തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജ രേഖകളുണ്ടാക്കി സംഘടിപ്പിച്ച പാസ്‌പോർട്ടുകൾ റദ്ദാക്കാനായി പൊലീസ് പാസ്‌പോർട്ട് ഓഫീസർക്ക് റിപ്പോർട്ട് നൽകും. തട്ടിപ്പ് കേസിലെ പ്രതിയായ പൊലീസുകാരൻ അൻസിൽ അസീസ് ജോലി ചെയ്തിരുന്ന തുമ്പ കഴക്കൂട്ടം സ്റ്റേഷനുകളിൽ നിന്നും വേരിഫിക്കേഷൻ പൂർത്തിയാക്കിയ പാസ്‌പോർട്ടുകളുടെ വിവരങ്ങൾ പരിശോധിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ നിദ്ദേശിച്ചു. പരിശോധന പൂർത്തിയാകുമ്പോഴും തട്ടിപ്പിന്റെ ആഴവും വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.

ക്രിമിനൽ കേസിൽ പ്രതികൾക്ക് വേണ്ടിയും പാസ്‌പോർട്ട് റദ്ദാക്കിയവർക്കു വേണ്ടിയുമാണ് വൻതുക കോഴ വാങ്ങി പൊലീസുകാരൻ അൻസിലിന്റെ നേതൃത്വത്തിൽ വ്യാജ പാസ്‌പോർട്ട് സംഘം പ്രവർത്തിച്ചിരുന്നത്. ഇന്നലെ അറസ്റ്റിലായ മൺവിള സ്വദേശി പ്രശാന്തായിരുന്നു അൻസിലിന്റെ ഏജന്റ്. കഴക്കൂട്ടം സ്റ്റേഷനിൽ ജോലി ചെയ്തിരുപ്പോൾ സ്റ്റേഷന് പുറത്ത് വച്ച് കേസുകൾ ഒത്തു തീർത്ത് പണവാങ്ങുന്ന പൊലീസുകാരനായിരുന്നു അൻസിൽ. ഇവിടെ ജോലി ചെയ്യുമ്പോഴാണ് പ്രശാന്തുമായി പരിചയപ്പെടുന്നത്.

പണം വാങ്ങിയ ശേഷം കേസിലെ പ്രതികളായ കമലേഷ് വ്യാജ രേഖകളുണ്ടാക്കും. മരിച്ചവരുടെ പേരിൽ അപേക്ഷനുമായി വാടക കരാർ ഉണ്ടാക്കും. അല്ലെങ്കിൽ പൂട്ടികിടക്കുന്ന വീടുകളുടെ പേരിൽ വാടക കരാർ ഉണ്ടാക്കും. അതിനു ശേഷം വ്യാജ തിരിച്ചറിൽ കാർഡുണ്ടാക്കും. തകരപറമ്പിൽ ട്രാവൽസ് നടത്തുന്ന സുനിലാണ് ഓൺലൈൻ വഴി ഈ രേഖകൾ പാസ്‌പോർട്ടിനായി സമർപ്പിക്കുന്നത്. കഴക്കൂട്ടത്തു നിന്നും തുമ്പയിലേക്ക് മാറിയ അൻസിലിന് പാസ് പോർട്ട് പരിശോധനയായിരുന്നു ജോലി.

പാസ്‌പോർട്ട് ഓഫീസിൽ നിന്നും വരുന്ന കാര്യങ്ങൾ പരിശോധിച്ച് അനുകൂലമായി റിപ്പോർട്ട് നൽകുന്നതോടെ വ്യാജ രേഖകളിൽ പാസ്‌പോർട്ട് റെഡിയാക്കുകയും ചെയ്യും. പരിശോധന ചുമതലയിൽ നിന്നും മാറ്റി നിർത്തിയിട്ടും പുതിയ ചുമതലയിൽ വന്ന പൊലീസുകാരെ സ്വാധീനിച്ചും അനകൂല റിപ്പോർട്ട് നേടിയെടുത്തു എന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ അൻസിലിനെ കൂടാതെ വൻ റാക്കറ്റു തന്നെ ഇത് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ശ്രീകാര്യം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാൾക്ക് പാസ്‌പോർട്ടിന് വേണ്ടി സമ്മർദ്ദം ചെലുത്തിയപ്പോഴാണ് സംശയം തോന്നിയതും വിശദ പരിശോധന ആരംഭിച്ചതും. ഇപ്പോൾ രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഴിഞ്ഞ ആറുമാസത്തിനുള്ളിൽ കഴക്കൂട്ടം, തുമ്പ സ്റ്റേഷനുകളിൽ നിന്നും നൽകിയ റിപ്പോർട്ടുകളും രേഖകളുമണ് പരിശോധിക്കൻ തീരുമാനിച്ചിട്ടുള്ളത്. കേസുകളുടെ എണ്ണം വീണ്ടും കൂടാനാണ് സാധ്യത. വ്യാജ രേഖകൾ പ്രകാരം പാസ്‌പോർട്ട് നേടിയവരെയും പ്രതിയാക്കും. ഈ കേസുകളിൽ അൻസിലിന്റെ പങ്ക് തെളിഞ്ഞാൽ എല്ലാ കേസിലും പ്രതിയാകും.