയിൽ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കും വണ്ടിയിലുണ്ടായിരുന്ന യാത്രക്കാരനും ഗുരുതരമായി പൊള്ളലേറ്റു. സ്ഫോടനം നടന്ന ഓട്ടോയിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ ഒരു പ്രഷർ കുക്കറും ബാറ്ററികളും കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ഓട്ടോറിക്ഷ മുന്നിൽ പോകുകയായിരുന്ന ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിന് തൊട്ടുമുൻപാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന് തൊട്ടുമുൻപ് ഓട്ടോയിൽ നിന്ന് തീ ഉയർന്നതായി ചിലർ പറഞ്ഞിരുന്നു. യാത്രക്കാരന്റെ കൈയിലുണ്ടായിരുന്ന ബാഗിൽ നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. ഡ്രൈവറേയും യാത്രക്കാരനേയും നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