തിരുവനന്തപുരം: രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതി ഹസ്സൻകുട്ടി അപകടകാരിയായ കുറ്റവാളിയെന്ന് പൊലീസ്. ലക്ഷ്യബോധമില്ലാതെ കറങ്ങി നടന്ന് കുറ്റകൃത്യം ചെയ്യുന്ന അപകടകാരി. കുട്ടിയെ ഉപേക്ഷിച്ചതിന് ശേഷം മുഖം മൂടി റെയിൽവേ ട്രാക്കുവഴി പോകുന്ന ഒരാളുടെ ദൃശ്യങ്ങൾ പിന്തുടർന്നുള്ള അന്വേഷണമാണ് ഹസ്സൻകുട്ടിയെന്ന കബീറിലേക്ക് അന്വേഷണം എത്തിയത്. അന്വേഷണ സംഘത്തിന് പിടിവള്ളിയായത് സിസിടിവി ദൃശ്യങ്ങളാണ്. എന്നാൽ കേസുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്ന വിശദാംശങ്ങളിൽ അസ്വാഭാവികതയുമുണ്ട്.

നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു. ഇക്കഴിഞ്ഞ 18-ാം തീയതി രാത്രി 11ന് ശേഷം ഒരാൾ റെയിൽ വേ ട്രാക്കിലൂടെ ആനയറ ഭാഗത്ത് തലയിൽ മുണ്ടിട്ട നടന്നു പോകുന്ന ദൃശ്യങ്ങൾ കണ്ട് പൊലിസിന് സംശയം തോന്നി. പിന്നീട് ആ വഴി ദൃശ്യങ്ങൾ പരിശോധിച്ചു. ആനയറിയിലെത്തി ആൾ തലയിലെ തുണി മാറ്റി. പിന്നീട് വെൺപാലവട്ടത്ത് എത്തി. ഒരു തട്ടുകടയ്ക്ക് സമീപം കിടന്നുറങ്ങി. രാവിലെ കെഎസ്ആർടിസി ബസ്സു കയറി തമ്പാനൂരിലെത്തി. തമ്പാനൂരിൽ നിന്നും മുഖം വ്യക്തമാകുന്ന പകൽ ദൃശ്യങ്ങൾ കിട്ടിയതാണ് നിർണ്ണായകമായത്. ഇയാൾക്കെതിരെ പോക്‌സോയും വധശ്രമ വകുപ്പും ചുമത്തി. ഇതോടെ കേസ് കൂടുതൽ കടുപ്പിക്കുകയായിരുന്നു പൊലീസ്. കുറ്റസമ്മതവും നടത്തിയിട്ടുണ്ട് ഇയാൾ.

ഓൾസെയിൻസ് കോളേജിന് സമീപത്ത് നിന്ന് രാത്രിയിൽ കുട്ടിയെ എടുത്തു കൊണ്ടു പോയെന്നും കരഞ്ഞതിനാൽ ഉപേക്ഷിച്ചുവെന്നുമാണ് മൊഴി. എന്നാൽ പകൽ ഈ മേഖലയിൽ പരിശോധിച്ചവർ കുട്ടിയെ കണ്ടില്ല. രാത്രിയാണ് കുട്ടിയെ കിട്ടിയത്. ഇയാൾ പറയുന്നത് അനുസരിച്ചാണെങ്കിൽ പൊലീസ് ആദ്യം പരിശോധന നടത്തുമ്പോഴും കുട്ടി അവിടെ ഉണ്ട്. എന്നിട്ടും എന്തുകൊണ്ട് പൊലീസ് കണ്ടില്ലെന്ന ചോദ്യമാണ് ഉയരുന്നത്. മോഷണക്കേസുൾപ്പെടെ നിരവധിക്കേസിൽ പ്രതിയായ ഹസ്സൻകുട്ടി തട്ടുകടയിൽ ജോലി ചെയ്ത് റോഡരുകിലും ബീച്ചിലുമാണ് കിടന്നുറങ്ങുന്നത്. ഗുജറാത്തിലാണ് ജനിച്ചതെന്നും കുട്ടിയായിരുന്നപ്പോൾ ദത്തെടുത്ത് നാവായികുളത്ത് എത്തിയാണെന്നുമാണ് സൂചനകൾ. എന്നാൽ ഇതൊന്നും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം തുടരുകാണ്.

