കാസർകോട്: പ്രവാസി വ്യവസായിയായ ഭാര്യാപിതാവിൽനിന്ന് 108 കോടി രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതി ഹാഫിസ് മുഹമ്മദിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഇ.ഡി പിടിച്ചെടുത്തത് നിർണ്ണായക രേഖകൾ. ഹാഫിസ് മുഹമ്മദ് കുദ്രോളിയുടെ കാസർകോട്ടെ വീട്ടിലടക്കം ഇയാളുമായി ബന്ധപ്പെട്ട ഒൻപത് കേന്ദ്രങ്ങളിലാണ് ഇ.ഡി. സംഘം പരിശോധന നടത്തിയത്. റെയ്ഡിൽ 12.5 ലക്ഷം രൂപയും 1600 ഗ്രാം സ്വർണവും ഇ.ഡി. സംഘം പിടിച്ചെടുത്തു. ഹാഫിസിന്റെ 4.4 കോടി രൂപയുടെ സ്ഥിരനിക്ഷേപം ഇ.ഡി. മരവിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ കർണാടകയിലെ എംഎ‍ൽഎ. എൻ.എ.ഹാരിസിന്റെ സ്റ്റിക്കർ പതിച്ച കാറും ഹാഫിസിന്റെ വീട്ടിൽനിന്ന് കണ്ടെത്തി. എൻ.എ. ഹാരിസിന് അനുവദിച്ച ഔദ്യോഗിക സ്റ്റിക്കർ പതിച്ച കാറാണ് കണ്ടെത്തിയത്.

ആയിരം പവൻ സ്ത്രീധനം നൽകിയുള്ള വിവാഹം. കേൾക്കുമ്പോൾ തന്നെ ആരായാലും അത്ഭുതംകൂറും. മകളെ ആവശ്യത്തിൽ അധികം സ്വത്ത്് നൽകിയാണ് ആലുവ തൈനോത്തിൽ റോഡിൽ അബ്ദുൾ ലാഹിർ ഹസൻ എന്ന വ്യവസായി വിവാഹം ചെയ്ത് അയച്ചത്. എന്നാൽ അവിടെ മരുമകൻ സ്വീകരിച്ചതാകട്ടെ നനഞ്ഞിടം കുഴിക്കുക എന്ന ശൈലിയും. പലപ്പോഴായി വിവിധ ആവശ്യങ്ങളുടെ പേരിൽ തട്ടിയെടുത്തത് 108 കോടിയിൽ അധികം രൂപയും. ആലുവയിലെ വ്യവസായി മരുമകനെതിരെ ഉന്നയിക്കുന്നത് ഗുരുതര പരാതിയായിരുന്നു. ഈ കേസിലാണ് ഹാരിസിനെ അറസ്റ്റ് ചെയ്തത്. കേരളാ പൊലീസിന്റെ ഈ നടപടിക്ക് ശേഷം ഇഡിയും കേസെടുത്തു.

ഗോവ - കർണ്ണാടക ചുമതലയുള്ള ഇൻകംടാക്സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റർ ഹെഡ് നിർമ്മിച്ച് പണം തട്ടിയ കേസിൽ ഗോവ പൊലീസ് ഹാഫിസ് കുദ്രാളിയെ ബംഗ്ളൂരുവിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ കേരളാ പൊലീസും അറസ്റ്റു ചെയ്തു. ആലുവ സ്വദേശിയായ അബ്ദുൾ ലാഹിറിൽ നിന്നാണ് പലപ്പോഴായി മുഹമ്മദ് ഹാഫിസ് കോടികൾ തട്ടിയെടുത്തിരുന്നത്. എറണാകുളം മരടിലെയും ബംഗളൂരുവിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്ന പേരിൽ വ്യാജ രേഖകൾ നൽകി വിശ്വസിപ്പിച്ചാണ് ഹാഫിസ് കുദ്രോളി ഭാര്യാ പിതാവായ ലാഹിർ ഹസ്സനിൽ നിന്നും 108 കോടി തട്ടിയെടുത്തത്. ഈ പണമെല്ലാം എൻ.ആർ.ഐ അക്കൗണ്ട് വഴി നൽകിയതിന്റെ രേഖകൾ ദുബായിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമ കൂടിയായ ലാഹിർ ഹസ്സൻ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

തട്ടിപ്പ് വ്യക്തമായതോടെ ഹാഫിസ് കുദ്രോളിയുടെ ഭാര്യ ഹാജിറ വിവാഹ മോചനത്തിനായി ആലുവ കുടുംബ കോടതിയിൽ നിലവിൽ കേസ് ഫയൽ ചെയ്തു. തന്റെ പിതാവിൽ നിന്നും തട്ടിയെടുത്ത 108 കോടി രൂപ , എന്ത് ആവശ്യത്തിനാണ് ഹാഫിസ് ഉപയോഗിച്ചതെന്നതും , ആർക്കൊക്കെ ഈ പണം പോയിട്ടുണ്ട് എന്നതിനെ കുറിച്ചു കൂടി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹാജിറ നൽകിയ പരാതിയിലും ക്രൈംബ്രാഞ്ച് പ്രത്യേകമായി അന്വേഷണം നടത്തി. ആന്റി ടെററിസ്റ്റ് സക്വാഡിന് ഇമെയിൽ വഴി ലഭിച്ച പരാതിയിലും ഹാഫിസ് കുദ്രാളിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. കേന്ദ്ര ഐ.ബിയും ലാഹിർ ഹസ്സനിൽ നിന്നും വിവരങ്ങൾ തേടി. ഇതിനൊപ്പമാണ് ഇഡിയും കേസിൽ ഇടപെട്ടത്.

