- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് മക്കളുടെ അമ്മ ചാലക്കുടിയിൽ നിന്ന് ഗൾഫിൽ പോയത് 2019ൽ; മൂന്ന് മാസം കഴിഞ്ഞ് വീട്ടിലെത്തിയത് മൃതദേഹം; രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ സത്യം തെളിഞ്ഞു; നാട്ടിലിരുന്ന് ഷൈബിൻ മൊബൈലിലൂടെ നിർദ്ദേശം നൽകി; അബുദാബിയിൽ കൂട്ടു പ്രതികൾ ഹാരീസിനേയും ഡെൻസിയേയും വകവരുത്തി; തെളിവ് കിട്ടുമെന്ന പ്രതീക്ഷയിൽ നിലമ്പൂർ പൊലീസ്
ചാലക്കുടി: നാട്ടിലിരുന്ന് ഷൈബിൻ അഷ്‌റഫ് നൽകിയ നിർദേശപ്രകാരം അബുദാബിയിൽ കൃത്യം നിർവഹിച്ചു. പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നിലമ്പൂർ കൈപ്പഞ്ചേരി ഷൈബിൻ അഷ്‌റഫാണു ഇരട്ടക്കൊലപാതകത്തിന്റെ സൂത്രധാരനെന്ന് കൂട്ടുപ്രതികൾ മൊഴി നൽകിയതാണ് നിർണ്ണായകമായത്. ഡെൻസിയുടെ റീ പോസ്റ്റ്‌മോർട്ടം അതിനിർണ്ണായകം. രണ്ടര വർഷം മുൻപു മരിച്ച ഡെൻസിയുടെ മരണത്തിലെ ദുരൂഹതകൾ പോസ്റ്റ്‌മോർട്ടത്തിലൂടെ മാറുമെന്നാണ് പ്രതീക്ഷ.
അബുദാബി ഇരട്ടക്കൊലപാതകത്തിൽ മരിച്ച ഡെൻസിയുടേത് വാഹനാപകടമാണെന്നാണ് ആദ്യം വീട്ടുകാർക്കു ലഭിച്ച വിവരം. പിന്നീടു ഹൃദയാഘാതമാണെന്നും അറിയിച്ചു. അബുദാബിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സെന്റ് ജോസഫ്‌സ് പള്ളിയിലാണ് സംസ്‌കാരം നടത്തിയത്. നോർത്ത് ചാലക്കുടി വാളിയേങ്കൽ റോസിലിയുടെ മകളാണ് ഡെൻസി (38). മൂന്നു മക്കളുടെ അമ്മയായ ഇവർ 2019 ഡിസംബറിലാണു ജോലി തേടി അബുദാബിയിലേക്കു പോയത്. മൂന്നു മാസം കഴിഞ്ഞായിരുന്നു മരണം. മകളുടേതു കൊലപാതകമാണെന്ന വിവരം ഏതാനും ദിവസം മുൻപു മാത്രമാണു കുടുംബാംഗങ്ങൾ അറിഞ്ഞത്.
ജോലി ചെയ്തിരുന്ന കമ്പനിയിലെ മാനേജരാണെന്നു പറഞ്ഞ് അൻവർ എന്നയാളാണ് കൊലപാതകമാണെന്ന വിവരം അറിയിച്ചത്. പിന്നീടു നിലമ്പൂരിൽ നിന്നും ചാലക്കുടിയിൽ നിന്നും പൊലീസ് എത്തി മൊഴിയെടുത്തു. കേസ് അന്വേഷിക്കുന്ന നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ.എബ്രഹാം നൽകിയ അപേക്ഷ പ്രകാരമാണ് റീ പോസ്റ്റ്‌മോർട്ടത്തിന് അനുമതി ലഭിച്ചത്. ഷൈബിന്റെ ബിസിനസ് പങ്കാളി കോഴിക്കോട് സ്വദേശി ഹാരിസിന്റെ സ്ഥാപനത്തിലാണ് ഡെൻസി ജോലി ചെയ്തിരുന്നത്. ഹാരിസിനെയും ഡെൻസിയെയും 2020 മാർച്ച് 5നാണ് അബുദാബിയിൽ മരിച്ച നിലയിൽ കണ്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തതെന്നായിരുന്നു അബുദാബി പൊലീസിന്റെ ആദ്യ നിഗമനം.
ഷാബാ ഷെരീഫ് വധക്കേസിൽ അറസ്റ്റിലായ നൗഷാദ്, ചീര ഷഫീഖ്, പുതുക്കുളങ്ങര ഷബീബ് റഹ്‌മാൻ, കുത്രാടൻ അജ്മൽ, പൊരി ഷമീം എന്നിവരാണ് ഇരട്ടക്കൊല കേസിലെ തങ്ങളുടെ പങ്ക് സമ്മതിച്ചത്. ഒരാഴ്ച മുൻപു ഹാരിസിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഡെൻസിയുടെ റി പോസ്റ്റുമോർട്ടം. കുന്നമംഗലം ഈസ്റ്റ് മലയമ്മ സ്വദേശിയായ ഹാരിസിനെയും മാനേജരായ യുവതിയെയും അബുദാബിയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 2020 തിലാണ്. ഇരുവരുടെയും മരണം ആത്മഹത്യയെന്നായിരുന്നു അബുദാബി പൊലീസിന്റെ നിഗമനം. വൈദ്യൻ കൊലക്കേസിൽ പിടിയിലായ മൂന്നു പ്രതികളിൽ നിന്നും ഈ രണ്ട് മരണങ്ങളെ കുറിച്ചുള്ള കൂടുതൽ മൊഴികൾ പൊലീസിന് ലഭിച്ചതാണ് നിർണായകമായത്.
