തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ലൈസോൾ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതി ഗ്രീഷ്മയുടെ ഡിസ് ചാർജ് വൈകുന്നു. തൽക്കാലം ജയിൽവാസം ഒഴിവാക്കാൻ വേണ്ടി ആസൂത്രിതമായാണ് ഗ്രീഷ്മ ലൈസോൾ കുടിച്ചതെന്ന ആരോപണം ശക്തമാണ്. ടോയ്‌ലറ്റ് ക്‌ളീനറായ ലൈസോൾ ഉള്ളിൽചെന്നതിനെ തുടർന്ന് തൊണ്ടയിലും അന്നനാളത്തിലും പൊള്ളലുകളുണ്ടായതായാണ് ഡോക്ടർമാരുടെ കണ്ടെത്തൽ.

അതുകൊണ്ട് തന്നെ കുടുതൽ പരിചരണം വേണമെന്ന ആവശ്യമാണ് ഡോക്ടർമാർ പറയുന്നത്. ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ടുന്നതിനാൽ ഗ്‌ളൂക്കോസും മരുന്നുകളും ആവശ്യമാണ്. അതിനാൽ ഇന്നലെയും ഗ്രീഷ്മയെ ഡിസ് ചാർജ് ചെയ്യാൻ ഡോക്ടർമാർ തയ്യാറായില്ല. ഐ.സി.യുവിൽ വനിത പൊലീസുകാരുടെ കാവലിലാണ് ഗ്രീഷ്മ. കസ്റ്റഡിയിൽ ആത്മഹത്യാശ്രമം നടത്തിയതിനാൽ കണ്ണിമവെട്ടാത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ബുധനാഴ്ചയും വിലയിരുത്തി. ഗ്രീഷ്മയെ മെഡിക്കൽ കോളേജിലെ പൊലീസ് സെല്ലിലേക്കു മാറ്റിയേക്കും. നിലവിൽ തെളിവുനശിപ്പിച്ച കുറ്റമാണ് ചുമത്തിയിട്ടുള്ളതെങ്കിലും കഷായത്തിൽ വിഷം കലർത്തുന്നതിന് ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുകയാണ്. ഗ്രീഷ്മയെയും സിന്ധുവിനെയും നിർമ്മലിനെയും കസ്റ്റഡിയിലാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും.

ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്താനാണ് ഉദ്ദേശിക്കുന്നത്. വീട് പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം പറയുന്നു. ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തശേഷം പുതിയ തെളിവുകൾ ലഭ്യമായാൽ അമ്മാവനെയും അമ്മയെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാനും കൂടുതൽ വകുപ്പുകൾ ഇരുവർക്കുമെതിരെ ചുമത്താനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.

കേസിലെ ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം നേരായ ദിശയിലാണ് ഇപ്പോൾ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഷാരോണിന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിനായി ഷാരോണിന്റെ വീട്ടിലെത്തിയ മന്ത്രി മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം പറഞ്ഞത്. പെൺകുട്ടിയുടെ വീട് തമിഴ്‌നാട്ടിലായതിനാൽ നിയമപരമായ തടസ്സങ്ങളില്ലാത്ത വിധത്തിൽ കേസ് അന്വേഷിച്ച് കുറ്റപത്രം നൽകി പ്രതികൾക്കു ശിക്ഷ ഉറപ്പാക്കുകയെന്നതാണ് ഇപ്പോൾ അന്വേഷണസംഘം ചെയ്യേണ്ടത്. അതിന്റെ നടപടികളുമായി ക്രൈംബ്രാഞ്ച് നല്ല രീതിയിൽ മുന്നോട്ടുപോവുകയാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കേസിന്റെ ആദ്യഘട്ടത്തിൽ ലോക്കൽ പൊലീസിനു പിഴവുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ക്രൈംബ്രാഞ്ച്കൃത്യസ്ഥലം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയായതിനാൽ കേസിന്റെ തുടരന്വേഷണവും കുറ്റപത്രസമർപ്പണവും ഉൾപ്പെടെയുള്ള നടപടികൾ തമിഴ്‌നാട് പൊലീസിന് കൈമാറുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് സംഘം നിയമോപദേശം തേടിയിട്ടുണ്ട്. ഷാരോണിന്റെ മരണമൊഴി ഒഴികെ സംഭവത്തിന്റെ ആസൂത്രണവും വിഷം കൊടുക്കലുമുൾപ്പെടെയുള്ള കാര്യങ്ങളെല്ലാം തമിഴ്‌നാട്ടിലെ ഗ്രീഷ്മയുടെ വീട്ടിൽ വച്ചായതിനാൽ നടപടികൾ അതിവേഗം പൂർത്തിയാക്കി തമിഴ്‌നാട് പൊലീസിന് കേസ് കൈമാറാനാണ് ശ്രമിക്കുന്നത്.

തങ്ങളുടെ അധികാര പരിധിക്ക് പുറത്തുണ്ടായ സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കാനും കുറ്റപത്രം സമർപ്പിക്കാനും സംസ്ഥാന പൊലീസ് ശ്രമിച്ചാൽ കേസിന്റെ വിചാരണഘട്ടത്തിൽ അത് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കിയാൽ പിന്നീട് സാക്ഷികളെ മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തുന്നതുൾപ്പെടെ മറ്റ് തെളിവ് ശേഖരണവും കുറ്റപത്ര സമർപ്പണവുമെല്ലാം പളുകൽ പൊലീസാകും നിർവഹിക്കുക. എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ നിർദ്ദേശപ്രകാരം എസ്‌പി ഡി.ശില്പയുടെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ഇന്നലെ രാത്രി റൂറൽ എസ്‌പി ഓഫീസിൽ യോഗം ചേർന്ന് കേസിന്റെ ഇതുവരെയുള്ള അന്വേഷണവും ഉടൻ പൂർത്തിയാക്കേണ്ട മറ്റ് നടപടികളും വിലയിരുത്തി.

