കൊച്ചി: തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി എന്ന സ്ഥാപനത്തിന്റെ സ്വത്തുവകകൾ ബഡ്സ് ആക്ട് പ്രകാരം താത്കാലികമായി ജപ്തി ചെയ്തത് സ്ഥിരപ്പെടുത്തി തൃശ്ശൂർ പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കുമ്പോൾ ചർച്ചയാകുന്നത് ഒത്തുകളിയുടെ സൂചനകൾ. വേണ്ടത്ര കരുതൽ ഇക്കാര്യത്തിൽ കേരളാ പൊലീസ് കാട്ടിയില്ല. അതുകൊണ്ടാണ് സ്വത്തു വകകളുടെ റദ്ദാക്കലിൽ തിരച്ചടിയുണ്ടാകുന്നത്. ഗുരുതര വീഴ്ച ഇക്കാര്യത്തിൽ ഉണ്ടായി എന്നു വേണം വിലയിരുത്തൽ.

താത്കാലികമായി സ്വത്ത് ജപ്തി ചെയ്തത് 60 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട കോടതി സ്ഥിരപ്പെടുത്തണമെന്നാണ് നിയമം. ഈ സമയപരിധി കഴിഞ്ഞശേഷം സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തിയത് നിയമപരമല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.ജി. അജിത്ത്കുമാറിന്റെ ഉത്തരവ്. എന്നാൽ, സ്വത്ത് വീണ്ടും ജപ്തി ചെയ്യാനുള്ള നടപടി സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ നടപടികളിലേക്ക് ഇഡി കടക്കുമോ എന്നതും നിർണ്ണായകമാണ്. അല്ലാത്ത പക്ഷം അട്ടിമറി സംശയം കൂടും.

സ്വത്ത് ജപ്തി ചെയ്യാനുള്ള നടപടി നിയമപരമല്ലെന്ന് ആരോപിച്ച് ഹൈറിച്ച് ഓൺലൈൻ ഷോപ്പിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈറിച്ച് എന്ന സ്ഥാപനത്തിനെതിരേ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് ചേർപ്പ് പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബഡ്സ് ആക്ട് പ്രകാരം സ്വത്തുകൾ താത്കാലികമായി ജപ്തിചെയ്തത്. ഇത് സ്ഥിരപ്പെടുത്താൻ 30 ദിവസത്തിനുള്ളിൽ ബഡ്സ് ആക്ട് പ്രകാരമുള്ള പ്രത്യേക കോടതിയിൽ അപേക്ഷ നൽകണം. അതിന് കഴിഞ്ഞില്ലെങ്കിൽ 60 ദിവസത്തിനകമെങ്കിലും അപേക്ഷ നൽകണം. ഇത് ചെയ്യുന്നതിന് യാതൊരു തടസ്സവുമില്ല. എന്നിട്ടും പൊലീസ് വീഴ്ച വരുത്തി. അങ്ങനെ പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്നും അനുകൂല വിധിയും വന്നു.

നിശ്ചിത സമയപരിധിക്കുള്ളിൽ കഴിയാതെവന്നതിനാൽ സമയപരിധിയിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് 71 ദിവസത്തിന് ശേഷം സ്വത്ത് ജപ്തി ചെയ്തത് സ്ഥിരപ്പെടുത്താൻ തൃശ്ശൂരിലെ പ്രത്യേക കോടതിയിൽ ബന്ധപ്പെട്ട അഥോറിറ്റി അപേക്ഷ നൽകിയത്. ഈ അപേക്ഷയിൽ സമയപരിധിയിൽ ഇളവു നൽകി കോടതി സ്വത്ത് ജപ്തി ചെയ്തത് സ്ഥിരപ്പെടുത്തുകയും ചെയ്തു. ഇതിനെയാണ് ഹർജിക്കാർ ചോദ്യം ചെയ്തത്. ഇത്തരമൊരു വീഴ്ച വരുത്തേണ്ട സാഹചര്യം പൊലീസിന് ഇല്ലെന്നതാണ് വസ്തുത. പ്രാഥമികമായതു പോലും പൊലീസ് ഇക്കാര്യത്തിൽ ചെയ്തില്ലെന്നതാണ് വസ്തുത.