ഷൈബിന്റെ നിർദേശ പ്രകാരം അബുദാബിയിൽ എത്തിയ പ്രതികൾ ഹാരിസിന്റെ ഫ്‌ളാറ്റിന് സമീപം ഫ്‌ളാറ്റ് വാടകയയ്ക്ക് എടുക്കുകയായിരുന്നു. അതിന് ശേഷം ഹാരിസിനെയും യുവതിയെയും കൊലപ്പെടുത്തി. ഇത് ആത്മഹത്യയെന്ന് വരുത്തിത്തീർത്തു. നാട്ടിലിരുന്ന് ഷൈബിൻ അഷ്‌റഫ് മൊബൈൽ വഴി നൽകിയ നിർദ്ദേശ പ്രകാരമായിരുന്നു നീക്കങ്ങൾ. തനിക്ക് വധഭീഷണി ഉണ്ടെന്ന പരാതിയുമായി ഹാരിസ് മരണത്തിന് മുൻപ് പൊലീസിനെ സമീപിച്ച തെളിവുകളും പുറത്തു വന്നിരുന്നു.
ആത്മഹത്യയെന്ന് തോന്നുന്ന തരത്തിൽ രണ്ടുപേരെ കാല്ലാനുള്ള പദ്ധതിയെ ക്കുറിച്ച് ഷൈബിന്റെ കൂട്ടാളികൾ വിവരിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. പ്രതികളിൽ ഒരാളായ നൗഷാദ് പകർത്തിയ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. എന്നാൽ അബുദാബി പൊലീസ് അത്മഹത്യയെന്ന് എഴുതി തള്ളിയ കേസ്, വീണ്ടും അന്വേഷിക്കുകയെന്നത് പൊലീസിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. വിദേശത്ത് പോയി അന്വേഷണം നടത്തുന്നതിന് പല സാങ്കേതിക നടപടി ക്രമങ്ങളും പൂർത്തിയാക്കണം.
ഏറെ നാളായി ഒളിവിൽ കഴിഞ്ഞിരുന്ന റിട്ടയേർഡ് എസ് ഐ സുന്ദരൻ സുകുമാരനും തൊടുപുഴ മുട്ടം കോടതിയിൽ കീഴടങ്ങിയിരുന്നു. മൈസൂരുവിലെ നാട്ടുവൈദ്യനായ ഷാബാഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് നിലമ്പൂരിൽ തടവിൽ പാർപ്പിച്ചു കൊലപ്പെടുത്തിയ ശേഷം ചാലിയാർ പുഴയിൽ തള്ളിയെന്നാണ് കേസ്. 3177 പേജുള്ള കുറ്റപത്രം ഈ കേസിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മുഖ്യ പ്രതി ഷൈബിൻ അഷ്റഫ് അടക്കം പന്ത്രണ്ട് പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. സാഹചര്യ തെളിവുകളും തൊണ്ടിമുതലുകളും ഉപയോഗപ്പെടുത്തി കൊലപാതകം തെളിയിക്കാനാവുമെന്നാണ് പൊലീസ് പ്രതീക്ഷ.
കവർച്ചാ കേസിലെ പ്രതികൾ തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുമ്പിൽ നടത്തിയ ആത്മഹത്യ ഭീഷണിയിൽ നിന്നാണ് കേരളം ഞെട്ടിയ കൊലപാതക കേസിലേക്ക് വഴിതുറക്കുന്നത്. മൂലക്കുരുവിന് ഒറ്റമൂലി ചികിത്സ നടത്തിയിരുന്ന ഷാബാ ഷെരീഫിനെ ചികിത്സാ രഹസ്യം മനസിലാക്കാൻ മൈസൂരുവിൽ നിന്ന് തട്ടിക്കൊണ്ടു വരികയായിരുന്നു. പിന്നീട് 15 മാസത്തോളം നിലമ്പൂരിൽ മുക്കട്ടയിലെ ഷൈബിൻ അഷ്‌റഫിന്റെ വീട്ടിൽ തടവിൽ പാർപ്പിച്ചു. പിന്നീട് കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിൽ തള്ളിയെന്നാണ് കേസ്. മെയ് എട്ടിനാണ് കേസ് എടുത്തത്. 89ാം ദിവസം കുറ്റപത്രം നൽകി.
ഷൈബിൻ അഷ്റഫിന്റെ കുളിമുറിയിലെ പൈപ്പ്, നവീകരിച്ച കുളിമുറിയിൽ നിന്ന് നീക്കം ചെയ്ത ടൈൽ, മണ്ണ്, സിമെന്റ് എന്നിവയിൽ നിന്നുമായി ലഭിച്ച രക്തക്കറ, മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാറിൽ നിന്ന് ലഭിച്ച മുടി തുടങ്ങിയവയാണ് പൊലീസ് കണ്ടെത്തിയ തെളിവുകൾ. മൃതദേഹ ഭാഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും സാഹചര്യ തെളിവുകളും തൊണ്ടിമുതലുകളിലും വലയി പ്രതീക്ഷ വെച്ചുപുലർത്തുകയാണ് പൊലീസ്.
മറുനാടന് മലയാളി ബ്യൂറോ