- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹൈറിച്ച് മണിചെയിനിൽ 1,630 കോടിയുടെ തട്ടിപ്പ്
തൃശൂർ: മലയാളികൾ എത്ര കൊണ്ടാലും പഠിക്കാത്ത ഒന്നാണ് മണിചെയിൻ തട്ടിപ്പിൽ പോയി തല വയ്ക്കുന്നത്. തൃശൂർ ജില്ലയിലെ ആറാട്ടുപുഴയിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ മണിചെയിൻ തട്ടിപ്പും, ജിഎസ്ടി വെട്ടിപ്പുമൊക്കെ നേരത്തെ വാർത്തയായതാണ്. 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന പൊലീസ് റിപ്പോർട്ടാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്. ചേർപ്പ് എസ്ഐ ശ്രീലാലൻ എസ് തൃശൂർ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണു വമ്പൻ തട്ടിപ്പ് കണ്ടെത്തൽ. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്നാണ് പൊലീസ് പറയുന്നത്.
1,63,000 ഉപഭോക്താക്കളിൽ നിന്നാണ് സ്ഥാപനം പണം തട്ടിയത്. ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ മണിചെയിൻ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിലാണ് മണി ചെയിൻ തട്ടിപ്പ് നടന്നത്. ക്രിപ്റ്റോ കറൻസി ഉൾപ്പെടെയുള്ള പേരുകളിൽ വലിയ തോതിൽ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. തൃശൂർ ചേർപ്പ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്ഥാപനത്തിന്റെ എം.ഡി തൃശൂർ ചേർപ്പ് സ്വദേശി കൊല്ലാട്ട് ദാസൻ പ്രതാപനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അനശ്വരാ ട്രേഡേഴ്സിന്റെ ഗ്രോസറി വ്യാപാരത്തിലേക്ക് എന്ന പേരിലാണ് ആദ്യം നിക്ഷേപം സ്വീകരിച്ചത്. പിന്നീട് ക്രിപ്റ്റോ കറൻസി, ഒ.ടി.ടി തുടങ്ങി വ്യത്യസ്ത മാർഗങ്ങളിലൂടെ പണം ശേഖരിക്കുകയായിരുന്നു. ഉപഭോക്താക്കളുടേതായി 1,63,000 ഐ.ഡികളാണ് ഹൈറിച്ചിനുള്ളത്. ഇതിൽനിന്നാണ് 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്ന വിലയിരുത്തലിലേക്ക് പൊലീസ് എത്തിയത്.
ഹൈറിച്ച് ഓൺലൈൻ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവർത്തിക്കുന്നത്. കമ്പനിക്ക് കേരളത്തിലാകെ 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ശാഖകളും ഉണ്ടെന്ന് പൊലീസ് റിപ്പോർട്ടിലുണ്ട്. ക്രിപ്റ്റോ കറൻസി വ്യാപാരം 80 വിദേശ രാജ്യങ്ങളിൽ നടത്തിയുണ്ട്. 12 ലക്ഷം പേരാണ് ഹൈറിച്ചിന്റെ ഒടിടിയിലുള്ളത്. നിരവധി സാങ്കേതിക കാര്യങ്ങൾ ഉൾപ്പെട്ടതിനാൽ സാങ്കേതിക സഹായവും അന്വേഷണത്തിന് കൂടുതൽ സമയവും വേണമെന്നും ചേർപ്പ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കുന്നതാകും നല്ലതെന്ന സൂചനയും പൊലീസ് റിപ്പോർട്ടിലുണ്ട്
എന്താണ് ഹൈറിച്ച്?
കേവലം എണ്ണൂറ് രൂപയിൽ ബിസിനസ് ആരംഭിക്കാമെന്നാണ് ഹൈറിച്ച് വാഗ്ദാനം. മുടക്കുന്ന എണ്ണൂറ് രൂപയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ ലഭിക്കും. പിന്നീട് രണ്ടുപേരെ ചേർക്കാം. ചങ്ങല വലുതാവുന്നതിനുസരിച്ച് വരുമാനവും ലഭിച്ചു തുടങ്ങും. ഇതിനൊപ്പം ഹൈറിച്ച് സൂപ്പർ മാർക്കറ്റിൽ നിന്ന് ചങ്ങലയിൽ താഴെയുള്ളവർ സാധനങ്ങൾ വാങ്ങുമ്പോൾ മുകളിലുള്ളയാൾക്ക് കമ്മിഷൻ ലഭിക്കും.
