- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'ഓപ്പറേഷൻ പാം ട്രീ' റെയ്ഡിൽ കണ്ടെത്തിയത് 1170 കോടിയുടെ വ്യാജ ഇടപാട്
തിരുവനന്തപുരം: സംസ്ഥാനത്ത് 'ഓപ്പറേഷൻ പാം ട്രീ' റെയ്ഡിൽ കണ്ടെത്തിയത് 1170 കോടിയുടെ വ്യാജ ഇടപാട് ജിഎസ്ടി വകുപ്പ് കണ്ടെത്തി. ആക്രി, സ്റ്റീൽ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലെ പരിശോധനയിലാണ് കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. ആകെ 209 കോടി രൂപയുടെ നികുതി നഷ്ടമുണ്ടായതായി കണ്ടെത്തി.
ഇന്ന് പുലർച്ചെ മുതൽ സംസ്ഥാനത്തെ 148 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഷെൽ കമ്പനികൾ ഉണ്ടാക്കി നികുതി വെട്ടിക്കുന്നെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു പരിശോധന. കേരളത്തിൽ ഈ മേഖലയിൽ നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനാണിതെന്നും ജിഎസ്ടി വകുപ്പ് അറിയിച്ചു.
സംസ്ഥാന ജിഎസ്ടി രഹസ്യാന്വേഷണ വിഭാഗവും എൻഫോഴ്‌സ്‌മെന്റ് വിഭാഗവും ചേർന്നാണ് 'ഓപ്പറേഷൻ പാം ട്രീ' എന്ന പേരിൽ പരിശോധന നടത്തിയത്. നികുതിവെട്ടിപ്പ് നടത്തിയവരുടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും രാത്രിയിലും പരിശോധന തുടർന്നു. തൊഴിൽ നൽകാമെന്ന് പറഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്നും മറ്റു വ്യക്തികളിൽ നിന്നും ശേഖരിക്കുന്ന ഐ.ഡി കാർഡുകൾ ഉപയോഗിച്ച് അവരുടെ പേരുകളിൽ വ്യാജ രജിസ്‌ട്രേഷൻ എടുത്താണ് നികുതി വെട്ടിപ്പ് നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി 148 വ്യക്തികളുടെ പേരിൽ എടുത്ത ജിഎസ്ടി രജിസ്‌ട്രേഷനുകളിലായി 1170 കോടി രൂപയുടെ വ്യാജ ഇടപാട് നടത്തിയതിൽ 209 കോടി രൂപയുടെ നികുതി നഷ്ടം വരുത്തിയതായാണ് കണ്ടെത്താനായത്. മുൻപ് വ്യാജ ബില്ലിങിനെതിരെ നടപടി എടുക്കാൻ രാജ്യവ്യാപകമായി പ്രത്യേക ഡ്രൈവ് നടത്തിയിരുന്നു. കേരളത്തിലും ഇത്തരം നികുതി വെട്ടിപ്പിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ഇത്തരം നികുതി വെട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെയുള്ള അന്വേഷണവും നടപടികളും ശക്തമായി തുടരുമെന്നും സംസ്ഥാന ജിഎസ്ടി കമ്മീഷണർ അറിയിച്ചു.
അതേസമയം, കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷം ശരാശരി ചരക്ക് സേവന നികുതി വരുമാനത്തിൽ മികച്ച വളർച്ചയാണ് രാജ്യവ്യാപകമായി ഉണ്ടായത്. 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ 11 മാസത്തെ ശരാശരി ജിഎസ്ടി കളക്ഷൻ 1.67 ലക്ഷം കോടി രൂപയാണ്. അതേസമയം 2022-23 ലെ ശരാശരി ജിഎസ്ടി കളക്ഷൻ 1.5 ലക്ഷം കോടി രൂപയായിരുന്നു. ഈ വർഷം ഫെബ്രുവരിയിലെ ജിഎസ്ടി കളക്ഷൻ 12.5 ശതമാനം വർധിച്ച് 1,68,337 കോടി രൂപയായി. ആഭ്യന്തര വ്യാപാര ഇടപാടുകളിലെ ജിഎസ്ടി വരുമാനം 13.9 ശതമാനം വർധിച്ചു.
ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള ജിഎസ്ടി വരുമാനം 8.5 ശതമാനം ഉയർന്നു. റീഫണ്ടുകൾ കൊടുത്തതിന് ശേഷം, ഫെബ്രുവരി മാസത്തെ ജിഎസ്ടി കളക്ഷൻ 1.51 ലക്ഷം കോടി രൂപയാണ്, ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 13.6 ശതമാനം കൂടുതലാണ്. 2023-24ൽ ജിഎസ്ടി വരുമാനത്തിൽ തുടർച്ചയായ വളർച്ചയുണ്ടായതായി ധനമന്ത്രാലയം അറിയിച്ചു. 2023-24 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിലെ ജിഎസ്ടി കളക്ഷൻ 18.40 ലക്ഷം കോടി രൂപയായിരുന്നു, ഇത് 2022-23 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11.7 ശതമാനം കൂടുതലാണ്.
2023 ഫെബ്രുവരിയിലെ ജിഎസ്ടിയിൽ, സിജിഎസ്ടി കളക്ഷൻ 31,875 കോടി രൂപയും എസ്ജിഎസ്ടി 39,615 കോടി രൂപയുമാണ്. ഇറക്കുമതി ചെയ്ത ചരക്കുകളിൽ നിന്നുള്ള 38,592 കോടി രൂപ ഉൾപ്പെടെ 85,098 കോടി രൂപയാണ് ഐജിഎസ്ടി കളക്ഷൻ. സെസ് പിരിവ് 12,839 കോടി രൂപയും അതിൽ ഇറക്കുമതി ചെയ്ത ചരക്ക് സെസ് പിരിവ് 984 കോടി രൂപയുമാണ്.