- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു നരബലിക്ക് ശേഷവും ഇരകളുടെ മാംസം കൊച്ചിയിലേക്ക് കൊണ്ടു പോയി; അമാനുഷിക ശക്തി നേടാൻ മനുഷ്യ മാംസം കഴിക്കുന്നവരുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം; ഷേണായിസിലെ ഹോട്ടലിൽ സ്ഥിരമായി എത്തിയവരെ എല്ലാം ചോദ്യം ചെയ്യും; അവയവ കച്ചവടത്തെ മുക്കാനോ ഈ അന്വേഷണം? ഷാഫിയിൽ നിറയുന്നത് ദുരൂഹത മാത്രം
കൊച്ചി: ഷേണായിസ് തീയേറ്ററിന് സമീപമുള്ള ഹോട്ടലിൽ മനുഷ്യ മാംസം പാചകം ചെയ്തുവെന്ന സംശയത്തിൽ പൊലീസ്. നരബലി കേസിൽ അന്വേഷണം തുടരുമ്പോഴാണ് കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം, മുഖ്യപ്രതി ഷാഫി കൊച്ചിയിലേക്കു കൊണ്ടുവന്നതായുള്ള സംശയം ബലപ്പെടുന്നത്. അതിനിടെ അവയവ കച്ചവടമെന്ന ആരോപണമില്ലെന്ന് തെളിയിക്കാൻ കൂടിയാണ് ഈ രീതിയിലെ അന്വേഷണമെന്ന ആരോപണവും ശക്തമാണ്. കൊച്ചിയിലേക്ക് കൊല്ലപ്പെട്ടവരുടെ ആന്തരികാവയവങ്ങൾ എത്തിയെന്ന് പൊലീസിന് മൊഴി കിട്ടിയിട്ടുണ്ടെന്നാണ് സൂചന. ഇത് ഹോട്ടലിലെ പാചകത്തിന് വേണ്ടിയാണെന്ന് ഉറപ്പിക്കാനാണ് പൊലീസിന്റെ ശ്രമം.
കഴിഞ്ഞ ജൂൺ ആദ്യ ആഴ്ചയിലും സെപ്റ്റംബർ അവസാന ആഴ്ചയിലുമാണു കൊലപാതം നടത്തിയത്. രണ്ടു തവണയും ഇരകളുടെ മാംസം കൊച്ചിയിലെക്കു കൊണ്ടുവന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഷേണായീസ് തിയറ്ററിനു സമീപം ഷാഫി വാടകയ്ക്ക് എടുത്തു നടത്തുന്ന ഹോട്ടലിലെ പാത്രങ്ങൾ, കത്തി, മരത്തടി, സ്പൂണുകൾ എന്നിവയും പൊലീസ് ശേഖരിച്ചു. അമാനുഷിക ശക്തി നേടാനായി മനുഷ്യമാംസം കഴിക്കുന്ന ചിലരെ തനിക്ക് അറിയാമെന്നും അവർ പണം നൽകി മാംസം വാങ്ങുമെന്നും കൂട്ടുപ്രതികളായ ഭഗവൽ സിങ്, ലൈല എന്നിവരോടു ഷാഫി പറഞ്ഞിരുന്നു.
അവർ ബെംഗളൂരുവിൽ നിന്നു വരുമെന്നാണു പറഞ്ഞിരുന്നത്. ഇവർ എത്താതിരുന്നതിനാൽ റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരുന്ന മാംസം കുഴിച്ചുമൂടാമെന്നു പറഞ്ഞു ഷാഫി കൊണ്ടുപോയെന്നാണ് ഇലന്തൂർ ദമ്പതികളുടെ മൊഴി. ഷാഫിയുടെ ഹോട്ടലിൽ നിന്നു സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നവരെ കണ്ടെത്തി മൊഴിയെടുക്കും. മനുഷ്യ മാംസം പരസ്യമായി ഷാഫി ഈ ഹോട്ടലിൽ കച്ചവടം ചെയ്തിട്ടില്ല. അതിനിടെ കൊല്ലപ്പെട്ട റോസ്‌ലിയുടെ മൊബൈൽ ഫോണും ബാഗും പൊലീസ് കണ്ടെത്തി. ഇവ ബന്ധുക്കൾ സ്ഥിരീകരിച്ചതായാണു വിവരം. മുഖ്യപ്രതി ഷാഫിയെ ചോദ്യം ചെയ്തതിൽ നിന്നാണു നിർണായക വിവരം പൊലീസിനു ലഭിച്ചത്.
