തിരുവനന്തപുരം: രാമവർമ്മൻചിറയിൽ ഗ്രീഷ്മ ഷാരോണിന് കലക്കി നൽകിയ വിഷത്തിന്റെ കുപ്പി കണ്ടെത്തി. പ്രതികളുമായുള്ള തെളിവെടുപ്പിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. ഗ്രീഷ്മയുടെ വീട്ടിൽ നിന്നും ഒന്നര കിലോമീറ്റർ അകലയെയുള്ള കുളത്തിന് അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണ് കുപ്പി കണ്ടെത്തിയത്. അമ്മാവൻ നിർമൽ കുമാറാണ് കുപ്പി ഇവിടെ ഉപേക്ഷിച്ചത്. മാരകവിഷമായ കാപിക്കിന്റെ (പാരക്വേറ്റ്) കുപ്പിയാണ് കണ്ടെത്തിയത്. അമ്മയെയും അമ്മാവനെയും വീട്ടിലും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും.

ചൊവ്വാഴ്ച നടന്ന തെളിവെടുപ്പിൽ ഇയാൾതന്നെ പൊലീസിന് കുപ്പി ഉപേക്ഷിച്ച സ്ഥലം കാണിച്ചുനൽകുകയും ഇവിടെനിന്ന് പച്ച അടപ്പുള്ള വെളുത്തനിറത്തിലുള്ള കുപ്പി കണ്ടെടുക്കുകയുമായിരുന്നു. തെളിവെടുപ്പിൽ കണ്ടെടുത്ത കുപ്പി രാസപരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്‌പി. ജോൺസൺ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളുമായി ഇനി ഗ്രീഷ്മയുടെ വീട്ടിൽ പോകുമെന്നും വീട് തുറന്നുള്ള പരിശോധന ഇന്നുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രീഷ്മയുടെ സാന്നിധ്യത്തിലാകും വീട് തുറന്നുള്ള തെളിവെടുപ്പ് നടത്തുക.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് ഷാരോൺ കൊലക്കേസിൽ പൊലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചത്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെയാണ് ചൊവ്വാഴ്ച തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതികളുമായി രാവിലെ തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച പൊലീസ് സംഘം ആദ്യം പാറശ്ശാല പൊലീസ് സ്റ്റേഷനിലേക്കാണ് പോയത്. പിന്നീട് ഇവിടെനിന്ന് തമിഴ്‌നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷനിൽ പ്രതികളെ എത്തിച്ചു.

കുറ്റകൃത്യം നടന്ന ഗ്രീഷ്മയുടെ വീട് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ ഉൾപ്പെട്ട രാമവർമൻചിറയിലാണ്. അതിനാലാണ് പൊലീസ് സംഘം പ്രതികളുമായി തമിഴ്‌നാട്ടിലെ പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവിടെ കേസിന്റെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തശേഷം കേരള പൊലീസ് സംഘം പ്രതികളുമായി ഗ്രീഷ്മയുടെ വീട് സ്ഥിതിചെയ്യുന്ന രാമവർമൻചിറയിലേക്ക് പോവുകയായിരുന്നു. പ്രതികളെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് നിരവധിപേരാണ് ഗ്രീഷ്മയുടെ വീടിന്റെ പരിസരത്ത് തടിച്ചുകൂടിയിരുന്നത്. ജനങ്ങളെ നിയന്ത്രിക്കാൻ കേരള പൊലീസും തമിഴ്‌നാട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു.

ഷാരോൺ രാജിനെ കഷായത്തിൽ കലർത്തിയാണ് വിഷം നൽകിയത്. ഇതിന് ശേഷം ഗ്രീഷ്മയുടെ പെരുമാറ്റത്തിൽ ചെറിയ അസ്വഭാവികതകൾ ഉണ്ടായിരുന്നു. ഇതോടെയാണ് അമ്മയും, അമ്മാവനും ഗ്രീഷ്മ ഷാരോണിന് വിഷം കൊടുത്തുവെന്ന കാര്യം വ്യക്തമായത്. ഇതോടെ തെളിവു നശിപ്പിക്കാനാണ് പ്രതികൾ ശ്രമിച്ചത്. വിഷക്കുപ്പി കുളത്തിലെറിഞ്ഞത് അമ്മാവൻ നിർമൽ കുമാറാണെന്നാണ് പൊലീസ് പറയുന്നത്.