റോയൽറ്റി ക്യാഷ് റിവാർഡ്, ടൂർ പാക്കേജ്, ബൈക്ക്, കാർ ഫണ്ട്, വില്ല ഫണ്ട് തുടങ്ങിയ നിരവധി ഓഫറുകൾ നൽകിയാണ് കമ്പനി ആളുകളെ ആകർഷിച്ചത്. നിലവിൽ 600 ഓളം സൂപ്പർ മാർക്കറ്റുകളും 1.57 കോടിയോളം ഉപഭോക്താക്കളും തങ്ങൾക്കുണ്ടെന്നാണ് കമ്പനി സിഇഒ ശ്രീന അവകാശപ്പെടുന്നത്. ആക്ഷൻ ഒടിടി എന്ന പ്ലാറ്റ്ഫോം വിലയ്ക്കെടുത്താണ് ഹൈറിച്ച് ഒടിടി എന്ന പേരിൽ കമ്പനി ഒടിടി പ്ലാറ്റ് ഫോം ആരംഭിച്ചത്.
നിരവധി ചിത്രങ്ങൾ ഇതിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. സിനിമാ നിർമ്മാണവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്കും ഹൈറിച്ചിന്റെ ചങ്ങലക്കണ്ണികൾ പടർന്നിട്ടുണ്ട്.
സ്വത്തുക്കൾ ജപ്തി ചെയ്തു
ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെയും സ്ഥാപന ഉടമകളുടെയും പേരിലുള്ള സ്വത്തുക്കൾ ജപ്തി ചെയ്ത് കളക്ടർ ഡിസംബറിൽ ഉത്തരവിട്ടിരുന്നു. ബഡ്സ് ആക്റ്റിന് വിരുദ്ധമായി അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും, നിക്ഷേപകർ ആവശ്യപ്പെട്ടിട്ടും പണം നൽകാതെ വഞ്ചനാക്കുറ്റം ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് ജപ്തി.
നിക്ഷേപ തട്ടിപ്പിന് എതിരായ പരാതികളിൽ സെഷൻസ് കോടതിയുടെ നിർദ്ദേശപ്രകാരം ചേർപ്പ് പൊലീസെടുത്ത കേസിലാണ് നടപടി. മാനേജിങ് ഡയറക്ടർമാരായ കോലാട്ട് പ്രതാപൻ, ഭാര്യ കാട്ടൂക്കാരൻ ശ്രീധരൻ ശ്രീന എന്നിവരും മറ്റുജീവനക്കാരും, നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച് മണിചെയിൻ മാതൃകയിലും നിക്ഷേപം സ്വീകരിക്കുന്നതിന് എതിരെ ആയിരുന്നു പരാതി.
ജിഎസ്ടി വെട്ടിപ്പും
126 കോടിയുടെ നികുതിവെട്ടിപ്പാണ്െൈ ഹെറിച്ച് നടത്തിയതെന്ന് നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാന ജി.എസ്.ടി. പിടികൂടുന്ന ഏറ്റവും വലിയ നികുതിവെട്ടിപ്പാണിത്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഈ വമ്പൻ നികുതിവെട്ടിപ്പ് നടത്തിയത്.
തൃശ്ശൂർ ആറാട്ടുപുഴ ഞെരുവശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ഏകദേശം 730 കോടിയുടെ ടേൺ ഓവർ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഒ.ടി.ടി. പ്ലാറ്റ്ഫോം ഉൾപ്പെടെ വിവിധ മേഖലകളിൽ ഈ സ്ഥാപനവും അനുബന്ധസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനം മൾട്ടിലെവൽ മാർക്കറ്റിങ് രീതിയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇതിനെ മറയ്ക്കാൻ ഡിജിറ്റൽ സ്പേസ്-ഉത്പന്ന വിൽപ്പനകൾ നടത്തിയിരുന്നു. ഇതിലെ ഉത്പന്നവിൽപ്പനകൾക്ക് ജി.എസ്.ടി. അടച്ചില്ലെന്നതാണ് കുറ്റം. ഒരാൾ രണ്ടോ മൂന്നോ പേരെ ഇതിലേക്ക് ചേർക്കുമ്പോൾ ആദ്യത്തെ ആൾക്ക് പണം തിരിച്ചുകിട്ടുന്ന മണിചെയിൻ രീതിയിലായിരുന്നു പിടിക്കപ്പെടുന്നത്.
സംസ്ഥാന ജി.എസ്.ടി.യുടെ കാസർകോട് ഇന്റലിജൻസ് വിഭാഗമാണ് ഇയാളെ പിടികൂടിയത്. സ്ഥാപനത്തിന്റെ ഓൺലൈൻ പരസ്യങ്ങളിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയാണ് നിർണ്ണായകമായത്.