കഴിഞ്ഞവർഷമാണ് ബഡ്‌സ് ആക്ട് പ്രകാരമുള്ള അഥോറിറ്റിയായ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈറിച്ചിന്റെ സ്വത്ത് ജപ്തി ചെയ്തത്. കോടികളുടെ ഹവാലക്കടത്ത് കേസിൽ 'ഹൈറിച്ച്' ഓൺലൈൻ ഷോപ്പി ഉടമകളുടെ വീട്ടിലും ഓഫിസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പരിശോധനാ വിവരങ്ങളും ചോർന്നിരുന്നു. ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനക്കെത്തുന്നതിന് തൊട്ടുമുമ്പ് കമ്പനി ഉടമകൾ രക്ഷപ്പെട്ടു. ഹൈറിച്ച് കമ്പനി എം.ഡി കെ.ഡി. പ്രതാപൻ, ഭാര്യയും കമ്പനി സിഇഒയുമായ ശ്രീന പ്രതാപൻ, ഡ്രൈവർ സരൺ എന്നിവരാണ് രക്ഷപ്പെട്ടത്. ഇതിന് പിന്നിൽ കേരളാ പൊലീസിലെ ചിലരാണെന്ന റിപ്പോർട്ടുകളെത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെ 11ഓടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനക്കായി തൃശൂർ നെടുപുഴയിലെ വീട്ടിലെത്തിയത്. ഇ.ഡി നീക്കം ചോർത്തി നൽകി ചേർപ്പ് പൊലീസ് പ്രതികൾക്ക് രക്ഷപ്പെടാൻ സൗകര്യം ഒരുക്കിയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര ആരോപിച്ചിരുന്നു. ഓൺലൈൻ ഷോപ്പിങ്ങിന്റെ മറവിൽ മണിച്ചെയിൻ തട്ടിപ്പാണ് നടത്തിയതെന്നാണ് പൊലീസ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്. ഇത് കേരളം കണ്ട ഏറ്റവും വലിയ മണിച്ചെയിൻ തട്ടിപ്പാകാൻ സാധ്യതയുണ്ടെന്നും ക്രിപ്‌റ്റോകറൻസി ഇടപാടടക്കം നിരവധി അനുബന്ധസ്ഥാപനങ്ങളും കമ്പനിക്കുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

'ഹൈറിച്ച്' ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി നേരത്തെ ജി.എസ്.ടി വകുപ്പ് കണ്ടെത്തിയിരുന്നു. സംസ്ഥാന ജി.എസ്.ടി വിഭാഗം കണ്ടെത്തിയ ഏറ്റവും വലിയ ജി.എസ്.ടി വെട്ടിപ്പ് കേസുകളിലൊന്നാണിത്. പിന്നാലെ കമ്പനിയുടെ സ്വത്ത് താൽക്കാലികമായി മരവിപ്പിക്കാൻ ബഡ്സ് ആക്ട് കോംപിറ്റന്റ് അഥോറിറ്റി ജില്ല കലക്ടർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. മൾട്ടി ലെവൽ മാർക്കറ്റിങ് മോഡലിലുള്ള ഒരു ഇ കോമേഴ്സ് പ്ലാറ്റ്ഫോമാണ് ഹൈറിച്ച് ഷോപ്പി. കമ്പനി 703 കോടി രൂപയുടെ വിറ്റുവരവ് മറച്ചുവെച്ചതിലൂടെ 126.54 കോടി നികുതി വെട്ടിപ്പ് നടത്തിയെന്നായിരുന്നു ജി.എസ്.ടി വിഭാഗത്തിന്റെ കണ്ടെത്തൽ.