തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യാ ശ്രമം നടത്തിയത് നാടകമെന്ന് ക്രൈംബ്രാഞ്ചിന്റെ അനുമാനം. ബി എ പരീക്ഷയിൽ നാലാംറാങ്ക് നേടിയ പെൺകുട്ടിയുടേത് വലിയ ക്രിമിനൽ ബുദ്ധിയാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ലൈസോൺ കുടിച്ച് ആത്മഹത്യാ ശ്രമം നടത്തിയത് പൊലീസിന്റെ ചോദ്യം ചെയ്യലിൽ നിന്നും രക്ഷപെടാനുള്ള തന്ത്രങ്ങളാണെന്നാണ് കണക്കുകൂട്ടൽ. ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകാൻ പൊലീസ് പദ്ധതിയിട്ടെങ്കിലും ആ മോഹം ആത്മഹത്യാ ശ്രമത്തിൽ പൊലിയുകയായിരുന്നു.

ഈ കേസിന്റെ തുടക്കം മുതൽ തന്നെ വലിയ ആസൂത്രണമാണ് ഗ്രീഷ്മ നടത്തിയത്. മരിക്കുമ്പോൾ ഷാരോൺ പോലും അറിഞ്ഞിരുന്നില്ല തനിക്ക് കാമുകി വിഷം തന്നുവെന്ന്. ഷാരോണിന്റെ മരണത്തിന് ശേഷം യുവാവിന്റെ ബന്ധുക്കളെയും തെറ്റിദ്ധരിപ്പിക്കാൻ അവർ ശ്രമം നടത്തിയിരുന്നു. ഷാരോണിനെ താൻ ഒരിക്കലും അപായപ്പെടുതതാൻ ശ്രമിക്കില്ലെന്ന് പറഞ്ഞാണ് വിശ്വസിപ്പിച്ചത്.

ആരും ചിന്തിക്കാത്ത വഴിയിലൂടെ കാമുകന്റെ പ്രാണനെടുത്ത ഗ്രീഷ്മ പഠിത്തകാര്യത്തിൽ മിടുമിടുക്കിയായിരുന്നു. ഒപ്പം ഇംഗ്ലീഷ് ഉൾപ്പടെയുള്ള ഹൊറർ സിനിമകളുടെ കടുത്ത ആരാധികയും. തമിഴ്‌നാട്ടിലെ എംഎസ് സർവകലാശാലയിൽനിന്നും ബി എ ഇംഗ്ലിഷ് സാഹിത്യത്തിൽ 4ാം റാങ്ക് നേടിയിരുന്നു. കാമുകനെ ഇല്ലാത്താക്കാൻ അതിക്രൂരമായ രീതി തിരഞ്ഞെടുത്ത് ഹൊറൻ സിനിമകളുടെ സ്വാധീനമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണത്തെയും പൊലീസിന്റെ ചോദ്യംചെയ്യലിനെയും നേരിടാൻ രേഷ്മയ്ക്ക് ധൈര്യം നൽകിയതും ഈ ഹൊറർ പ്രേമം തന്നെ.

ഹൊറർ സിനിമകളുടെ വലിയൊരു ശേഖരം തന്നെ ഗ്രീഷ്മയുടെ പക്കലുണ്ടായിരുന്നു.ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷകുപ്പി പറമ്പിൽ ഉപേക്ഷിച്ചുവെന്നും, പെരുമാറ്റത്തിൽ ശ്രദ്ധ പുലർത്തിയെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പൊലീസിന്റെ ചോദ്യംചെയ്യൽ എങ്ങനെയൊക്കെയായിരിക്കുമെന്ന് ഗൂഗിൾ നോക്കി വിശദമായി മനസിലാക്കുകയും ചെയ്തു. മരണത്തിൽ സംശയം തോന്നിയ പൊലീസ് പലതവണ ചോദ്യംചെയ്‌തെങ്കിലും ഒരു പതർച്ചയും ഉണ്ടായിരുന്നില്ല. പക്ഷേ, മാതാപിതാക്കൾക്കൊപ്പവും തനിച്ചുമുള്ള മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ഗ്രീഷ്മ പതറി, പിന്നെ എല്ലാം ഏറ്റുപറഞ്ഞു.

ഇതിനിടെ ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഗ്രീഷ്മയുടെ വൈരാഗ്യമാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഗ്രീഷ്മയുടെ ചില സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഷരോണിന്റെ പക്കലുണ്ടായിരുന്നു. പല തവണ ആവശ്യപ്പെട്ടുവെങ്കിലും ഇവ ഡിലീറ്റ് ചെയ്യുന്നതിനോ ഗ്രീഷ്മയ്ക്ക് നൽകുന്നതിനോ ഷാരോൺ തയ്യാറായില്ല. ഇവ പ്രതിശ്രുത വരന് ഷാരോൺ കൈമാറുമോ എന്ന് ഗ്രീഷ്മ ഭയന്നിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഗ്രീഷ്മ പൊലീസിന് മൊഴി നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

പൊലീസുകാർക്കെതിരെ നടപടി വന്നേക്കും

അതേസമയം ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മുടെ ആരോഗ്യനിലയിൽ യാതൊരു കുഴപ്പമില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഗ്രീഷ്മയ്ക്ക് ഇപ്പോൾ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് റൂറൽ എസ്‌പി ഡി.ശിൽപ അറിയിച്ചു. 'ശുചി മുറിയിലെ ലായനി കഴിച്ചുവെന്നാണ് അവൾ പറഞ്ഞത്. ഇതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് ഉള്ളിലുള്ളത് ഛർദിച്ച് കളയാനുള്ള മരുന്ന് നൽകി. ഇപ്പോൾ ഒരു പ്രശ്നവുമില്ല, നില തൃപ്തികരമാണ്' എസ്‌പി മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിൽ നിരീക്ഷണത്തിലാണ് ഗ്രീഷ്മ. അതേ സമയം ഗ്രീഷ്മയെ നേരത്തെ നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു ശുചിമുറിയിലേക്ക് കൊണ്ടുപോയ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തരമായി നടപടിയെടുക്കുമെന്നും എസ്‌പി കൂട്ടിച്ചേർത്തു. നിലിവിൽ ഗ്രീഷ്മയുടെ ബന്ധുക്കളെ പ്രതിചേർത്തിട്ടില്ല. അവരെ ചോദ്യം ചെയ്തുവരികയാണെന്നും എസ്‌പി വ്യക്തമാക്കി.

ഗ്രീഷ്മയെ നോക്കാൻ വേണ്ടി മാത്രം നാലു പൊലീസുകാരെ നിയോഗിച്ചിരുന്നു. എല്ലാ പരിശോധനകളും നടത്തി ഗ്രീഷ്മയെ കൊണ്ടുപോകുന്നതിന് ഒരു ശുചിമുറി നിശ്ചയിച്ചിരുന്നു. ഇതിലേക്ക് മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂവെന്നും പറഞ്ഞിരുന്നു. പക്ഷേ വനിതാ പൊലീസ് ഉദ്യോഗസ്ഥർ വേറെ ഒരു ശുചിമുറിയിലേക്കാണ് കൊണ്ടുപോയത്. അത് വീഴ്ചയാണ്. അവർക്കെതിരെ ഇപ്പോൾ തന്നെ നടപടിയെടുക്കും. ഗ്രീഷ്മ ലായനി കുടിച്ചുവെന്ന് പറഞ്ഞു. ഛർദിക്കുകയും ചെയ്തു. തളർന്നുവീഴുന്ന സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല. അപ്പോൾ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി' എസ്‌പി പറഞ്ഞു.