- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജയിൽ ചാടിയത് മയക്കുമരുന്ന് കേസിലെ പ്രതി; ഹർഷാദിന് വേണ്ടി ഊർജ്ജിത തെരച്ചിൽ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മയക്കുമരുന്ന് കേസിലെ പ്രതി ജയിൽ ചാടി. ചാല കോയ്യോട് സ്വദേശി ഹർഷാദാണ് ജയിൽ ചാടിയത്. മയക്കു മരുന്ന് കേസിൽ ശിക്ഷിക്കെപ്പെട്ട കേസിലെ പ്രതിയാണ് ഹർഷാദ്. ഞായറാഴ്ച്ച പുലർച്ചെ ആറേ മുക്കാലിന് ജയിലിലേക്ക് വന്ന പത്രക്കെട്ട് എടുക്കാനായി പുറത്തേക്ക് പോയ ഹർഷാദ് ജയിലിന്റെ മുൻപിലെ റോഡിൽ നിർത്തിയിട്ടിരുന്ന മറ്റൊരാളുടെ ബൈക്കിന്റെ പുറകിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇയാൾക്കായി വ്യാപകമായ തെരച്ചിലാണ് നടത്തിവരുന്നത്. ദേശീയ പാതയിലൂടെ പോകുന്ന വാഹനങ്ങളിലും റെയിൽവെ സ്റ്റേഷൻ, കെ. എസ്. ആർ.ടി.സി, താവക്കരയിലെ പുതിയ ബസ് സ്റ്റാൻഡ്, കണ്ണൂർ പഴയബസ് സ്റ്റാൻഡ് എന്നിവടങ്ങളിലാണ് തെരച്ചിൽ നടത്തിയത്. മയക്കുമരുന്ന് കേസിലെ പ്രതിയായ ഹർഷാദ് ജയിൽ ചാടിയത് ജയിൽ അധികൃതരുടെ സുരക്ഷാവീഴ്ചയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംഭവത്തിൽ ജയിൽ എ.ഡി.ജി.പി കണ്ണൂർ ജയിൽ സൂപ്രണ്ടിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്ന് കണ്ണൂർ ടൗൺ പൊലിസ് അറിയിച്ചു. കഴിഞ്ഞ കുറെക്കാലമായി കണ്ണൂർ സെൻട്രൽ ജയിലിൽ വൻ സുരക്ഷാവീഴ്ചകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. ജയിലിൽ നിന്നും കോടതിയിലേക്ക് കൊണ്ടു പോകുന്ന പ്രതികളിൽ നിന്നും കഞ്ചാവ് കണ്ടെത്തുന്നത് നിത്യസംഭവമായിട്ടുണ്ട്. ഇതുകൂടാതെ കണ്ണൂർ സെൻട്രൽ ജയിലിന്റെ കിച്ചണിലേക്ക് കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച കാസർകോട് സ്വദേശിയായ ഗുഡ്സ് ഓട്ടോറിക്ഷാ ഡ്രൈവറെ പിടികൂടിയിരുന്നു.
ജയിലിലേക്ക് പച്ചക്കറി എത്തിക്കുന്നതിനിടെയാണ് ഇയാൾ കഞ്ചാവ് കടത്തിയത്. ഈ സംഭവത്തിൽ സുരക്ഷാവീഴ്ച്ച റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് അന്നത്തെ ജയിൽ സൂപ്രണ്ടിനെ ആലപ്പുഴയിലേക്ക് ജയിൽവകുപ്പ് സ്ഥലം മാറ്റിയിരുന്നു. കണ്ണൂർ നഗരത്തിലെ പള്ളിക്കുന്നിൽ അഞ്ചേക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരത്തിലേറെ അന്തേവാസികളാണുള്ളത്. സംസ്ഥാനത്തെ തന്നെ ഏറ്റവും പഴക്കമുള്ള ജയിലുകളിലൊന്നാണ് കണ്ണൂരിലെ സെൻട്രൽജയിൽ.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അന്തേവാസികളടക്കം ഇവിടെ കഴിയുന്നുണ്ട്. എന്നാൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ജയിൽ വകുപ്പിന്റെ പ്രവർത്തനങ്ങളെ താളംതെറ്റിച്ചിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരും സഹതടവുകാരും തമ്മിൽ ഏറ്റുമുട്ടന്നതും നിത്യസംഭവങ്ങളിലൊന്നാണ്. കാപ്പതടവുകാരുടെ മർദ്ദനമേറ്റ് ജയിൽ വാർഡന്മാർക്കും പരിക്കേൽക്കാറുണ്ട്.
ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഉൾപ്പെടെ കണ്ണൂർ സെൻട്രൽ ജയിലിലെ ഒൻപത്, പത്ത് ബ്ളോക്കുകളിൽ കഴിയുന്നുണ്ട്. ജയിലിനുള്ളിൽ തടവുകാരുടെ ഫോൺവിളിയും മയക്കുമരുന്നു ഉപയോഗവും നിർബാധം നടക്കുന്നുണ്ടെന്നും കണ്ണൂർ സെൻട്രൽജയിലിൽ സുരക്ഷാഭീഷണിയുണ്ടെന്നും നേരത്തെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടു ചെയ്തിരുന്നു.