ഭോപ്പാൽ: വ്യാജ തട്ടിക്കൊണ്ടുപോകൽ കഥ മെനഞ്ഞ യുവതിടുടെ തന്ത്രം പൊലീസ് പൊളിച്ചു. പിതാവിൽ നിന്നും 30 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച യുവതിയാണ് രാജസ്ഥാൻ പൊലീസിന്റെ പിടിയിലായത്. 21-കാരിയായ മകളെ ചിലർ തട്ടിക്കൊണ്ടുപോയെന്നും മോചനത്തിനായി 30 ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ടെന്നും കാണിച്ച് യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പിതാവിന് യുവതിയെ കെട്ടിയിട്ട നിലയിൽ ചിത്രം ലഭിച്ചിരുന്നു. മോചനദ്രവ്യവും ലഭിച്ചതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

രാജസ്ഥാനിലെ കോട്ടയിലുള്ള കോച്ചിങ് സെന്ററിൽ പഠിക്കുന്ന മകളുടെ കൈയും കാലും കെട്ടിയ നിലയിലുള്ള ചിത്രങ്ങൾ ലഭിച്ചെന്നാണ് പിതാവ് പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ, പ്രാഥമികാന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകൽ വ്യാജമാണെന്നാണ് പൊലീസ് കണ്ടെത്തി. ഇതുവരെ ലഭിച്ച വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥനത്തിൽ സംഭവം ആസൂത്രിതമാണെന്നാണ് വ്യക്തമായിരിക്കുന്നതെന്ന് കോട്ട പൊലീസ് സൂപ്രണ്ട് അമൃത ദുഹാൻ പറഞ്ഞു.

മാർച്ച് 18-ന് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. മാതാപിതാക്കൾ താമസിക്കുന്ന പ്രദേശത്തുനിന്ന് 400 കിലോമീറ്റൽ അകലെയുള്ള ഇൻഡോറിൽ രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് യുവതി താമസിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സുഹൃത്തുക്കളിൽ ഒരാളെ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. തനിക്ക് ഇന്ത്യയിൽ പഠിക്കാൻ താൽപര്യമില്ലെന്നും ഒപ്പമുള്ള മറ്റൊരു സുഹൃത്തുമായി വിദേശത്തേയ്ക്കുപോകണമെന്നും പെൺകുട്ടി പറഞ്ഞിരുന്നതായി സുഹൃത്ത് വെളിപ്പെടുത്തി. അതിനായി പണം ആവശ്യമാണെന്ന് അവൾ തന്നോട് പറഞ്ഞിരുന്നതായും സുഹൃത്ത് പൊലീസിനെ അറിയിച്ചു.

മധ്യപ്രദേശ് സ്വദേശിയായ യുവതിയെ ഇവരുടെ അമ്മ ഓഗസ്റ്റ് അഞ്ചിനാണ് കോട്ടയിലെ കോച്ചിങ് സെന്ററിൽ ചേർത്തത്. ഓഗസ്റ്റ് മൂന്നുവരെ പെൺകുട്ടി ഇവിടെ തുടർന്നെങ്കിലും പിന്നീട് ഇൻഡോറിലേയ്ക്ക് പോയി. കഴിഞ്ഞ ഏഴുമാസമായി കോട്ടയിലോ നഗരത്തിലുള്ള കോച്ചിങ് സെന്ററുകളിലോ ഹോസ്റ്റലുകളിലോ പെൺകുട്ടി ഉണ്ടായിരുന്നില്ല. താൻ സ്ഥാപനത്തിൽ പഠിക്കുകയാണെന്ന് വിശ്വസിപ്പിക്കാനായി പരീക്ഷകളിലെ പ്രകടനത്തെക്കുറിച്ചുള്ള വിവരങ്ങൾ പെൺകുട്ടി മറ്റൊരു മൊബൈൽ നമ്പരിൽനിന്ന് രക്ഷിതാക്കൾക്ക് അയച്ചിരുന്നു.

ഒരുപടികൂടി കടന്നാണ് ഇപ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ സഹായത്തോടെ വ്യാജ തട്ടിക്കൊണ്ടുപോകൽ പദ്ധതി യുവതി ആവിഷ്‌കരിച്ചത്. ഇൻഡോറിലെ ഫ്‌ളാറ്റിൽവെച്ച് കൈകാലുകൾ കെട്ടിയിട്ട് വ്യാജചിത്രങ്ങളെടുത്ത് പിതാവിന് അയച്ചുകൊടുക്കുകയായിരുന്നെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. ഉടൻ വീട്ടിലേക്ക് മടങ്ങാനും സഹായത്തിനായി അടുത്തുള്ള പൊലീസ് സ്റ്റേഷനെ സമീപിക്കാനും പെൺകുട്ടിയോട് അഭ്യർത്ഥിക്കുന്നതായി ദുഹാൻ പറഞ്ഞു.