കൊച്ചി : കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. ബാലിസ്റ്റിക് വിദഗ്ധനെ ഐ എൻ എസ് ദ്രോണാചാര്യയിൽ കൊണ്ടുപോയി പരിശോധിപ്പിക്കാൻ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. മീൻപിടുത്തം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് ആണ് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കടലിൽവെച്ച് വെടിയേറ്റത്. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് പരിക്കേറ്റത്. നേവിയാണ് വെടിവെച്ചതെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി. എന്നാൽ ഇക്കാര്യം നേവി നിഷേധിച്ചതോടെ ബാലിസ്റ്റിക് വിദഗ്ധരുടെസഹായത്തോടെ തീരദേശ പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു

ആരാണ് കടലിൽ വെടിവച്ചതെന്നതാണ് ഉയരുന്ന ചോദ്യം. ഫോർട്ടു കൊച്ചിയിൽ ഒന്നര കിലോമീറ്റർ മാറി കടലിലാണ് സംഭവം. മീൻപിടുത്തത്തിനുശേഷം സെബാസ്റ്റ്യനും മറ്റ് 31പേരും കരയിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്തെ കാതിൽ എന്തോ വന്ന് തറച്ചത്. പിന്നിലേക്ക് മറിഞ്ഞവീണ സെബാസ്റ്റ്യന്റെ ചെവിയിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടിൽ നിന്നു തന്നെ വെടിയുണ്ടയും കണ്ടെടുത്തത്. തീവ്രവാദ സാന്നിധ്യം കടലിലുള്ളതിന്റെ സൂചനയാണോ വെടിയെന്ന സംശയവും സജീവമാണ്.

നാവിക സേനാ കപ്പലുകളിൽ വെടിയുതിർത്തുള്ള പരിശീനം നടക്കാറുണ്ട്. എന്നാൽ ഇപ്പോഴുള്ള വെടി അതല്ലെന്നാണ് നാവിക സേന പറയുന്നത്. ഇതാണ് സംശയം ഉയർത്തുന്നത്. ഫയറിംങ് പരിശിലനം നടത്തിയതിന്റെ രേഖകൾ ഹാജരാക്കാനും നാവിക സേനയോട് പൊലീസ് ആവശ്യപ്പെട്ടു. പരിശീലനത്തിന് ഉപയോഗിക്കുന്ന തോക്കുകളുടേയും വെടിയുണ്ടകളുടെയും വിശദാംശങ്ങളും തേടിയിട്ടുണ്ട്. പൊലീസ് രണ്ടുതവണ നാവികപരിശിലന കേന്ദ്രത്തിൽ പരിശോധനയും നടത്തി

അതേസമയം നാവിക സേന പരിശീലനം നടത്തുന്ന തോക്കിൽ നിന്നുള്ള ബുള്ളറ്റല്ല സംഭവം നടന്ന ബോട്ടിൽ നിന്ന് കിട്ടിയതെന്ന് നാവിക സേന അറിയിച്ചിരുന്നു. സൈനികർ ഉപയോഗിക്കുന്ന വിധത്തിലുള്ള ബുള്ളറ്റല്ല ഇതെന്നും കൊച്ചി നാവിക കമാൻഡ് ഔദ്യോഗികമായി നിലപാട് എടുത്തിരുന്നു. ഇക്കാര്യത്തിൽ വ്യക്തയ്ക്കുവേണ്ടിയാണ് ഫോർട്ടുകൊച്ചിയിലെ നാവിക പരിശീലന കേന്ദ്രമായ ഐ എൻ എസ് ദ്രോണാചാര്യ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നത്. ഇവിടെ പരിശീലനം നടത്തുന്ന തോക്കിലേതല്ല ബുള്ളറ്റെങ്കിൽ മറ്റ് സാധ്യതകൾ പരിശോധിക്കാനാണ് തീരുമാനം

നാവികസേന പരിശീലനം നടത്തുന്ന ഫോർട്ടു കൊച്ചിയിലെ ഐ എൻ എസ് ദ്രോണാചാര്യയോട് ചേർന്ന മേഖലയിലാണ് സംഭവം. ഇതോടെയാണ് നാവിക സേനയെന്ന് വെടിവെച്ചതെന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയത്. വിവരമറിഞ്ഞ് പൊലീസും നാവികസേനയും ആശുപത്രിയെത്തി. വെടിയുണ്ട പരിശോധിച്ച നാവിക ഉദ്യോഗസ്ഥർ ഇത് തങ്ങളുടെ തോക്കിൽ നിന്നുള്ളതല്ലെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെയാണ് ആരാണ് വെടിവെച്ചതെന്നതിൽ ദുരൂഹതയേറിയത്. സെബാസ്റ്റ്യന്റെ പരിക്ക് ഗുരുതരമല്ല. കാതിൽ അഞ്ച് തുന്നലുകളുണ്ട്. സെബാസ്റ്റ്യൻ രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് ദൃക്‌സാക്ഷി മൈക്കിൾ പറയുന്നത്. ബോട്ടിന്റെ മധ്യഭാഗത്തായിരുന്നു സെബാസ്റ്റ്യൻ നിന്നിരുന്നത്.

നിലവിൽ ഫോർട്ടുകൊച്ചിയിലെ നാവിക പരിശീലന കേന്ദ്രമായ ഐ എൻ എസ് ദ്രോണാചാര്യ കേന്ദ്രീകരിച്ചുതന്നെയാണ് പൊലീസ് അന്വേഷണം തുടരുന്നത്. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ ഉച്ചയ്ക്ക് 12മണിക്ക് നാവിക കേന്ദ്രത്തിൽ ഫയറിങ് പ്രാക്ടീസ് നടന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കരയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ വെടിയുണ്ട പതിക്കണമെങ്കിൽ ഇൻസാസ്, എകെ 47 പോലുള്ള തോക്കുകളിൽ നിന്നാകാം എന്നാണ് നിഗമനം. അതുറപ്പിക്കാനാണ് ബാലിസ്റ്റിക് വിദഗ്ധരുടെ സഹായം തേടിയിരിക്കുന്നത്. ബോട്ടിൽ നിന്ന് കിട്ടിയ ബുള്ളറ്റ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നുണ്ട്. സംഭവം നടന്ന കടൽഭാഗത്തും ബോട്ടിലും പൊലീസ് പരിശോധന നടത്തി. നാവിക കേന്ദ്രത്തിൽ നിന്നല്ല വെടിയുതിർത്തതെന്ന ഉറപ്പിച്ചശേഷമാത്രം മറ്റ് സാധ്യതകളിലേക്ക് പോയാൽ മതിയെന്നാണ് പൊലീസ് തീരുമാനം.

നാവിക സേന ഫയറിങ് പരിശീലനം നടത്തിയ സമയം അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. കടലിൽ വെടിയേറ്റ മേഖലയിലും ബോട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കരയിൽ നിന്ന് തന്നെയാകാം വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം.