- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ദിവ്യനെ പ്രീതിപ്പെടുത്തിയാൽ ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാകും; അതിന് വേണ്ടി നരബലി ചെയ്യണം; ഏജന്റ് ഷിഹാബ് വൈദ്യരെ 'വീഴ്ത്തിയത്' വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈൽ വഴി; ദിവ്യനെന്ന് വിശേഷിപ്പിച്ചത് സ്വയമെന്നും സൂചന; സാമ്പത്തിക നേട്ടത്തിനായി മറ്റാരെങ്കിലും കേസിൽ കൂട്ടു നിന്നോ എന്നതിലും അന്വേഷണം
കൊച്ചി: ഫേസ്‌ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് ഷിഹാബ് എന്ന റാഷിദ് തിരുവല്ല സ്വദേശിയായ തിരുമ്മു ചികിത്സകനായ ഭഗവൽ സിങ്ങുമായി പരിചയപ്പെടുന്നത്. പെരുമ്പാവൂർ സ്വദേശിയായ ഒരു ദിവ്യനെ പ്രീതിപ്പെടുത്തിയാൽ ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകുമെന്ന് ഇയാൾ ഫേസ്‌ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ആരാണ് ഈ ദിവ്യനെന്ന് കാര്യത്തിൽ ്‌വ്യക്തത വന്നിട്ടില്ല. എന്നാൽ റാഷിദ് തന്നെയാണ് സ്വയം ദിവ്യനെന്ന് വിശേഷിപ്പിച്ചത് എന്നാണ് സൂചന. ഇത് അനുസരിച്ചാണ് നരബലി നടന്നതും.
ദിവ്യനെന്ന് റാഷിദ് പറഞ്ഞത് തന്നെത്തന്നെയായിരുന്നുവെന്നാണ് സൂചന. എന്നാൽ ഇക്കാര്യം ദമ്പതികൾക്ക് അറിയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൂജകൾക്കും നരബലിക്കുമായി ഷിഹാബ് തന്നെയാണ് സ്ത്രീകളെ മറ്റ് കാരണങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തിരുവല്ലയിലേക്ക് എത്തിച്ചത്. തുടർന്ന് അതിക്രൂരമായി സ്ത്രീകളെ കൊലപ്പെടുത്തി നരബലി അർപ്പിക്കുകയായിരുന്നു. കേസിൽ സാമ്പത്തിക നേട്ടത്തിനായി മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പെരുമ്പാവൂർ സ്വദേശി ഷിഹാബ് പ്രത്യേകിച്ച് ജോലിക്കൊന്നും പോകാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്വഭാവക്കാരനാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇത്തരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടെയാണ് ഇരകളായ സ്ത്രീകളെ കണ്ടെത്തിയതെന്നും പൊലീസിന്റെ വിലയിരുത്തൽ. കടവന്ത്രയിൽ കാണാതായ പത്മ എന്ന സ്ത്രീയുടെ തിരോധാനക്കേസിൽ മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ തിരുവല്ല ഇലന്തൂരിലെത്തിച്ചത്.
തുടർന്ന് ഷിഹാബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇലന്തൂർ സ്വദേശികളായ ഭഗവൽ സിങ് ഭാര്യ ലൈല എന്നിവർ പിടിയിലാകുന്നത്. ആഭിചാരപൂജയ്ക്കു ശേഷം സ്വന്തം പുരയിടത്തിൽ തന്നെയാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. മൃതദേഹങ്ങൾ തലയറുത്ത്, ശരീരം കഷണങ്ങളാക്കി മുറിച്ച് കുഴിച്ചു മൂടുികയായിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. മൃതദേഹം കണ്ടെടുക്കാനായി ആർഡിഒയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്.
കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പത്മം എന്ന സ്ത്രീയെ കാണാതായതു സംബന്ധിച്ച അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന നരബലി പുറത്തുകൊണ്ടുവന്നത്. ചിറ്റൂർ റോഡിൽ ലോട്ടറിക്കച്ചവടം നടത്തുന്ന പൊന്നുരുന്നി സ്വദേശി പത്മത്തെ സെപ്റ്റംബർ 26 നാണ് കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാലടി സ്വദേശി റോസ്ലിയെയും കാണാതായതായി കണ്ടെത്തിയത്. എറണാകുളം പെരുമ്പാവൂർ സ്വദേശി ഷിഹാബ് എന്ന റാഷിദാണ് ഇവരെ പത്തനംതിട്ടയിലെത്തിച്ചത്. ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടക്കുന്നത്. തിരുവല്ലക്കാരായ ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരാണ് നരബലി നടത്തിയത്. ഭഗവൽ സിങ് ആഭിചാരകർമ്മങ്ങൾ നടത്തി വരുന്നയാളാണെന്നും പൊലീസ് പറഞ്ഞു. ഇവരെ കുഴിച്ചിട്ട സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്.
പൂജയുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പിടിയിലായവർ മൊഴി നൽകിയത്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയശേഷം മാത്രമേ കൂടുതൽ വെളിപ്പെടുത്തൽ നടത്താനാകൂ. എങ്ങനെയാണ് കൊലപ്പെടുത്തിയത് അടക്കമുള്ള കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ട്. ഇപ്പോൾ പ്രാഥമികമായ വിവരങ്ങൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. എന്തായാലും ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഇതിനു പിന്നിലെന്നാണ് വ്യക്തമാകുന്നതെന്നും ഐജി പ്രകാശ് പറഞ്ഞു.
മൂന്നു ജില്ലാ പൊലീസ് മേധാവികൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. കടവന്ത്ര സ്വദേശിനിയുടെ മിസ്സിങ് കേസ് കൊച്ചി സിറ്റി പൊലീസാണ് അന്വേഷിക്കുന്നത്. കാലടി സ്വദേശിനിയുടെ തിരോധാനം കൊച്ചി റൂറൽ പൊലീസും അന്വേഷിക്കുന്നു. സംഭവം നടന്നത് ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിലുമാണെന്ന് ഐജി പ്രകാശ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