ഇവ എവിടെ നിന്നാണു കണ്ടെത്തിയതെന്ന വിവരം പുറത്തു വിട്ടിട്ടില്ല. ഇതിനിടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ കൂടുതൽ രക്ത സാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി ശേഖരിച്ചു. പത്മയുടെ മക്കളുടെയും സഹോദരിയുടെയും, റോസ്ലിയുടെ മകളുടെയും രക്തസാംപിളുകളുമാണു വീണ്ടും ശേഖരിച്ചത്. പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്കു ശരീരഭാഗങ്ങൾ ചേർത്തു വച്ചുള്ള പരിശോധന കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിക്കും. സമ്പൽസമൃദ്ധിക്കായി നരബലി നടത്താൻ വൈദ്യൻ ഭഗവൽ സിങ്ങും ഭാര്യ ലൈലയും ഷാഫിയുടെ ആസൂത്രണത്തോടെ മുൻകൂട്ടി തയ്യാറെടുപ്പ് നടത്തിയെന്നാണ് തെളിവെടുപ്പിലൂടെ വ്യക്തമാകുന്നത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽനിന്ന് 50മീറ്ററിനടുത്ത് കടയിലാണ് സിങ്ങും ഭാര്യയും കത്തികൾ തേടി എത്തിയത്. കൊലപാതകങ്ങൾ ഒരു കാരണവശാലും പുറംലോകം അറിയില്ലെന്ന് ഇവർ അന്ധമായി വിശ്വസിച്ചിരുന്നു.
പത്തനംതിട്ട മാർക്കറ്റ് റോഡിൽ പാലക്കാട് സ്വദേശികൾ ഓണത്തിനോട് അനുബന്ധിച്ച് തുടങ്ങിയ കടയാണിത്. മൂർച്ചയുള്ള ചെറിയ കത്തികൾ മുതൽ വിവിധ തരത്തിലെ പാലക്കാടൻ കത്തികൾ വരെ ലഭിക്കുന്ന കടയാണിത്. കടയിലെ ജോലിക്കാർക്ക് ഭഗവൽ സിങ്ങിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഓണത്തിനുശേഷം പല ജോലിക്കാരും മാറിയതിനാൽ ആരുടെ കൈയിൽനിന്നാണ് കത്തികൾ വാങ്ങിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്റ്റേഷന് മുന്നിലെ കടയിൽനിന്നുമാണ് കത്തി വാങ്ങിയതെന്ന് ഭഗവൽസിങ് ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു. ഇതേത്തുടർന്നാണ് ബുധനാഴ്ച ഉച്ചക്ക് 12.30ന് കടയിൽ തെളിവെടുപ്പിന് കൊണ്ടുവന്നത്. മറ്റൊരു വാഹനത്തിലായിരുന്ന ലൈലയെ പുറത്തിറക്കിയില്ല. എന്നാൽ, ആദ്യ കൊലപാതകത്തിൽ എവിടെനിന്നാണ് കത്തി വാങ്ങിയതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.
അതിനിടെ 12 ദിവസം പൊലീസ് കസ്റ്റഡിയിൽവിട്ട കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിച്ചു. അഭിഭാഷകനായ ബിഎ ആളൂർ മുഖേനയാണ് പ്രതികൾ കോടതിയെ സമീപിച്ചിരിക്കുന്നത്. നരബലിക്കേസിലെ പ്രതികളെ 12 ദിവസം കസ്റ്റഡിയിൽ വിട്ടതിൽ പ്രതിഭാഗം നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികളുടെ കുറ്റസമ്മത മൊഴി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തരുതെന്നും ഇതിനായി ഡിജിപിക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് പ്രതികളെ വിവിധിയടങ്ങളിൽ കൊണ്ടുപോയി പ്രദർശനം നടത്തുകയാണെന്നാണ് ഹർജിയിൽ വ്യക്തമാക്കുന്നത്. പ്രതികൾ നൽകുന്ന കുറ്റസമ്മത മൊഴികളെല്ലാം മാധ്യമങ്ങളിൽ അതേപടി വാർത്തകളായി വരുന്നുണ്ട്.
കുറ്റസമ്മത മൊഴികൾ മാധ്യമങ്ങളിൽ വരാതിരിക്കാൻ ഡിജിപിയോട് നിർദ്ദേശിക്കണമെന്നും പ്രതികൾക്ക് അവരുടെ അഭിഭാഷകരെ കാണാൻ അനുവാദം നൽകണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം മുഖ്യപ്രതി ഷാഫിയെ രാമങ്കരിയിൽ എത്തിച്ചും ഭഗവൽസിങ്, ലൈല എന്നിവരെ ഇലന്തൂർ എത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