കൊച്ചി: ഗിരിനഗറിലെ വീടിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കവറിനുള്ളിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തുമ്പോൾ സംശയമുയരുന്നത് കുടുംബ പ്രശ്‌നങ്ങളിലേക്ക്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്നും ഇവരുടെ കൂടെ താമസിച്ചിരുന്ന ആളിനെ കാണാനില്ലെന്നും പൊലീസ് പറഞ്ഞു. ഇയാൾ ഭർത്താവാണെന്നാണ് സൂചന. കൊല്ലപ്പെട്ടത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ദുർഗന്ധം വമിച്ചതോടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിനുള്ളിലും പുതപ്പിലും പൊതിഞ്ഞ നിലയിലാണ് മൃതദേഹം. തുടർ പരിശോധനകൾ നടന്നുവരികാണ്.
മഹാരാഷ്ട്ര സ്വദേശികളായ ഭാര്യയും ഭർത്താവുമാണ് സ്ഥലത്ത് താമസിച്ചിരുന്നതെന്നും ഇവർ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്നുമാണ് സമീപവാസികൾ പറയുന്നത്. യുവാവിനായി തിരച്ചിൽ തുടരുന്നു.

കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. യുവതിക്കൊപ്പം മറ്റൊരു യുവാവും ഇവിടെ താമസിച്ചിരുന്നു. ദമ്പതികളാണെന്നാണ് വീട്ടുടമയോട് പറഞ്ഞത്. മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ആസം സ്വദേശികളാണെന്ന പേരിലാണ് ഇവർ ഇവിടെ താമസിച്ചത്. എന്നാൽ രേഖകളിലുള്ള വിവരം തെറ്റായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

റാം ബഹദൂർ, ലക്ഷ്മി എന്നീ പേരാണ് ഇവർ വീട്ടുകാരോട് പറഞ്ഞത്. തിരിച്ചറിയൽ കാർഡൊന്നും നൽകിയിട്ടുമില്ല. വാടക രേഖയിൽ നൽകിയ അഡ്രസും തെറ്റായിരുന്നുവെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇതോടെ ഇവർ നൽകിയ പേരും തെറ്റാണെന്ന കണക്ക് കൂട്ടലിലാണ് പൊലീസ്. ഒരു വീടിന്റെ ഭാഗം മാത്രം വാടകയ്ക്കെടുത്ത് ദമ്പതികളെന്ന രീതിയിലാണ് ഇവർ താമസിച്ചത്.

കുറച്ച് ദിവസമായി ഇവരെ പുറത്ത് കാണാറില്ലെന്നും വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിനുള്ളിലാക്കി തുണികൾകൊണ്ട് വീണ്ടും വരിഞ്ഞ് കെട്ടിയ നിലയിലായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.