- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിരവധി വായ്പകൾ ഉണ്ടായിരുന്നു; നരബലി നടത്തിയാൽ ഐശ്വര്യം ഉണ്ടാകുമെന്ന് മുഹമ്മദ് ഷാഫി വിശ്വസിപ്പിച്ചു'; ബാധ്യത തീർക്കാനാണ് നരബലി നടത്തിയതെന്ന് പിടിയിലായ ദമ്പതികൾ; ചോദ്യം ചെയ്യലിൽ സഹകരിക്കാതെ ഷാഫി; കേസിൽ വഴിത്തിരിവായത് സ്ത്രീകളെ കൊണ്ടുവന്ന വാഹനം കണ്ടെത്തിയത്
കൊച്ചി: ഇലന്തൂരിലെ ഇരട്ടനരബലി സാമ്പത്തിക ബാധ്യത തീർക്കാൻ വേണ്ടിയായിരുന്നു നടത്തിയതെന്ന് കേസിൽ പിടിയിലായ ദമ്പതികളുടെ മൊഴി. നിരവധി വായ്പകൾ ഉണ്ടായിരുന്നു. നരബലി നടത്തിയാൽ ഐശ്വര്യം ഉണ്ടാകുമെന്ന് മുഹമ്മദ് ഷാഫി പറഞ്ഞു വിശ്വസിപ്പിച്ചുവെന്നും ഭഗവൽ സിംഗും ഭാര്യ ലൈലയും പൊലീസിനോട് പറഞ്ഞു. ദമ്പതികളുടെ കടബാധ്യതയെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്തിന് വേണ്ടിയാണ് ഈ പണം ചെലവഴിച്ചതെന്നും പരിശോധിക്കും.
അതേ സമയം നരബലി കേസിലെ മുഖ്യസൂത്രധാരനായ ഷാഫി എന്ന റഷീദിൽ നിന്നും വിശദമായി വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ഇയാൾ പൊലീസിന്റെ ചോദ്യം ചെയ്യല്ലിനോട് സഹകരിക്കാത്ത നിലയുണ്ട്.
ഇലന്തൂരിലെ ഇരട്ടനരബലിയിൽ പല കാര്യങ്ങളിലും വ്യക്തത വരാനുണ്ടെന്നും പല തെളിവുകളും കണ്ടെത്താനുണ്ടെന്നും ദക്ഷിണ മേഖല ഡിഐജി ആർ.നിശാന്തിനി ഐപിഎസ് അറിയിച്ചു. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ നാളെ കൊച്ചിയിൽ കോടതിയിൽ ഹാജരാകും. ഇപ്പോൾ പത്തനംതിട്ടയിലുള്ള പ്രതികളെയെല്ലാം ഇന്ന് രാത്രി തന്നെ കൊച്ചിയിലേക്ക് കൊണ്ടു പോകുമെന്നും ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീട്ടുപറമ്പിൽ നിന്നും വീണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും ഡിഐജി അറിയിച്ചു.
കൊലപാതകത്തിൽ മൂന്ന് പേർക്കും പങ്കുണ്ട്. പ്രതികൾ രണ്ട് മൃതദേഹങ്ങൾ നാല് കുഴികളിലാക്കിയാണ് കുഴിച്ചിട്ടത്. പ്രതികളുമായി നാളെയും തെളിവെടുപ്പ് തുടരും. വീട്ടിനുള്ളിൽ പൊലീസ് നടത്തിയ പരിശോധനയിൽ കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇനിയും ചില ആയുധങ്ങൾ കണ്ടെത്താനുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി നാളെ ഫോറൻസിക് പരിശോധന നടത്തും. വീടിനുള്ളിൽ ഇനിയും വിശദമായി പരിശോധനകളുണ്ടാകും.
