കൊച്ചി: രാജ്യാന്തര ഭീകരപ്രവർത്തനങ്ങൾക്കു പണം നൽകുന്ന പാക്കിസ്ഥാനിലെ 'ഹാജി സലിം ഡ്രഗ് നെറ്റ്‌വർക്ക്' കേരളത്തിനും ഭീഷണി. ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ച 200 കിലോഗ്രാം ലഹരിമരുന്നാണു നാവികസേനയുടെ സഹായത്തോടെ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) പിടികൂടിയതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. കേരള തീരങ്ങളെ ഉപയോഗിച്ചാണ് ഈ കടത്ത്. തമിഴ് പുലികളേയും ഇസ്ലാമിക തീവ്രവാദികളേയും കൂട്ടുപിടിച്ചാണ് കടത്ത്.

ഹാജി സലിം പാക്കിസ്ഥാനിയാണ്. പാക്കിസ്ഥാനി ഡ്രഗ് സിൻഡിക്കേറ്റും പഴയ തമിഴ് പുലികളും തമ്മിലുള്ളത് അടുത്ത ബന്ധമാണ്. ദുബായിലെ സ്ഥിര സന്ദർശകനാണ് ഹാജി സലിം. കഴിഞ്ഞ വർഷം കേരളത്തിലെ തീരത്ത് ശ്രീലങ്കൻ ബോട്ടിലെ ഹെറോയിൻ കടത്ത് പിടിച്ചിരുന്നു.അന്ന് കുടുങ്ങിയവർക്ക് ഹാജി സലിമുമായി നേരിട്ട് ബന്ധമുണ്ടായികുന്നു. ശ്രീലങ്കയിലേക്ക് എകെ 47 തോക്ക് കടത്തിയ കേസിലും ഇയാൾ സംശയ നിഴലിലാണ്. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയാണ് ഹാജി സലിം എന്നും സൂചനകളുണ്ട്. ഹാജി സലിമിനെതിരെ നിരവധി തെളിവുകൾ ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. ഇന്റർപോളിനെ ഇക്കാര്യങ്ങൾ ഇന്ത്യ അറിയിക്കും.

അഫ്ഗാനിൽ നിന്ന് ഹെറോയിൻ വാങ്ങി പാക്കിസ്ഥാൻ ഇറാൻ അതിർത്തിയിൽ എത്തിക്കും. ഇറാനിലേയും പാക്കിസ്ഥാനിലേയും ചെറു തുറമുഖങ്ങളിൽ നിന്ന് ബോട്ടുകളിലേക്ക് ഇത് മാറ്റും. അതിന് ശേഷം കടലിൽ വച്ച് ചെറിയ ഉരുകളിലേക്കും ഡ്രഗ്‌സ് കൈമാറും. ഇത് സുരക്ഷിതമായി ശ്രീലങ്കയിൽ എത്തിക്കും. അവിടെ നിന്ന് ഇന്ത്യയിലേക്കും ഓസ്‌ട്രേലിയയിലേക്കും കടത്തും. എൽടിടിഇയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീലങ്കയിലെ തമിഴ് വംശജരിലെ തീവ്രവാദ സ്വഭാവമുള്ളവർ കടത്തിൽ പങ്കാളിയാകുന്നത്. ഇവരിലൂടെ കൊച്ചി വഴി കേരളത്തിലെ ഭീകര പ്രവർത്തകരിലേക്കും ഡ്രഗ്‌സ് എത്തുന്നു.

കൊച്ചിയിൽ പിടികൂടിയ 1200 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നു വിൽപനയിലൂടെ കിട്ടുന്ന തുക ആർക്കുള്ളതായിരുന്നെന്നു കണ്ടെത്തിയിട്ടില്ല. ലഹരിമരുന്നു പായ്ക്കറ്റുകളിൽ കണ്ട തേൾ, ഡ്രാഗൺ മുദ്രകൾ അർഥമാക്കുന്നതെന്താണെന്നു കണ്ടെത്താനും എൻസിബി ശ്രമം തുടങ്ങി. വെള്ളം കയറാത്ത 7 പാളികളുള്ള പ്ലാസ്റ്റിക് കവറിലാണു ലഹരിമരുന്നു സൂക്ഷിച്ചിരുന്നത്. പിടിക്കപ്പെട്ട ലഹരിമരുന്ന് ഏതെങ്കിലും ഭീകരസംഘടനകൾക്കു വേണ്ടിയാണു കടത്തിയതെന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്നും എൻസിബി ഡപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ സിങ് വ്യക്തമാക്കി.

