ഭുവനേശ്വർ: മദ്യപാനത്തിനിടെ കൂട്ടുകാർ യുവാവിനോട് കാട്ടിയ വികൃതി ക്രൂരതയായി മാറി. ലഹരിയിൽ ബോധം പോയ യുവാവിന്റെ മലദ്വാരം വഴി സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റുകയായിരുന്നു. 10 ദിവസം മുമ്പാണ് സംഭവം. സൂറത്തിൽ ജോലി ചെയ്യുന്ന 45 കാരനായ കൃഷണ റൗട്ട് കൂട്ടുകാർക്കൊപ്പം പാർട്ടിയിൽ പങ്കെടുത്തപ്പോഴാണ് പണി കിട്ടിയത്. ഞായറാഴ്ച ഇയാളുടെ കുടലിൽ നിന്ന് ഡോക്ടർമാർ ഗ്ലാസ് പുറത്തെടുത്തു. ബെറാംപൂർ നഗരത്തിലെ എംകെസിജി മെഡിക്കൽ കോളേജിലായിരുന്നു ശസ്ത്രക്രിയ.

കൂട്ടുകാരുടെ വികൃതിയുടെ പിറ്റേന്ന് മുതൽ യുവാവിന് ചെറുകുടലിൽ വേദന തുടങ്ങി. എന്നാൽ, കുടുംബാംഗങ്ങളോട് ഇക്കാര്യം മറച്ചുവച്ചു. വേദന അസഹനീയമായതോടെ, കൃഷ്ണ റൗട്ട് സൂറത്ത് വിട്ട് സ്വന്തം ഗ്രാമമായ ഗഞ്ചാമിലെത്തി. ഗ്രാമത്തിലെത്തിയതോടെ, വയറ് നീര് കെട്ടി വീർത്തു. മല വിസർജ്ജനത്തിനും സാധിക്കുമായിരുന്നില്ല. ഇതോടെയാണ് കുടുംബാംഗങ്ങളുടെ നിർദ്ദേശപ്രകാരം, മെഡിക്കൽ കോളേജിൽ പോയി പരിശോധിച്ചത്.

എക്സറേ പരിശോധനയിലാണ് കൃഷ്ണയുടെ ശരീരത്തിനുള്ളിൽ സ്റ്റീൽ ഗ്ലാസ് കുടുങ്ങികിടക്കുന്നത് ഡോക്ടർമാർ കണ്ടെത്തിയത്. തുടർന്ന് മലദ്വാരത്തിലൂടെ ഗ്ലാസ് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗം മേധാവി പ്രൊഫ. ഡോ. ചരൺ പാണ്ഡയുടെ നേതൃത്വത്തിൽ ഡോ. ചരൺ കുമാർ നായക്, ഡോ. സുഭ്രത് ബരാൽ, ഡോ. സത്യസ്വരൂപ്, ഡോ.പ്രതിഭ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കൃഷ്ണ സുഖം പ്രാപിച്ചുവരുന്നുവെന്നും, ആരോഗ്യനില തൃപ്തികരമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, കൃഷ്ണയോട് ക്രൂരത കാട്ടിയ സുഹൃത്തുക്കൾക്ക് എതിരെ കേസെടുത്തോ എന്ന് വ്യക്തമല്ല.