തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനെയും കൊലക്കേസിൽ പ്രതിയാക്കും. ഷാരോണിന് കുടിക്കാൻ നൽകിയ കഷായത്തിൽ കളനാശിനി കലക്കാൻ ഗ്രീഷ്മയെ അമ്മ സിന്ധുവാണ് സഹായിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. അതിന് ശേഷമാണ് അവർ വീട്ടിൽ നിന്ന് പുറത്തേക്ക് പോയത്. കഷായക്കൂട്ട് ഉണ്ടാക്കിയതും അമ്മയാണെന്നും സൂചനയുണ്ട്. അമ്മാവനും കൊലപാതകത്തിൽ പങ്കുണ്ട്. ഗ്രീഷ്മ ഈ കുറ്റകൃത്യം ഒറ്റയ്ക്ക് ചെയ്യില്ലെന്നും വീട്ടുകാർക്ക് പങ്കുണ്ടെന്നും ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കും വിധമാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

കൊലപാതകത്തിൽ തെളിവ് നശിപ്പിച്ചതിന് സിന്ധുവിനും സഹോദരൻ നിർമൽ കുമാറിനും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ ഇരുവരെയും കേസിൽ പ്രതിചേർത്തിരുന്നു. പിന്നാലെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. വിഷം നൽകിയതിനെ കുറിച്ച് അമ്മയുൾപ്പെടെ ആർക്കും അറിയില്ലെന്നായിരുന്നു ഗ്രീഷ്മയുടെ ആദ്യ മൊഴി. ഇവരുടെ മൊഴികളിലെ വൈരുധ്യം മുൻനിർത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യത്തിലെ പങ്ക് വ്യക്തമായത്. ഗ്രീഷ്മയെ വിഷം കലക്കാൻ സഹായിച്ചത് അമ്മയാണെന്നും തെളിവ് നശിപ്പിച്ചത് അമ്മാവനാണ് ശ്രമിച്ചതെന്നുമാണ് പുറത്തു വരുന്ന സൂചനകൾ. ഈ വാർത്ത പൊലീസ് നിഷേധിക്കുകയോ തള്ളുകയോ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ കൊലക്കുറ്റം ചുമത്താൻ സാധ്യത ഏറെയാണ്.

കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യാ ശ്രമം നടത്തിയ ഗ്രീഷ്മയെ ആരോഗ്യനില തൃപ്തികരമായ ശേഷമാകും തെളിവെടുപ്പിനായി വീട്ടിലെത്തിക്കുക .ഷാരോണിന് വിഷം നൽകിയെന്ന് ഗ്രീഷ്മ സമ്മതിച്ച ശേഷം കഷായത്തിന്റെ കുപ്പി തൊട്ടടുത്ത സ്ഥലത്ത് ഉപേക്ഷിച്ചുവെന്നാണ് മൊഴി നൽകിയത്. ഈ കുപ്പി രാമവർമ്മൻചറിയിലെ കുളത്തിൽ പിന്നീട് അമ്മാവൻ ഇടുകയായിരുന്നു. ഷാരോണിന് വിഷം നൽകിയ ശേഷം അന്വേഷണം വഴിതെറ്റിക്കുന്നതെങ്ങനെയെന്നും പിടിക്കപ്പെട്ടാൽ എങ്ങനെയൊക്കെ മൊഴി നൽകണമെന്നും ഗ്രീഷ്മ ഇന്റർനെറ്റിൽ തെരഞ്ഞിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പൊലീസിനോട് എന്ത് പറയണമെന്ന് ഗ്രീഷ്മ ബന്ധുക്കളെ പഠിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു.

ഷാരോൺ വീട്ടിലെടുത്തുന്നതിനു തൊട്ടുമുൻപ് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പുറത്തുപോയിരുന്നു. ഇതോടെ ആരുമില്ലാത്ത സമയത്താണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, ഇരുവരും അധികം ദൂരേയ്ക്ക് പോയിരുന്നില്ലെന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതോടെയാണ് കൊലയ്ക്കു പിന്നിലെ ആസൂത്രിത സ്വഭാവം പൊലീസ് ഉറപ്പിച്ചത്. അതേസമയം, അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരിക്കുകയാണ്. കൊലപ്പെടുത്തുന്നതിനായി വിഷം നൽകിയത് തമിഴ്‌നാട്ടിലായതിനാൽ തുടരന്വേഷണത്തിൽ നിയമപരമായ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിയമോപദേശം തേടിയിരിക്കുന്നത്.

