- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഗൂഗിളിലെ സോഫ്റ്റ്വെയർ എൻജിനീയർ
വാഷിങ്ടൺ: ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി ഗൂഗിളിലെ സോഫ്റ്റ്വെയർ എൻജിനീയർ. കാലിഫോർണിയയിലെ സാന്റാ ക്ലാരയിലാണ് ഗൂഗിളിൽ സഹജീവനക്കാരി കൂടിയായ ഭാര്യയെ യുവാവ് കൊലപ്പെടുത്തിയത്. 27കാരനായ ലിറെൻ ചെൻ ആണ് ഭാര്യ ഷുവാൻയി യൂവിനെ മഅടിച്ചു കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണു ക്രൂരകൃത്യം നടന്നത്.
വിവരമറിഞ്ഞ് പൊലീസ് സംഘം വീട്ടിലെത്തുമ്പോൾ മൃതദേഹത്തിനരികിൽ രക്തത്തിൽ കുളിച്ചുനിൽക്കുകയായിരുന്നു യുവാവ്. കഴിഞ്ഞ ദിവസം രാവിലെയാണ് ലിറെൻ ചെന്നിന്റെ ഒരു പരിചയക്കാരൻ 911 എന്ന നമ്പറിൽ വിളിച്ച് പൊലീസിനെ വിവരം അറിയിച്ചത്. ലിറെനും ഭാര്യയും തമ്മിൽ കലഹം നടക്കുന്നുണ്ടെന്നും അസ്വഭാവികമായി എന്തോ സംഭവിച്ചോ എന്നു ഭയമുണ്ടെന്നുമാണ് ഇയാൾ പൊലീസിൽ അറിയിച്ചത്.
തുടർന്ന് സാന്റാ ക്ലാരയിലെ ഇവരുടെ വീടിനുമുൻപിലെത്തി ചെന്നിന്റെ നമ്പറിൽ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. പൊലീസ് എത്തിയപ്പോൾ രക്തത്തിൽ കുളിച്ചു നിൽക്കുന്ന യുവാവിനെയാണ് കണ്ടതും. ഭാര്യയുടെ മൃതദേഹത്തിന് അരികെ കൈ ഉയർത്തിപ്പിടിച്ച് യുവാവ് നിശ്ചലനായി നിൽക്കുന്നത് പുറത്തുനിന്നു വ്യക്തമായി കാണാമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വസ്ത്രത്തിലും കൈയിലുമെല്ലാം മുഴുവൻ രക്തമായിരുന്നു. യൂവിന്റെ തലയിൽ ഗുരുതരമായ മുറിവുകളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യത്തിനു കാരണം വ്യക്തമായിട്ടില്ല. ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ ഗൂഗിൾ വക്താവ് ബെയ്ലി തോംസൺ നടുക്കം രേഖപ്പെടുത്തി. ഷുവാൻയിക്കു സംഭവിച്ചത് നടുക്കമുണ്ടാക്കുന്നതും ആഴത്തിൽ ദുഃഖമുണ്ടാക്കുന്നതുമാണെന്നും തോംസൺ പ്രസ്താവനയിൽ പറഞ്ഞു. യുവതിയുടെ കുടുംബത്തോടൊപ്പമുണ്ട്. ഈ ദുരന്ത വാർത്ത ഉൾക്കൊള്ളാനാകാത്ത കുടുംബത്തിനും സഹപ്രവർത്തകർക്കും വേണ്ട പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഗൂഗിളിൽ യൂടൂബ് ഷോർട്സ് അൽഗൊരിതം വിഭാഗത്തിലാണ് ചെൻ പ്രവർത്തിച്ചുവരുന്നത്. ഷുവാൻയിയും ഗൂഗിളിൽ സോഫ്റ്റ്വെയർ എൻജിനീയറായിരുന്നു. സിലിക്കൺ വാലിയിലെ ഗൂഗിൾ ഓഫിസിനു തൊട്ടടുത്തായിരുന്നു ഇവരുടെ വീടും സ്ഥിതിചെയ്തിരുന്നത്. ചൈനയിലെ സിങ്ഹുവാ സർവകലാശാലയിലും കാലിഫോർണിയ സർവകലാശാലയിലും ഒപ്പമായിരുന്നു ഇരുവരും പഠിച്ചതും.