കൊച്ചി: കണ്ണൂർ വിമാനത്താവളത്തിൽ 60 ലക്ഷത്തിന്റെ സ്വർണം ഒളിപ്പിച്ചുകടത്തിയ എയർ ഹോസ്റ്റസ് പിടിയിൽ. മലദ്വാരത്തിലൊളിപ്പിച്ചാണ് ഇവർ 960ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. കൊൽക്കത്ത സ്വദേശിയായ സുരഭി ഖത്തൂൺ ആണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ പിടിയിലായത്.

28 ന് വൈകിട്ട് മസ്‌കത്തിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ്. 714 വിമാനത്തിലാണ് സുരഭി കണ്ണൂരിൽ എത്തിയത്. ഡിആർഐയാണ് പിടികൂടിയത്. 4 കാപ്‌സ്യൂളുകളാണു ശരീരത്തിന്റെ പിൻഭാഗത്ത് ഒളിപ്പിച്ചതെന്നു ഡിആർഐ അറിയിച്ചു.

പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം ഇവരെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത സുരഭിയെ കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡി.ആർ.ഐ. വൃത്തങ്ങൾ അറിയിച്ചു.

മുമ്പ് പലതവണ ഇവർ സ്വർണം കടത്തിയതായാണ് ഇതുവരെ ലഭിച്ച തെളിവുകൾ സൂചിപ്പിക്കുന്നത്. മലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കടത്തിയതിന് വിമാന ജീവനക്കാർ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമാണിത്. സ്വർണ്ണക്കടത്തിൽ കേരളത്തിൽ നിന്നുള്ളവരുടെ പങ്ക് അടക്കം അന്വേഷിച്ചുവരികയാണ്.