- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പുല്ലാട് ജി ആൻഡ് ജി ഉടമ ദേവസ്വം ഭൂമി കൈയേറി സ്വന്തം പേരിലാക്കി
പത്തനംതിട്ട: നൂറു കണക്കിന് നിക്ഷേപകരിൽ നിന്നായി 300 കോടിയിൽപ്പരം രൂപ തട്ടിച്ച് മുങ്ങിയ പുല്ലാട് ജി ആൻഡ് ജി ഉടമ ദേവസ്വം ഭൂമി കൈയേറിയത് തിരിച്ചു പിടിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. തെള്ളിയൂർക്കാവ് ദേവീക്ഷേത്രത്തിന്റെ 40 സെന്റ് ഭൂമിയാണ് ഇയാൾ കൈയേറി സ്വന്തം പേരിലാക്കിയത്.
തെള്ളിയൂർക്കാവ് ഭഗവതീ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൃശ്ചിക വാണിഭത്തിന്റെ ഏറിയ പങ്കും നടക്കുന്ന ഭൂമിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് തിരികെ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ക്ഷേത്രത്തിന്റെ കാണിക്കമണ്ഡപത്തോടു ചേർന്ന് വാണിഭം നടത്തുന്ന 40സെന്റ് വസ്തു ദേവസ്വത്തിന് പേരിൽക്കൂട്ടി നൽകാൻ മല്ലപ്പള്ളി തഹസീൽദാർക്കാണ് നിർദ്ദേശം നൽകിയത്..ജസ്റ്റിസ്മാരായ അനിൽ കെ നരേന്ദ്രൻ,ജി ഗിരീഷ് എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ചിന്റതാണ് ഉത്തരവ്
1972 ൽ തെള്ളിയൂർക്കാവ് ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്ത അവസരത്തിൽ ക്ഷേത്രത്തിന്റെ വരുമാന സ്രോതസായി വൃശ്ചിക വാണിഭം നടത്തുന്ന ഭൂമി പരാമർശിച്ചിരുന്നു. റവന്യൂ രേഖകളിൽ ദേവസ്വം ഭൂമി ആയി ഇരുന്ന വസ്തു 1996 ലാണ് ജി ആൻഡ് ജി ഫിനാൻസ് ഉടമ ഡി ഗോപാലകൃഷ്ണൻ നായർ സ്വന്തം പേരിൽക്കൂട്ടിയത് എന്ന് കോടതി കണ്ടെത്തി. 2007 ൽ ജി.സതീഷ്‌കുമാർ പ്രസിഡന്റ് ആയുള്ള ക്ഷേത്ര ഉപദേശക സമിതി നൽകിയ കേസിന്മേൽ ഉണ്ടായ തുടർനടപടി ആണ് ഇപ്പോഴത്തെ കോടതി ഉത്തരവ്..രണ്ടുമാസത്തിനുള്ളിൽ റവന്യു രേഖയിൽ ദേവസ്വം ഭൂമി എന്ന് മാറ്റം വരുത്തുവാനാണ് ഹൈക്കോടതി നിർദ്ദേശം.
അതേ സമയം പുല്ലാട് ജി ആൻഡ് ജി തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം നിക്ഷേപം നടത്തിയിട്ടുള്ളതിനാൽ അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് നിക്ഷേപകർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് എസ്‌പി ഓഫീസ് മാർച്ച് നടത്തിയതിന് പിന്നാലെയാണ് കേസ് അന്വേഷണം തിരുവല്ലയിലെ ക്രൈംബ്രാഞ്ച് യൂണിറ്റിന് വിട്ടത്. ഡിറ്റക്ടീവ് ഇൻസ്പെക്ടർ സുനിൽ രാജ് ആണ് അന്വേഷണം നടത്തുന്നത്.
കേസിൽ നാലു പ്രതികളാണുള്ളത്. ഡി. ഗോപാലകൃഷ്ണൻ നായർ, ഭാര്യ സിന്ധു ജി. നായർ, മകൻ ഗോവിന്ദ് ജി. നായർ, മരുമകൾ ലക്ഷ്മി രേഖഎന്നിവരാണ് ഒന്നു മുതൽ നാലു വരെ പ്രതികൾ. ഇതിൽ അച്ഛനും മകനും തിരുവല്ല ഡിവൈ.എസ്‌പി മുമ്പാകെ കീഴടങ്ങി. ഇവർ റിമാൻഡിലാണ്. സിന്ധു ജി. നായരുടെയും ലക്ഷ്മിരേഖയുടെയും അറസ്റ്റ് ഒഴിവാക്കാൻ ലോക്കൽ പൊലീസ് ശ്രമിച്ചതായുള്ള ആരോപണത്തെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുന്നത്.
സംസ്ഥാനതത്തെ വിരമിച്ചതും സർവീസിലുള്ളതുമായ ഐപിഎസുകാരിൽ ചിലർക്ക് ഇവിടെ നിക്ഷേപം ഉണ്ടായിരുന്നുവെന്നും അവർക്ക് പണം തിരികെ നൽകാമെന്ന വ്യവസ്ഥയിൽ സ്ത്രീകളായ രണ്ടു പ്രതികളെ ഒഴിവാക്കാൻ ശ്രമം നടന്നുവെന്നുമാണ് ആരോപണം.