- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓയോ ഹോട്ടലിൽ മുറിയെടുത്ത് ഒളിക്യാമറവച്ചു; ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; ഭീഷണിപ്പെടുത്തി പണം തട്ടാൻ നീക്കം; നാലംഗ സംഘം അറസ്റ്റിൽ; അന്വേഷണം
ലഖ്നൗ: ഹോട്ടൽ മുറിയിൽ ഒളിക്യാമറവെച്ച് ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. പകർത്തിയ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സംഘം പണം ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.
ഓയോ ഹോട്ടൽമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചാണ് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയത്. സംഘത്തിലെ അംഗങ്ങൾ ഓയോ ഹോട്ടലുകളിൽ മുറികൾ ബുക്ക് ചെയ്യുകയും മുറികളിൽ ഒളിക്യാമറകൾ സ്ഥാപിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം അവർ വീണ്ടും അതേമുറി ബുക്ക് ചെയ്ത് ക്യാമറകൾ കൈക്കലാക്കുകയായിരുന്നു. പിന്നീടാണ് ദമ്പതികളെ ബ്ലാക്ക് മെയിൽ ചെയ്തത്. ദൃശ്യങ്ങൾ ദമ്പതികളുടെ ഫോണിലേക്ക് അയച്ചു നൽകിയായിരുന്നു ഭീഷണി. സംഭവത്തിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതെന്ന് പൊലീസ് പറഞ്ഞു.
വിഷ്ണു സിങ്, അബ്ദുൾ വഹാവ്, പങ്കജ് കുമാർ, അനുരാഗ് കുമാർ സിങ് എന്നിവരാണ് അറസ്റ്റിലായത്. നോയിഡയിലെ വിവിധ ഭാഗങ്ങളിൽ നിയമവിരുദ്ധ പ്രവർത്തികളിൽ ഏർപ്പെടുന്ന സംഘത്തിലെ അംഗങ്ങളാണ് നാലുപേരുമെന്ന് പൊലീസ് പറഞ്ഞു.
11 ലാപ്ടോപ്പുകൾ, 21 മൊബൈൽ ഫോണുകൾ, 22 എ.ടി.എം. കാർഡുകൾ എന്നിവ ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. ഇവർ അനധികൃത കോൾ സെന്റുകൾ നടത്തിവരുന്നതായും വ്യാജ സിംകാർഡുകൾ നിർമ്മിക്കുന്നതായും കണ്ടെത്തി. സംഘത്തിൽ ഒരാളെക്കൂടെ പിടികൂടാനുണ്ടെന്നും ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
സംഘത്തിന് രാജ്യത്തുടനീളം ശൃംഖലയുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഒയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