തോട്ടങ്ങളിലെ പുല്ലുകരിക്കാൻ ഉപയോഗിച്ച കളനാശിനിയാണ് ഗ്രീഷ്മ കാമുകന് കഷായത്തിൽ കലക്കി നൽകിയത്. കാപിക് മനുഷ്യശരീരത്തിൽ ചെന്നാൽ എങ്ങനെ പ്രവർത്തിക്കുമെന്ന് ഗ്രീഷ്മ ശരിക്കും പഠിച്ചിരുന്നു എന്നാണ് അനുമാനം. ഈ കളനാശിനി ഉപയോഗിച്ചാൽ ഉടൻ മരിക്കില്ലെന്നതായിരുന്നു ഇതിൽ പ്രധാനപ്പെട്ട കാര്യം. കളനാശിനി കുടിച്ചാൽ ആന്തരികാവയവങ്ങൾ ക്രമേണ അഴുകി പ്രവർത്തനം നിലക്കും. അതുകൊണ്ടു തന്നെ പെട്ടെന്ന് ഒരു മരണം ഉണ്ടാകില്ല എന്ന പ്രത്യകതയാണ് കൊലയാളി ഇത് തിരഞ്ഞെടുക്കാൻ കാരണം. അതേസമയം ഗ്രീഷ്മ എങ്ങനെയാണ് കളനാശിനി വാങ്ങിയതെന്ന കാര്യത്തിൽ അടക്കം ഇനിയും വ്യക്തത കൈവരാനുണ്ട്.

കാപിക് കളനാശിനി ചെറിയ അളവിലായാൽപ്പോലും മരണമുറപ്പാണ്. വയറിലും വായിലും അൾസറിന് സാധ്യതയുണ്ട്. പിന്നീട് ശ്വാസകോശത്തെയും ബാധിക്കും. ശ്വാസംമുട്ടുൾപ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടാകും. ദിവസങ്ങൾക്കുള്ളിൽ ആന്തരികാവയവങ്ങളെ ബാധിക്കും. അതേസമയം സുഹൃത്തായ ബിരുദ വിദ്യാർത്ഥിയെ കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഗ്രീഷ്മയ്ക്ക്, കൊലപാതകത്തിനും അതിനു ശേഷം തെളിവു നശിപ്പിക്കാനും അമ്മ സിന്ധുവിന്റെയും അമ്മാവൻ നിർമൽ കുമാറിന്റെയും സഹായം ലഭിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ. പങ്കു വ്യക്തമായതിനെ തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത്.

ഷാരോണിനു കുടിക്കാൻ നൽകിയ കഷായത്തിൽ കളനാശിനി കലക്കാൻ ഗ്രീഷ്മയെ അമ്മ സിന്ധുവാണ് സഹായിച്ചതെന്ന് പൊലീസ് പറയുന്നു. വിഷം നൽകിയതിനെക്കുറിച്ച് അമ്മയുൾപ്പെടെ ആർക്കും അറിയില്ലെന്നായിരുന്നു ഗ്രീഷ്മയുടെ ആദ്യ മൊഴി. സംഭവശേഷം തെളിവു നശിപ്പിക്കാൻ അമ്മാവൻ നിർമൽകുമാറും സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇരുവരുടെയും മൊഴികളിലെ വൈരുധ്യം മുൻനിർത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നു വ്യക്തമായത്.

ഗ്രീഷ്മ വിളിച്ചതനുസരിച്ച് ഷാരോൺ വീട്ടിലെടുത്തുന്നതിനു തൊട്ടുമുൻപ് ഇരുവരും പുറത്തുപോയിരുന്നു. ഇതോടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, പുറത്തുപോയ ഇരുവരും അധികം ദൂരേയ്ക്കു പോയിരുന്നില്ലെന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതോടെയാണ് കൊലയ്ക്കു പിന്നിലെ ആസൂത്രിത സ്വഭാവം പൊലീസ് ഉറപ്പിച്ചത്.

ഷാരോണിനു നൽകിയ കഷായത്തിൽ ചേർത്ത കളനാശിനിയുടെ കുപ്പി പറമ്പിലേക്ക് എറിഞ്ഞെന്നും, അമ്മാവൻ അതെടുത്തു മാറ്റിയെന്നുമാണ് ഗ്രീഷ്മ മൊഴി നൽകിയത്. അന്വേഷണം വഴിതെറ്റിക്കുന്നത് എങ്ങനെയെന്നും പിടിക്കപ്പെട്ടാൽ എങ്ങനെയൊക്കെ മൊഴി നൽകണമെന്നും ഗ്രീഷ്മ ഇന്റർനെറ്റിൽ തിരഞ്ഞിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. പൊലീസിനോട് എന്തു പറയണമെന്ന് ഗ്രീഷ്മ ബന്ധുക്കളെ പഠിപ്പിക്കുകയും ചെയ്തിരുന്നു.

ഗ്രീഷ്മയുടെ അക്കാദമിക് മികവ് അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചു. പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എപ്ലസ് മുതൽ ബിഎ ഇംഗ്ലിഷിനു ആറാം റാങ്ക് വരെ നേടിയ മിടുമിടുക്കി. പഠന വിഷയങ്ങളിൽ എന്ന പോലെ കലാരംഗത്തും വാരിക്കൂട്ടിയ പുരസ്‌കാരങ്ങളും ഒട്ടേറെ. നൃത്ത രംഗത്ത് വലിയ ഭാവി ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിൽ കോളജിനെ പ്രതിനിധികരിച്ച് മത്സരങ്ങളിൽ പുരസ്‌കാരം നേടിയിട്ടുണ്ട്. വീടിനു അടുത്തുള്ള ക്ലബ്ബിലെ പരിപാടികളിൽ സ്ഥിരം സാന്നിധ്യമാണ്.