കേസിൽ ഗ്രീഷ്മയുടെ പിതാവിനെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചുവെങ്കിലും അദ്ദേഹവും പൊലീസ് നിരീക്ഷണത്തിലാണ്. ഗ്രീഷ്മയെയും ബന്ധുക്കളെയും രണ്ടാം ഘട്ടം നടത്തുന്ന ചോദ്യം ചെയ്യലിൽ ഇക്കാര്യത്തിൽ അന്വേഷണ സംഘത്തിന് കൂടുതൽ വ്യക്തത വരുത്താനാവും. ഗ്രീഷ്മ കൊലപാതകം സംബന്ധിച്ച് ഗൂഗിളിൽ വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാൽ എങ്ങനെ കൊലപാതകം നടത്താം എന്നുള്ളത് സംബന്ധിച്ചല്ല ഗ്രീഷ്മ ഗൂഗിളിൽ തിരഞ്ഞതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. പൊലീസിന്റെ ചോദ്യംചെയ്യൽ എങ്ങനെയൊക്കെയായിരിക്കുമെന്ന് ഗൂഗിൾ നോക്കി വിശദമായി മനസിലാക്കുകയായിരുന്നു ഗ്രീഷ്മയുടെ ഉദ്ദേശ്യം. മരണത്തിൽ സംശയം തോന്നിയ പൊലീസ് പലതവണ ചോദ്യംചെയ്‌തെങ്കിലും ഒരു പതർച്ചയും ഗ്രീഷ്മ പ്രകടിപ്പിച്ചില്ല. പക്ഷേ, മാതാപിതാക്കൾക്കൊപ്പവും തനിച്ചുമുള്ള മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ഗ്രീഷ്മ പതറുകയായിരുന്നു. അതിനുശേഷമാണ് എല്ലാം ഏറ്റുപറഞ്ഞത്.

ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷകുപ്പി പറമ്പിൽ ഉപേക്ഷിച്ചുവെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞത്. ഷാരോൺ രാജിന്റെ മരണം സംബന്ധിച്ചുള്ള പൊലീസിന്റെ ചോദ്യങ്ങൾക്ക് വളരെ ശ്രദ്ധയോടെയാണ് ആദ്യം ഗ്രീഷ്മ മറുപടി പറഞ്ഞത്. മാത്രമല്ല തന്റെ പെരുമാറ്റത്തിൽ ശ്രദ്ധ പുലർത്തിയെന്നും ഗ്രീഷ്മ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഗ്രീഷ്മയുടെ വൈരാഗ്യമാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഗ്രീഷ്മയുടെ ചില സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഷരോണിന്റെ പക്കലുണ്ടായിരുന്നു. പല തവണ ആവശ്യപ്പെട്ടുവെങ്കിലും ഇവ ഡിലീറ്റ് ചെയ്യുന്നതിനോ ഗ്രീഷ്മയ്ക്ക് നൽകുന്നതിനോ ഷാരോൺ തയ്യാറായില്ല. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. ഈ ദൃശ്യങ്ങൾ പ്രതിശ്രുത വരന് ഷാരോൺ കൈമാറുമോ എന്ന് ഗ്രീഷ്മ ഭയന്നിരുന്നുവെന്നും ഗ്രീഷ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഷാരോണിന്റെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് ഷാരോണിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഗ്രീഷ്മയുമായുള്ള ബന്ധം ഷാരോൺ തുടരുന്നതിൽ വൻ എതിർപ്പാണ് പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്നും ഉണ്ടായത്. മകളുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രതിയുടെ അമ്മ ഷാരോണിനെയും മാതാപിതാക്കളെയും വിളിച്ചിരുന്നു. ഗ്രീഷ്മയ്ക്കും കുടുംബത്തിനും എതിരെ വലിയ ആരോപണങ്ങളാണ് ഷാരോണിന്റെ കുടുംബം ഉന്നയിച്ചത്. ഗ്രീഷ്മ പഠിച്ച കള്ളിയാണെന്നും യുവതിയുടെ അമ്മയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഷാരോണിന്റെ പിതാവ് പറഞ്ഞിരുന്നു. വിഷം കലർത്താൻ ഗ്രീഷ്മയുടെ അമ്മയാണ് അവസരമൊരുക്കിയതെന്നും മകൻ വരുന്ന ദിവസം ഈ സ്ത്രീ വീട്ടിൽ നിന്ന് മാറിനിന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഷാരോൺ രാജിന്റെ അവസാന ശബ്ദസന്ദേശവും കാമുകിയുമായി നടത്തിയ ജ്യൂസ് ചലഞ്ചിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് സംശയ മുനകൾ കാമുകിയിലേക്ക് നീങ്ങിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഗ്രീഷ്മയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടായതാണ് വഴിത്തിരിവായത്. പിന്നാലെ തുടർ ചോദ്യങ്ങൾക്ക് മുമ്പിൽ ഗ്രീഷ്മ പതറുകയായിരുന്നു. ഒടുവിൽ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ കാര്യം ഗ്രീഷ്മ സമ്മതിക്കുകയായിരുന്നു.