- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത് നാവികസേനയുടെ തോക്കിൽനിന്നെന്ന് നിഗമനം; സ്ഥിരീകരിക്കാൻ ബാലിസ്റ്റിക് പരിശോധന; പരിശീലനത്തിന് ഉപയോഗിച്ച അഞ്ചു തോക്കുകളും ഹാജരാക്കണമെന്ന് പൊലീസ്; തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ ടെസ്റ്റ് ഫയറിങ്
കൊച്ചി: ഫോർട്ട്കൊച്ചിയിൽ കടലിൽവെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ കൊച്ചി നാവിക പരിശീലന കേന്ദ്രത്തിൽ വീണ്ടും പരിശോധന നടത്തി. വെടിയുണ്ടയുടെ ഉറവിടം സ്ഥിരീകരിക്കാനാണ് പരിശോധന നടത്തിയത്. പരിശീലനത്തിന് ഉപയോഗിച്ച തോക്കുകൾ ഹാജരാക്കാനും പൊലീസ് നാവികസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത് നാവികസേനയുടെ തോക്കിൽനിന്നാണെന്ന് പൊലീസിന്റെ നിഗമനം. ബാലിസ്റ്റിക് പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകും.
നാവികസേനയുടെ ഷൂട്ടിങ് റേഞ്ചിന് അഭിമുഖമായിട്ടുള്ള സ്ഥലത്തുവച്ചാണ് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതേത്തുടർന്നാണ് പരിശീലനത്തിന് ഉപയോഗിച്ച അഞ്ച് തോക്കുകളും ഹാജരാക്കാൻ നാവികസേനയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
തിങ്കളാഴ്ചയ്ക്കുള്ളിൽ തോക്കുകൾ ഹാജരാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടർന്ന് ഈ തോക്കുകൾ തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ അയച്ച് ടെസ്റ്റ് ഫയറിങ് നടത്തുമെന്നും പൊലീസ് പറഞ്ഞു.
സംഭവദിവസം ഐ.എൻ.എസ്. ദ്രോണാചാര്യയിൽ വെടിവെപ്പ് പരിശീലനം നടന്നിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഒരേസമയം, അഞ്ച് തോക്കുകൾ ഉപയോഗിച്ചാണ് പരിശീലനം നടന്നിരുന്നത്. ഇതോടെയാണ് ഐ.എൻ.എസ്. ദ്രോണാചാര്യയിലെ ഷൂട്ടിങ് റേഞ്ചിൽ ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ വീണ്ടും പരിശോധന നടത്തിയത്. കടലിലും പൊലീസ് സംഘം പരിശോധന നടത്തി. ബാലിസ്റ്റിക് വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവരും പൊലീസിന്റെ പരിശോധനാ സംഘത്തിലുണ്ടായിരുന്നു
സംഭവദിവസം അവിടെ നടത്തിയ വെടിവയ്പ് പരിശീലനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ശേഖരിച്ചത്. അന്ന് അവിടെ ഉപയോഗിച്ചിരുന്ന തോക്കുകൾ, വെടിയുണ്ടകൾ എന്നിവയുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ മൊഴികളിൽ പറയുന്ന സ്ഥലത്തു തന്നെയാണു സംഭവം നടന്നിട്ടുള്ളതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.
കൊച്ചിയിൽനിന്ന് മത്സ്യബന്ധനത്തിനു പോയ 'അൽ റഹ്‌മാൻ' എന്ന ഇൻബോർഡ് വള്ളത്തിലെ തൊഴിലാളിയായ ആലപ്പുഴ പള്ളിത്തോട് അന്ധകാരനഴി സ്വദേശി മണിച്ചിറയിൽ സെബാസ്റ്റ്യന് ബുധനാഴ്ച രാവിലെയാണ് കടലിൽവെച്ച് വെടിയേറ്റത്. ചെവിക്ക് താഴെയാണ് വെടിയുണ്ട ഏറ്റത്. അപകടത്തിനു ശേഷം ഇയാളെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാവികസേനയുടെ പരിശീലനത്തിന്റെ ഭാഗമായുള്ള വെടിവെപ്പിലാണ് അപകടമുണ്ടായതെന്ന് തൊഴിലാളികൾ ആരോപിച്ചിരുന്നു
ഫോർട്ട്‌കൊച്ചി പടിഞ്ഞാറു മാറി ഏകദേശം ഒന്നര കിലോമീറ്റർ അകലെ ഐഎൻഎസ് ദ്രോണാചാര്യക്കു സമീപമാണു സംഭവം. വെടിയുണ്ട സൈന്യം ഉപയോഗിക്കുന്നതല്ലെന്നും നോൺ മിലിറ്ററി ബുള്ളറ്റാണെന്നുമാണു നേവിയുടെ വിശദീകരണം.
മറുനാടന് മലയാളി ബ്യൂറോ