എന്നാൽ പരാതി ലഭിച്ചതും കേസ് രജിസ്റ്റർ ചെയ്തതും പാറശാല പൊലീസായിരുന്നു. കേസിൽ മൂന്ന് പ്രതികളെ കേരള പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തിൽ നിയമപ്രശ്‌നങ്ങളുണ്ടോ, കേസ് തമിഴ്‌നാട് പൊലീസിന് കൈമാറേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണസംഘം നിയമോപദേശം തേടിയത്. കേസിൽ തമിഴ്‌നാട് പൊലീസും കേരള പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. നിയമപ്രശ്‌നമൊന്നുമില്ലെന്ന പ്രാഥമിക നിയമോപദേശം കേരളാ പൊലീസിന് കിട്ടിയിട്ടുണ്ട്. കേസ് കേരളാ പൊലീസ് കൈകാര്യം ചെയ്യുന്നതിൽ തമിഴ്‌നാടു പൊലീസിനും എതിർപ്പില്ല.

ആത്മഹത്യ ശ്രമത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന ഗ്രീഷ്മയെ പ്രത്യേക വൈദ്യസംഘം പരിശോധിക്കും. വൈദ്യസംഘത്തിന്റെ നിർദ്ദേശം അനുസരിച്ചായിരിക്കും പൊലീസിന്റെ തുടർ നടപടികൾ. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് കഴിഞ്ഞ ദിവസം ഡോക്ടർമാർ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ഡിവൈഎസ്‌പി ഓഫീസിൽ വെച്ച് ഗ്രീഷ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്റ്റേഷന് പുറത്തെ ശുചിമുറിയിൽ വെച്ച് ഗ്രീഷ്മ അണുനാശിനി കുടിക്കുകയായിരുന്നു. ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച ഗ്രീഷ്മയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ച് അടിയന്തര ചികിത്സ നൽകി. സുരക്ഷാ പരിശോധന നടത്തിയ ശുചിമുറിയുണ്ടായിട്ടും മുൻകരുതലുകളെടുക്കാതെ ഗ്രീഷ്മയെ പുറത്തെ ശുചിമുറിയിലേക്ക് കൊണ്ടുപോയ രണ്ട് വനിത പൊലീസുകാരെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നീ പൊലീസുകാരെയാണ് സസ്‌പെന്റ് ചെയ്തത്.

അതേസമയം പ്രത്യേക വൈദ്യസംഘത്തിന്റെ പരിശോധനയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരേണ്ടതില്ലെന്ന് വിലയിരുത്തിയാൽ മെഡിക്കൽ കേളേജിലെ പ്രത്യേക പൊലീസ് സെല്ലിലേക്ക് ഗ്രീഷ്മയെ മാറ്റും. ആരോഗ്യനില മെച്ചപ്പെട്ടാൽ ചോദ്യം ചെയ്യലടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഇതിനിടെ ഷാരോൺ രാജ് വധക്കേസിൽ പ്രതിയായ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സിന്ധു , നിർമ്മൽ കുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

സിന്ധുവിനേും നിർമ്മൽ കുമാറിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. അമ്മ സിന്ധുവും അമ്മാവൻ നിർമൽകുമാറിനെയും തെളിവ് നശിപ്പിച്ചതിനാണ് പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തന്നെ ഇരുവരേയും കസ്റ്റഡിയിൽ എടുത്തിരുന്നു . കൊലപാതകം ഗ്രീഷ്മ ഒറ്റയ്ക്കാണ് നടത്തിയതെന്നും ഗൂഢാലോചനയിൽ ഇവർക്ക് പങ്കില്ലെന്നുമാണ് പൊലീസ് പറയുന്നത്.