തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത് ലൈസോൾ കുടിച്ചതിനെ തുടർന്നെന്ന് സ്ഥിരീകരണം. പൊലീസ് കസ്റ്റഡിയിൽ ഛർദിച്ചതിനെ തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടുത്തെ ഡോക്ടറോടാണ് ലൈസോൾ കുടിച്ച കാര്യം പറഞ്ഞത്. പിന്നീട് വിദഗ്ധ ചികിൽസയ്ക്കായി മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് മാറ്റി.

ശുചിമുറിയിൽ പോയി വന്ന ശേഷമായിരുന്നു ദേഹാസ്വാസ്ഥ്യം. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിച്ചു എന്ന് സംശയം ഉണ്ടായി. ഇതേ തുടർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ഇന്നലെ രാത്രി ഒന്നേകാലോടെയാണ് ഗ്രീഷ്മയെ നെടുമങ്ങാട് ഡിവൈഎസ്‌പി ഓഫീസിൽ എത്തിച്ചത്. ശുചിമുറിയിലുണ്ടായിരുന്ന ലൈസോൾ എന്ന് സ്ഥിരീകരണം. മെഡിക്കൽ ഐസിയുവിലേക്ക് മാറ്റി. ഗുരുതര സ്ഥിതി അല്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ജീവന് അപകടം സംഭവിക്കുന്ന അവസ്ഥയില്ലെന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ഇതോടെ ഇന്ന് തെളിവെടുപ്പ് നടക്കില്ലെന്ന് ഉറപ്പായി. മജിസ്ട്രേട്ട് ആശുപത്രിയിൽ എത്തി ഗ്രീഷ്മയെ റിമാൻഡ് ചെയ്യാനാണ് സാധ്യത.

പഠിക്കാൻ മിടുക്കിയും മാതാപിതാക്കളുടെ ഏക മകളുമായ ഗ്രീഷ്മ തമിഴ്‌നാട്ടിലെ എംഎസ് സർവകലാശാലയിൽനിന്നു ബിഎ ഇംഗ്ലിഷ് സാഹിത്യത്തിൽ 4ാം റാങ്ക് നേടിയിരുന്നു. ഹൊറർ സിനിമയുടെ ആരാധികയായിരുന്നു. പൊലീസ് അന്വേഷണത്തെ നേരിട്ടതും ചങ്കുറപ്പോടെയാണ് തുടക്കത്തിൽ. രണ്ടു തവണ മൊഴിയെടുത്തപ്പോഴും പൊലീസിനു സംശയം തോന്നിയില്ല. എന്നാൽ ജില്ലാ റൂറൽ പൊലീസിന് കീഴിലെ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തതോടെ സത്യം കണ്ടെത്തി. 29ന് വൈകിട്ട് ഷാരോണിന്റെ വൈദ്യപരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ചു.

ഷാരോൺ ഛർദിച്ചതു നീലയും പച്ചയും കലർന്ന നിറത്തിലായിരുന്നു എന്നതു വിലയിരുത്തി. കീടനാശിനി എന്ന സംശയത്തിലേക്ക് ഇതു വഴിതെളിച്ചു. തുടർന്ന് ഗ്രീഷ്മയെയും മാതാപിതാക്കളെയും ചോദ്യംചെയ്യാൻ ഇന്നലെ വിളിപ്പിച്ചു. അവർക്കൊപ്പവും തനിച്ചുമുള്ള ചോദ്യംചെയ്യൽ മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഗ്രീഷ്മ പതറി, പിന്നെ എല്ലാം ഏറ്റുപറഞ്ഞു. അതിന് ശേഷം ഗ്രീഷ്മയെ സുരക്ഷിതമാക്കാനായി നെടുമങ്ങാട്ടേക്ക് പൊലീസ് മാറ്റുകയായിരുന്നു. ഇതിനിടെയാണ് ശുചിമുറിയിൽ കയറി ലൈസോൾ കുടിച്ചത്. ഇതോടെ വിഷക്കുപ്പി കണ്ടെത്താനുള്ള പൊലീസ് നീക്കവും പ്രതിസന്ധിയിലാകുകയാണ്.

കൊല്ലണമെന്ന ഉദേശത്തോടെയാണ് ഷാരോൺ രാജിനെ പ്രതി ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് എഡിജിപി എംആർ അജിത് കുമാർ വെളിപ്പെടുത്തിയിരുന്നു. ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രീഷ്മ. കഷായത്തിൽ കാപിക് എന്ന കളനാശിനി ചേർത്തുകൊടുത്താണ് ഷാരോണിനെ ഗ്രീഷ്മ കൊന്നത്. കൊലപാതകത്തിൽ മാതാപിതാക്കൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണ്. ഇതിനിടെയാണ് ഗ്രീഷ്മ വിഷം കുടിക്കാൻ ശ്രമിക്കുന്നത്.

ഒരു വർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഫെബ്രുവരിയിൽ മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു. തുടർന്നാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചത്. എന്നാൽ ഷാരോൺ നിവീണ്ടും ബന്ധം തുടരണമെന്ന് നിർബന്ധിച്ചു. ഇതോടെയാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചത്. കുപ്പിയിലെ കഷായമല്ല ഷാരോണിന് നൽകിയതെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഗ്രീഷ്മ വീട്ടിൽ തന്നെ ഉണ്ടാക്കിയ കഷായമാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. സമുശൂ എന്ന കീടനാശിനിയാണ് കഷായത്തിൽ കലർത്തിയത്. ഈ കീടനാശിനിയിൽ കോപ്പർസർഫെറ്റ് സാന്നിധ്യമില്ലെന്നും എഡിജിപി പറഞ്ഞു.