കടബാധ്യത തീർക്കാനാവാതെ വിഷമിച്ച ഘട്ടത്തിലാണ് ഷാഫിയെ കണ്ടുമുട്ടിയത്. ദമ്പതികളുടെ കടബാധ്യതകളെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കും. ദമ്പതികളിൽ നിന്നും ഷാഫി പണം കൈപ്പറ്റിയിട്ടുണ്ട്. ഈ പണം ഇയാൾ എങ്ങനെ ചെലവാക്കി എന്ന കാര്യവും പരിശോധിക്കുമെന്നും ഡിഐജി പറഞ്ഞു.
കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്. നാലു സ്ഥലത്തുനിന്നാണ് മൃതദേഹങ്ങൾ കിട്ടിയത്. ആദ്യം കണ്ടെത്തിയ മൃതദേഹം 56 കഷണങ്ങളായി മുറിച്ചിരുന്നു. രണ്ടാമത് കണ്ടെത്തിയ മൃതദേഹം 5 കഷണങ്ങളായും മുറിച്ച നിലയിലായിരുന്നു. രണ്ടാമത്തെ മൃതദേഹത്തിനൊപ്പം കുങ്കുമം തേച്ച ബാഗും കല്ലും കണ്ടെടുത്തു.
നരബലി നടന്നത് ജൂൺ എട്ടിനും സെപ്റ്റംബർ 26നുമാണ്. വൈകിട്ട് അഞ്ചിനും ആറിനുമിടയിലാണ് കൃത്യം നടന്നത്. മൂന്നുപേരും ക്രൂരകൃത്യത്തിൽ പങ്കാളികളായി. ഒന്നരവർഷം മുൻപാണ് മുഹമ്മദ് ഷാഫി ദമ്പതികളുമായി ബന്ധം തുടങ്ങിയത്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്. കോട്ടയം മെഡിക്കൽ കോളജിലാണ് പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തുന്നത്. ഫൊറൻസിക് പരിശോധനയും മറ്റും നടത്തുമെന്നും ഡിഐജി പറഞ്ഞു.
സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടുവന്ന വാഹനം കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായതെന്നു ഡിസിപി ശശിധരൻ പറഞ്ഞു. സ്ത്രീകൾ കയറിയത് ഷാഫിയുടെ വാഹനത്തിലാണെന്നു കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കാലടി സ്വദേശി റോസിലി, പൊന്നുരുന്നി സ്വദേശി പത്മം എന്നിവരാണ് നരബലിയുടെ ഭാഗമായി കൊല്ലപ്പെട്ടത്.
സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി നരബലി നടത്താൻ ഉപദേശിച്ച വ്യാജ സിദ്ധൻ, ഭാര്യയുമായി ചേർന്ന് കൊലപാതകം നടത്തിയ വൈദ്യൻ ഭഗവത് സിങ് സിനിമാ കഥകളെ വെല്ലുന്നതാണ് പത്തനംതിട്ടയിലെ നരബലി. പത്തനംതിട്ടയിലെ ഇലന്തൂരിലാണ് കേരളത്തെ നടുക്കി പത്തനംതിട്ടയിൽ ഇരട്ട നരബലി നടന്നത്. കൊച്ചി ഗാന്ധി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി എന്ന റഷീദാണ് നരബലിയുടെ സൂത്രധാരൻ.
നരബലി നടക്കാൻ ദമ്പതികൾക്ക് ഉപദേശം നൽകുകയും സ്ത്രീകളെ എത്തിച്ച് നൽകുകയും ചെയ്തത് സ്വദേശി മുഹമ്മദ് ഷാഫിയാണ്. നരബലി ആസൂത്രണം ചെയ്തതും നടപ്പാക്കിയത്തിന്റെയും ബുദ്ധികേന്ദ്രം വ്യാജ സിദ്ധനായ റഷീദ് ആണ്. ഷാഫിയുടെ ഉപദേശം കേട്ട് നരബലി നടത്തിയ പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവൽ സിംഗിനെയും ഭാര്യ ലൈലയെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ലോട്ടറി വിലപ്പനക്കാരായ പത്മ, റോസിലി എന്നിവരെയാണ് ഭഗവൽ സിംഗിന്റെ വീട്ടിൽവെച്ച് ഇവർ മൂവരും ചേർന്ന് കൊലപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