തിരുവനന്തപുരം: രാജ്യസഭാ എംപിയും വ്യവസായിയും മുസ്ലിം ലീഗ് നേതാവുമായ അബ്ദുൾ വഹാബ് എംപിയുടെ മകനെ രാജ്യാന്തര വിമാനത്താവളത്തിൽ വിവസ്ത്രനാക്കി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് അടുത്തിടെ വിവാദമായിരുന്നു. എന്നാൽ, കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം പരിശോധനകൾ നടക്കാറുണ്ടത്. വഹാബിന്റെ മകന്റെ കാര്യത്തിൽ സംഭവിച്ചത് പാളിച്ചയാണെങ്കിൽ തിരുവനന്തപുരത്തെ കസ്റ്റംസ് ഇക്കുറി ആ പിഴവു തിരുത്തി.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഇന്ന് വൻ സ്വർണവേട്ടയാണ് കസ്റ്റംസ് വക ഉണ്ടായത്. ദുബായിൽ നിന്നുമെത്തിയ യാത്രക്കാരനിൽ നിന്നു 962 ഗ്രാം സ്വർണം പിടികൂടി. കാസർകോട് സ്വദേശി മുഹമ്മദാണ് സ്വർണവുമായി പിടിയിലായത്. 49 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരമായിരുന്നു ഈ സ്വർണവേട്ടയിലേക്ക് നയിച്ചത്. നേരത്തെ സ്വർണം കടത്തിയെന്ന് സംശയിക്കുന്നവരുടെ രഹസ്യ വിവരം കസ്റ്റംസ് അധികൃതർക്ക് ലഭിച്ചിരുന്നു. ഇതനുസിരിച്ചായിരുന്നു പരിശോധന നടത്തിയത്.

സ്വർണ്ണക്കടത്തു തടയാൻ പരിശോധന കർശനമാക്കാനാണ് കസ്റ്റംസ് ഒരുങ്ങുന്നത്. പലവിധത്തിലാണ് സ്വർണ്ണക്കടത്ത് സജീവമായിരിക്കുന്നത്. നേരത്തെ അബ്ദുൾ വഹാബിന്റെ ഇതേ പേരിലുള്ള മറ്റൊരു യാത്രക്കാരൻ സ്വർണം കടത്തുന്നു എന്ന രഹസ്യ വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. ഇത് അനുസരിച്ചാണ് പരിശോധന നടത്തിയതും. കേരളപ്പിറവി ദിനത്തിൽ ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ എത്തിയതായിരുന്നു അബ്ദുൾ വഹാബ് എംപിയുടെ മകൻ. കോഴിക്കോട് വിമാനത്താവളത്തിലൂടെ സ്വർണ്ണ കടത്ത് വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് രണ്ടും കൽപ്പിച്ച് പരിശോധിച്ചത്. കോഴിക്കോട്ടെ യാത്രക്കാരനാണെന്ന് തിരിച്ചറിഞ്ഞ് തിരുവനന്തപുരത്ത് ശക്തമായ പരിശോധന നടത്തി.

എംപിയുടെ മകനാണെന്നും പറഞ്ഞപ്പോൾ അധികൃതർ വിശ്വസിക്കാതിരുന്നതും നേരത്തെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. സ്വർണം കുഴമ്പു രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കൊണ്ടു വരുന്ന രീതിയ സജീവമാണ്. ഇതോടെയാണ് പരിശോധനകൾ ഊർജ്ജിതമാക്കുന്നതും.