പാക്കിസ്ഥാനിൽ നിന്നു 400 കിലോഗ്രാം ലഹരിമരുന്ന് ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും കടത്തുന്നതായുള്ള രഹസ്യവിവരമാണ് എൻസിബി ഇന്റലിജൻസ് വിഭാഗത്തിനു ലഭിച്ചത്. ഇതിൽ 200 കിലോഗ്രാം ലഹരിമരുന്നാണു പിടികൂടാൻ കഴിഞ്ഞത്. പാക്കിസ്ഥാൻ ബോട്ടിൽ കടത്തിക്കൊണ്ടുവന്ന ലഹരിമരുന്നു പിന്നീട് ഇറാൻ ബോട്ടിലേക്കു മാറ്റിക്കയറ്റുകയായിരുന്നു. ലഹരി കടത്തിൽ പാക്കിസ്ഥാന്റെ പങ്കാളിത്തം മറയ്ക്കുന്നതിനാണ് ഈ തന്ത്രം പ്രയോഗിച്ചത്. ഹാജി സലിം നെറ്റ്‌വർക്ക് കടത്തിയ ലഹരിമരുന്നു മുൻപു 2 തവണ എൻസിബി പിടികൂടിയിട്ടുണ്ടെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.

തീരക്കടലിൽ പിടിയിലായ 6 പേരും ഇറാൻ സ്വദേശികളാണെന്നു സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്നു പാക്കിസ്ഥാൻ വഴി കടത്തിയ ലഹരിമരുന്നു പാതിവഴിയിൽ ഇന്ത്യ, ശ്രീലങ്ക ബോട്ടുകളിലേക്കു മാറ്റിക്കയറ്റാനാണു പ്രതികൾക്കു നിർദ്ദേശം ലഭിച്ചിരുന്നത്. ലഹരി കടത്തിയ പാക്കിസ്ഥാൻ ബോട്ടും കാത്തുകിടന്ന ശ്രീലങ്കൻ ബോട്ടും കണ്ടെത്താൻ നടത്തിയ ശ്രമം വിജയിച്ചില്ല. ഇറാൻ പൗരന്മാരുടെ ചോദ്യംചെയ്യൽ തുടരുകയാണ്.

പാക്കിസ്ഥാൻ തീരത്ത് നിന്ന് പാക് ബോട്ടിൽ കൊണ്ടുവന്ന് പുറങ്കടലിൽ വച്ച് മയക്കുമരുന്ന് ഇറാൻ ഉരുവിലേക്ക് മാറ്റുന്നതാണ് ഇവരുടെ രീതി. ഇന്ത്യൻ നാവിക സേനയെ കബളിപ്പിക്കാനാണിത്. ഇറാനിലെ മക്രാൻ തീരത്തുനിന്നുള്ള സംഘങ്ങളാണ് ഉരുവിലും ബോട്ടുകളിലും എത്തുന്നത്. ശ്രീലങ്കയിലോ മക്രാൻ തീരത്തോ എത്തിച്ച ശേഷം ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തും .ഉരുവിൽ ആയുധങ്ങൾ ഇല്ലായിരുന്നെങ്കിലും സാറ്റലൈറ്റ് ഫോണും മൂന്നു സ്മാർട്ട് ഫോണുകളും പിടിച്ചെടുത്തു.

നാവിക സേന എത്തിയപ്പോൾ ഹെറോയിൻ പാക്കറ്റുകൾ കടലിൽ തള്ളാനും ബോട്ടു മുക്കിക്കളയാനും ശ്രമമുണ്ടായി. വെള്ളം കയറാത്ത വിധം പ്‌ളാസ്റ്റിക് കവറുകളിലാക്കിയ 200 പായ്ക്കറ്റുകളിലായിരുന്നു ഹെറോയിൻ. ഇത് ശ്രീലങ്കൻ ബോട്ടിന് നൽകാനായിരുന്നു ഉദ്ദേശ്യം. ഈ ബോട്ട് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അഫ്ഗാനിലെയും പാക്കിസ്ഥാനിലെയും മയക്കുമരുന്ന് മഫിയകളാണ് ഇന്ത്യൻ സമുദ്രത്തിലൂടെ ഹെറോയിനും ചരസും മെത്താംഫെറ്റമിനും കടത്തുന്നത്. ഏതാനും വർഷങ്ങളായി ഈ പാതയിൽ ഇവർ സജീവമാണ്.

എൻസിബി ചെന്നൈ മേഖലാ ഡയറക്ടർ പി.അരവിന്ദൻ, നാവികസേന ലഫ്.കമാൻഡർ പി.എസ്.സജിൻ എന്നിവരാണു നേതൃത്വം നൽകിയത്. തീരത്തു നിന്ന് 1200 നോട്ടിക്കൽ മൈൽ ദൂരെയാണു ലഹരി കടത്തിയ ഇറാൻ ബോട്ട് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ബോട്ട് കൊച്ചി തുറമുഖത്തെ മട്ടാഞ്ചേരി വാർഫിൽ സൂക്ഷിച്ചിട്ടുണ്ട്.