മലപ്പുറം: കരിപ്പൂർ വിമാനത്തവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് മലാശയത്തിൽ ഒളിപ്പിച്ചു കടത്തിയ 992 ഗ്രാം സ്വർണ്ണവുമായി യുവാവിനെ കരിപ്പൂർ വിമാനത്തവളത്തിൽവെച്ച് പൊലീസ് പിടികൂടി. ജിദ്ദയിൽ നിന്നും കരിപ്പൂരിൽ വന്നിറങ്ങിയ മലപ്പുറം കുഴിമണ്ണ സ്വദേശിയിൽ മുസ്തഫയിൽ (41)നിന്നാണ് കരിപ്പൂർ പൊലീസ് സ്വർണം പിടികൂടിയത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇന്നു രാവിലെ 11.15നു ് ജിദ്ദയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ വന്നിറങ്ങി കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ മുസ്്തഫയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമിക ചോദ്യം ചെയ്യലിൽ തന്റെ കയ്യിൽ സ്വർണ്ണമുള്ള കാര്യം മുസ്സതഫ മ്മതിച്ചിരുന്നില്ല.

തുടർന്ന് മുസ്തഫയുടെ കൈവശമുണ്ടായിരുന്ന ലഗ്ഗേജും ഇയാളുടെ ശരീരവും വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വർണം കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് മുസ്തഫയെ കൊണ്ടോട്ടിയിലുള്ള മേഴ്സി ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ ഓഫീസറുടെ നിർദേശാനുസരണം എക്സറേ എടുത്ത് പരിശോധിച്ചതിലാണ് വയറിനകത്ത് സ്വർണ്ണമടങ്ങിയ നാല് കാപ്സ്യൂളുകൾ ഉണ്ടെന്ന കാര്യം വ്യക്തമായത്.

ഇയാളിൽ നിന്നും പിടിച്ചെടുത്ത സ്വർണം 992 ഗ്രാം തൂക്കമുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപൂർ എയർപോർട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 57-ാമത്തെ സ്വർണ്ണക്കടത്ത് കേസാണിതെന്ന് പൊലീസ് പറഞ്ഞു.