ഹാഫിസ് തന്റെ പിതാവിൽ നിന്നും മാത്രമല്ല, മറ്റു പലരുടെയും അടുത്ത് നിന്നും പണം തട്ടിപ്പ് നടത്തിയതായാണ് അറിവെന്നും, അങ്ങനെയാണെങ്കിൽ 108 നും പുറമെ പിന്നെയും ഒരുപാട് കോടികൾ തട്ടിയെടുത്തിട്ടുണ്ടാകുമെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ പണമെല്ലാം എന്തിനു വേണ്ടിയാണ് ഹാഫിസ് ഉപയോഗിച്ചതെന്നത് പ്രത്യേകമായി തന്നെ അന്വേഷിക്കണമെന്നതായിരുന്നു ഹാജിറ ആവശ്യപ്പെട്ടിരുന്നത്.

ഗൾഫിൽ സ്വന്തമായി വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ് ആലുവ തൈനോത്തിൽ റോഡിൽ അബ്ദുൾ ലാഹിർ ഹസൻ. വിദ്യാഭ്യാസ രംഗത്താണ് അദ്ദേഹം പണമിറക്കി വെന്നിക്കൊടി പാറിച്ചത്. ഇതോടെ നാട്ടിലെയും ബിസിനസുകളിൽ അദ്ദേഹം പണമിറക്കിയിരുന്നു. മകളുടെ വിവാഹം കഴിഞ്ഞതിന് ശേഷം മരുമകനെ വിശ്വസിച്ച് ബിസിനസിൽ സ്വാതന്ത്ര്യം കൊടുത്തതാണ് താൻ കബളിപ്പിക്കപ്പെടാൻ കാരണമെന്നാണ് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

കാസർകോട് സ്വദേശിയായ മരുമകൻ മുഹമ്മദ് ഹാഫിസ് പല ഘട്ടങ്ങളായി തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തെന്നാണ് വ്യവസായി പരാതിയിൽ പയുന്നത്. പല പദ്ധതികളുടെ പേരിലാണ് പണം തട്ടിയത് എന്നാണ് ലാഹിർ ഹസൻ ആരോപിക്കുന്നത്. അബ്ദുൾ ലാഹിർ ഹസൻ എൻ.ആർ.ഐ. അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. അഞ്ച് വർഷം മുമ്പാണ് അബ്ദുൾ ലാഹിർ ഹസൻ മകളെ ഹാഫിസിന് വിവാഹം ചെയ്ത് നൽകിയത്. പിന്നീട് പല പേരുകൾ പറഞ്ഞ് ഇയാൾ പണം തട്ടുകയാണ് എന്നാണ് പരാതി. തന്റെ കമ്പനിയിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടന്നുവെന്നു പറഞ്ഞ് പിഴയടയ്ക്കാനെന്ന മട്ടിൽ 3.9 കോടി രൂപ വാങ്ങിയാണ് തട്ടിപ്പിന്റെ തുടക്കം.

ബെംഗളൂരുവിൽ കെട്ടിടം വാങ്ങാൻ പണം നൽകിയെങ്കിലും വ്യാജരേഖ നൽകി കബളിപ്പിച്ചു. ബോളിവുഡ് താരം സോനം കപൂറിനെന്ന പേരിൽ 35 ലക്ഷം രൂപയോളം ചെലവാക്കി വസ്ത്രം ഡിസൈൻ ചെയ്യിപ്പിച്ച് ബൊട്ടീക് ഉടമയായ തന്റെ ഭാര്യയെയും കബളിപ്പിച്ചു. സൽമാൻ ഖാനൊപ്പമുള്ള ചിത്രങ്ങൾ അടക്കം ഹാഫിസ് പോസ്റ്റു ചെയ്തിട്ടുണ്ട്. ഹാഫിസും പിതാവ് ഷാഫിയും മാതാവ് ആയിഷയും പാർട്ണർമാരായ കുതിരോളി ബിൽഡേഴ്‌സിലേക്കും തട്ടിയെടുത്ത പണത്തിൽ ഏഴ് കോടിയോളം രൂപ എത്തി. വിവാഹത്തിനു നൽകിയ 1000 പവൻ സ്വർണവും വജ്രവുമടങ്ങുന്ന ആഭരണങ്ങൾ വിറ്റുവെന്നും തന്റെ മകന്റെ ഭാര്യയുടെ പേരിലുള്ള ഒന്നരക്കോടി രൂപയുടെ റെയ്ഞ്ച് റോവർ വാഹനം കൈവശപ്പെടുത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയിലെ ടൂറിസം മന്ത്രി മംഗൽ പ്രഭാത് ലോധക്കിന് എറണാകുളത്തുള്ള തന്റെ വാണിജ്യ കെട്ടിടം കച്ചവടമാക്കാമെന്ന പേരു പറഞ്ഞും കബളിപ്പിച്ചു. മന്ത്രിയുടെ വ്യാജക്കത്ത് ഉണ്ടാക്കി 47 കോടി രൂപയാണ് തട്ടിയെടുത്തത്. പല ഘട്ടത്തിലും പണം വാങ്ങുന്നതിനായി ഹാഫിസ് നൽകിയ ബിരുദ സർട്ടിഫിക്കറ്റും ഇയാൾ നൽകിയ രേഖകളുമെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. ഇതിനിടെ തന്റെ മകൾ ഭർത്താവിനെ ഉപേക്ഷിച്ച് ദുബായിലുള്ള തന്റെ അടുത്തേക്ക് പോന്നുവെന്നും അബ്ദുൾ ലാഹിർ ഹസൻ പരാതിയിൽ പറയുന്നു. ഇതെല്ലാം ഇഡി വിശദപരിശോധനയ്ക്ക് വിധേയമാക്കും.