- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലങ്കോട് വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് സാമ്പത്തിക തട്ടിപ്പിന് ഇരയായവർ; സ്വർണനിധി നൽകാമെന്ന് പറഞ്ഞ് തമിഴ്‌നാട് സ്വദേശികളിൽ നിന്നും 38 ലക്ഷം കബീറും സുഹൃത്തുക്കളും വാങ്ങി; പറമ്പ് മുഴുവൻ കുഴിച്ചപ്പോൾ കിട്ടിയത് കുഴിച്ചിട്ട വിഗ്രഹങ്ങൾ; പണം വാങ്ങിയത് പൂജക്കുള്ള ചെലവിനെന്ന് പറഞ്ഞ്; സ്വർണനിധി കിട്ടാതെ വന്നതോടെ തട്ടിക്കൊണ്ടു പോകൽ
പാലക്കാട്: പാലക്കാട് കൊല്ലങ്കോട് വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിന് പിന്നിലെ വിവരങ്ങൾ പുറത്തുവരുമ്പോൾ തെളിയുന്നത് വൻ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചത്. സാമ്പത്തിക തട്ടിപ്പിന് ഇരയായവരാണ് മാങ്ങാ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സ്വർണ നിധി കാണിച്ച് നൽകാമെന്ന് പറഞ്ഞ് കബീറും സുഹൃത്തുക്കളും ചേർന്ന് 38 ലക്ഷം രൂപ തട്ടിയെടുത്തതായി കിഡ്‌നാപ്പിങ് കേസിൽ അറസ്റ്റിലായ പ്രതികൾ മൊഴി നൽകി. മധുര സ്വദേശികളായ മൂന്ന് പേരാണ് അറസ്റ്റിലായത്.
മുതലട സ്വദേശിയായ കബീറിന്റെ ബൈക്കിൽ കാറിടിച്ച് വീഴ്‌ത്തിയ ശേഷം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. മീനാക്ഷിപുരത്ത് വെച്ച് കാർ തടഞ്ഞ് പൊലീസാണ് കബീറിനെ രക്ഷിച്ചത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവേയാണ് തട്ടിക്കൊണ്ടുപോയത്. പ്രതികളുടെ കാർ ബൈക്കിനെ പിറകിൽ നിന്ന് ഇടിച്ചു. ഇടിയുടെ ആഘാദത്തിൽ കാലിന് പരുക്കേറ്റ കബീറിനെ ആശുപത്രിയിലേക്ക് ഉടൻ കൊണ്ടു പോകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി.
സുഹൃത്തിനെ വാഹനത്തിൽ കയറ്റാതെ കാറെടുത്ത് സംഘം അതിവേഗം പാഞ്ഞു. മീനാക്ഷിപുരം വഴി തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമം. സംശയം തോന്നി കാറിനെ പിന്തുടർന്ന സുഹൃത്ത് മീനാക്ഷിപുരം പൊലീസിൽ വിവരമറിയിച്ചു. പൊലീസ് വഴിയിൽ വെച്ച് കാർ തടഞ്ഞ് കബീറിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കബീർ ലക്ഷങ്ങൾ കൈക്കലാക്കിയതായി അറിഞ്ഞത്.
സ്വർണനിധി നൽകാമെന്ന് പറഞ്ഞ് തമിഴ്‌നാട് സ്വദേശികളിൽ നിന്നും 38 ലക്ഷം രൂപ കബീറും , സുഹൃത്തുക്കളും വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. മധുരയിലെ വെങ്കിടേഷ് എന്ന വ്യക്തിയുടെ പറമ്പിൽ സ്വർണ നിധിയുണ്ടെന്ന് പറഞ്ഞ് പറമ്പ് മുഴുവൻ കുഴിച്ചു. കബീറും സുഹൃത്തുക്കളും കുഴിച്ചിട്ട വിഗ്രഹങ്ങൾ പുറത്തെടുത്തു. നിധി ലഭിക്കാനുള്ള പൂജയുടെ ചെലവിനെന്ന് പറഞ്ഞാണ് 38 ലക്ഷം രൂപ വാങ്ങിയത്. കബീറിനൊപ്പം മറ്റ് പലരും തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ട്. സ്വർണ നിധി ലഭിക്കാതെ വന്നതോടെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകി.
മധുര സ്വദേശികളായ ഗൗതം , വിജയ് , ശിവ എന്നിവർ റിമാൻഡിലാണ്. കബീറിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കും.
മറുനാടന്‍ മലയാളി ബ്യൂറോ