കൊച്ചി: ഇലന്തൂരിലെ നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരെ റിമാൻഡ് ചെയ്തു. മൂന്നു പ്രതികളെയും രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. പ്രതികളെ ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ രാവിലെ ഹാജരാക്കിയിരുന്നു. പത്തു ദിവസത്തേക്കു പ്രതികളെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. പ്രതികളായ മുഹമ്മദ് ഷാഫിയെയും ഭഗവൽസിങ്ങിനെയും കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. മറ്റൊരു പ്രതിയായ ലൈലയെ വനിതാ ജയിലിലേക്കും കൊണ്ടുപോയി.

മുഹമ്മദ് ഷാഫി വേറെ സ്ത്രീകളെയും പൂജയിൽ പങ്കാളിയാകാൻ ആവശ്യപ്പെട്ട് സമീപിച്ചെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് പൊലീസ് നിലപാട്. അതിനിടെ, പൊലീസിനെതിരെ പരാതിയില്ലെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. താൻ വിഷാദ രോഗിയാണെന്നും ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നും ലൈല കോടതിയെ അറിയിച്ചു. റിമാൻഡിൽ വിട്ട പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റും. കസ്റ്റഡി അപേക്ഷ പൊലീസ് ഇന്നു തന്നെ നൽകും.

സ്ത്രീകളെ കൊന്നത് ദേവീപ്രീതിക്കായെന്ന് റിമാൻഡ് റിപ്പോർട്ട്. സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടായിരുന്നു നരബലി നടത്തിയതെന്നും പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയചുന്നത്. പത്മയെ കൊലപ്പെടുത്തിയത് ഷാഫിയാണ്. കഴുത്തിൽ കയറു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. റോസിലിയെ കൊലപ്പെടുത്തിയത് ലൈലയെന്നുമാണ് റിപ്പോർട്ടിലുള്ളത്. പത്മയുടെ രഹസ്യ ഭാഗങ്ങളിൽ അടക്കം കുത്തി മുറിവേൽപ്പിച്ചു രക്തമെടുത്തുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 56 കഷ്ണങ്ങളാക്കി മുറിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കൊലക്കുപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കോടതിയിൽവെച്ച് പ്രതിഭാഗം അഭിഭാഷകനും പൊലീസും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തു. പ്രതികളെ നേരിട്ടുകണ്ട് സംസാരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പൊലീസും അഭിഭാഷകനും തമ്മിൽ തർക്കമുണ്ടായത്. പ്രതിഭാഗം അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്ന് എറണാകുളം സെൻട്രൽ അസി. കമ്മീഷണർ സി.ജയകുമാർ കോടതിയിൽ പരാതിപ്പെട്ടു. ഇതോടെ വിഷയത്തിൽ ഇടപെട്ട കോടതി, പൊലീസിന്റെ സാന്നിധ്യത്തിൽ മാത്രമേ പ്രതികളുമായി സംസാരിക്കാൻ പാടുള്ളൂവെന്ന നിർദ്ദേശം നൽകി.

തിരിച്ചറിയാതിരിക്കാൻ മുഖം മറച്ചാണ് പ്രതികളെ രാവിലെ കടവന്ത്ര പൊലീസ് സ്റ്റേഷനിലും പിന്നീടു കോടതിയിലും എത്തിച്ചത്. ഷാളിൽ മുഖം മറച്ചാണു ലൈലയെ എത്തിച്ചത്. ഇന്നു പുലർച്ചയോടെ കൊച്ചിയിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിനു മുന്നോടിയായി കടവന്ത്ര സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. എറണാകുളം സിറ്റി ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലാണു സ്റ്റേഷനിൽ എത്തിച്ചത്. ഉടൻ തന്നെ കോടതിയിലേക്കു കൊണ്ടു പോകുകയും ചെയ്തു.

വേറെയും സ്ത്രീകൾ സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇയാളുടെ വലയിലായിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൊച്ചിയിൽനിന്നു സമീപകാലത്തു കാണാതായ സ്ത്രീകളെ സംബന്ധിച്ച വിവരം പൊലീസ് ശേഖരിക്കുന്നുണ്ട്. ഇവരുമായി ഷാഫി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരുന്നോ എന്നാണു പരിശോധിക്കുന്നത്.