കുട്ടിയെ ഉപേക്ഷിച്ച ശേഷം തമ്പാനൂരിൽ എത്തി ആലുവയിലേക്കും ആലുവയിലും അവിടെനിന്നും പളനിയിൽ പോയി തലമൊട്ടയിച്ചുവെന്നും ഇയാൾ പറയുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം ധരിച്ചിരുന്ന അതേ വസ്ത്രങ്ങളാണ് പിടികൂടിപ്പോഴും ധരിച്ചിരുന്നത്. ഹസ്സന്റെ സിം കാർഡ് പരിശോധിച്ചപ്പോഴും സംഭവം നടന്ന ദിവസം രാത്രിയിൽ ഇയാൾ ചാക്കയിൽ എത്തിയെന്ന് വ്യക്തമായി. സിസിടിവിയിൽ നിന്ന് കിട്ടിയ ചിത്രം നോക്കി ജയിൽ അധികൃതകരാണ് പോക്‌സോ കേസിൽ ജനുവരി 12ന് പുറത്തിറങ്ങിയ ഹസ്സൻകുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്.

കുട്ടിയെ കാണതാകുന്ന ദിവസത്തെ ചാക്ക - എയർപോർട്ട് റോഡിലെ ദൃശ്യങ്ങളും വിശദമായി പൊലീസ് പരിശോധിച്ചു്. പേട്ടയിൽ ട്രെയിൽ ഇറങ്ങിയ ഹസ്സൻകുട്ടി നടന്നു. ഇടയ്ക്ക് ഒരു ബൈക്കിന് പിന്നിൽ കയറി ചാക്കയിലിറങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചു. ബൈക്കുകാരെനെ കണ്ടെത്തി പൊലിസ് വിവരങ്ങൾ ചോദിച്ചു. ബ്രമോസിലെ ദൃശ്യങ്ങൾ നിർണായകമായി. ബ്രഹ്‌മോസിലെ ദൃശ്യങ്ങളിലും ഹസ്സൻകുട്ടിയുണ്ട്. പക്ഷെ തൊട്ടടുത്ത ആൾ സൈയൻസ് കോളജിലെ സിസിടിവിൽ ഇയാളില്ല. ഇതോടെ സമീപത്തെ വിജനമായ സ്ഥലത്തേക്ക് ഇയാൾ തരിഞ്ഞുവെന്ന് വ്യക്തമായി. ഇതാണ് പ്രതിയെ ഉറപ്പിക്കാൻ കാരണം.

പതിനൊന്നുകാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ ജാമ്യം കിട്ടി ജനുവരി 22ന് പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ ഒരു മാസത്തിനുള്ളിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കൊല്ലം ചിന്നക്കടയിൽ നിന്നാണ് ഹസൻകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ പോക്‌സോ കേസിലും മോഷണക്കേസുകളിലുമായി മൂന്നര വർഷം ജയിലിൽ കിടന്ന ചരിത്രവും ഇയാൾക്കുണ്ട്. ഹസൻകുട്ടിക്കെതിരെ 8 കേസ് നിലവിലുണ്ട്. അലഞ്ഞുതിരിയുന്നതാണ് പ്രതിയുടെ രീതി.

മുൻപ് കൊല്ലത്ത് നാടോടി കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ഇയാളെ തല്ലിയ സംഭവമുണ്ടായിട്ടുണ്ട്. ചാക്കയിൽ കുട്ടിയെ തട്ടിയെടുത്ത് ഉപദ്രവിക്കാനാണ് ശ്രമിച്ചതെന്നും പ്രതി സമ്മതിച്ചു. സംഭവ ദിവസം പ്രതി കൊല്ലത്തുനിന്നു വർക്കലയ്ക്ക് ട്രെയിനിൽ കയറിയെങ്കിലും ഉറങ്ങിപ്പോയതിനാൽ പേട്ട സ്റ്റേഷനിലിറങ്ങി. നടന്ന് ചാക്കയിൽ എത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. തുടർന്ന് ഇവിടെ ചുറ്റിത്തിരിഞ്ഞ ഹസൻ കുട്ടിക്ക് മിഠായി നൽകി അടുത്തുകൂടി. രാത്രി ഇവർ ഉറങ്ങിയ ശേഷം കുഞ്ഞിനെ എടുത്തുകൊണ്ടുപോയി. കുട്ടി കരഞ്ഞപ്പോൾ വായ് മൂടിയെന്നും പിന്നീട് അനക്കമില്ലാതായപ്പോൾ മരിച്ചെന്നു കരുതി പുലർച്ചയ്ക്ക് മുൻപ് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

ഉറങ്ങിയ സ്ഥലത്തുനിന്ന് 500 മീറ്റർ അകലെ റെയിൽവേ സ്റ്റേഷനടുത്ത് ആറടിയിലധികം താഴ്ചയുള്ള കുഴിയിൽ നിന്നാണ് 19 മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തിയത്. ബ്രഹ്‌മോസിന്റെ സിസി ടിവിയിൽനിന്ന് ലഭിച്ചതിൽ സംശയം തോന്നിയവരുടെ ദൃശ്യങ്ങൾ വിവിധ ജയിലുകളിലേക്ക് അയച്ചിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുന്റെയും ഡിസിപി നിഥിൻ രാജിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.