തിരുവനന്തപുരം: ഐസിസിലേക്ക് മാത്രമല്ല റഷ്യൻ യുദ്ധത്തിന് മലയാളികൾക്കായും കേരളത്തിൽ റിക്രൂട്ട്‌മെന്റ്! ഇസ്ലാമിക ഭീകരവാദത്തിന് വേണ്ടി യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളുടെ കഥ മലയാളിയെ ഞെട്ടിച്ചത്. ഇപ്പോഴും ചിലർ അഫ്ഗാനിൽ 'വിശുദ്ധ യുദ്ധത്തിൽ' പങ്കാളിയാകാനായി കേരളത്തിൽ നിന്നും പോകുന്നു. ഇതിന് സമാനമായി റഷ്യയിലേക്കും മനുഷ്യക്കടത്ത്. പത്തിലേറെ മലയാളികളെ റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്ത മൂന്നു മലയാളികളടക്കം 19 പേർക്കെതിരെ സിബിഐ കേസ് എടുക്കുകയാണ്. ചതിയിലൂടെയാടെ ആളുകളെ റഷ്യയിൽ എത്തിക്കുന്നത്. നല്ല ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്തായിരുന്നു മനുഷ്യക്കടത്ത്. വൻതുക ഈടാക്കിയാണ് കൊണ്ടുപോയതെന്നതാണ് വസ്തുത.

മറ്റു ജോലികൾ വാഗ്ദാനം ചെയ്ത് വിസയ്ക്ക് മൂന്നു ലക്ഷം രൂപ വീതം വാങ്ങിയാണ് റഷ്യയിലേക്ക് കടത്തിയത്.യുക്രെയിനെതിരെ യുദ്ധം ചെയ്യാനാണ് കൊണ്ടുപോയത്. തിരുവനന്തപുരം തുമ്പ ഫാത്തിമ ആശുപത്രിക്കടുത്ത് ടീന കോട്ടേജിൽ ഡോമിരാജ് (ടോമി), കഠിനംകുളം തൈവിളാകം തെരുവിൽ റോബർട്ട് അരുളപ്പൻ (റോബോ), തിരുവനന്തപുരം പുത്തൻകുറിച്ചി തൈവിളാകം തെരുവിൽ സജിൻ ഡിക്‌സൺ എന്നിവരാണ് മലയാളികളായ പ്രതികൾ. വൻ മാഫിയയാണ് ഇതിന് പിന്നിലെന്നാണ് സിബിഐ വിലയിരുത്തൽ. രഹസ്യ വിവരത്തെ തുടർന്നായിരുന്നു അന്വേഷണവും കേസെടുക്കലും. 3 മലയാളികളടക്കം 19 പേർക്കെതിരെ സിബിഐ കേസെടുത്തു. തിരുവനന്തപുരത്തെ തീരദേശം കേന്ദ്രീകരിച്ചുള്ള സംഘമാണ് കേരളത്തിൽ കാര്യങ്ങളുടെ ചുമതലയിലുണ്ടായിരുന്നത് എന്നാൽ കേസെടുക്കലിൽ വ്യക്തമാകുന്നത്.

ക്രിമിനൽ ഗൂഢാലോചന, വഞ്ചന, മനുഷ്യക്കടത്ത് കുറ്റങ്ങൾക്ക് ഐ.പി.സി 120(ബി), 420, 370 വകുപ്പുകൾ ചുമത്തി. തിരുവനന്തപുരം തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ഏജൻസികൾ റെയ്ഡ് ചെയ്ത സിബിഐ റഷ്യയിലേക്ക് കടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ചു. ഇവരെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങി. മറ്റു സംസ്ഥാനങ്ങളിലും റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുണ്ട്. ചതിയിലൂടെയായിരുന്നു എല്ലാം. പണം വാങ്ങിയായിരുന്നു ഈ ക്രൂരത എന്നതാണ് ഞെട്ടിക്കുന്ന അന്വേഷണ കണ്ടെത്തൽ. റഷ്യയിലുള്ള തമിഴ്‌നാട്ടുകാരൻ സന്തോഷ്, രാജസ്ഥാൻ സ്വദേശി മൊഹിയുദ്ദീൻ ചിപ്പ, റഷ്യക്കാരി ക്രിസ്തീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു റിക്രൂട്ട്‌മെന്റ്. ഇവരെയെല്ലാംപ്രതികളാക്കി. ഡൽഹി, മുംബയ്, ഹരിയാന, താനെ എന്നിവിടങ്ങളിലെ റിക്രൂട്ടിങ് ഏജൻസികളുടെ ഏജന്റുമാരാണ് കേരളത്തിലടക്കം മനുഷ്യക്കടത്ത് നടത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെ റഷ്യൻ സർക്കാരിൽ ഓഫീസ് ജോലി, ഹെൽപ്പർ, സെക്യൂരിറ്റി ഓഫീസർ ജോലികൾ വാഗ്ദാനം ചെയ്താണ് റിക്രൂട്ട് ചെയ്തത്. ഒരു വർഷം കഴിഞ്ഞാൽ റഷ്യൻ പൗരത്വം ഉറപ്പുനൽകി. 1.95ലക്ഷം പ്രതിമാസ ശമ്പളവും 50,000രൂപ അലവൻസുകളുമായിരുന്നു വാഗ്ദാനം. മെഡിക്കൽ പരിശോധനയ്ക്ക് ശേഷമായിരുന്നു റിക്രൂട്ട്‌മെന്റ്. പണം നൽകിയാൽ 5 ദിവസംകൊണ്ട് വിസ ലഭിക്കും.ഒരു വർഷത്തെ കരാറിലാണ് കൊണ്ടുപോയത്.

ഡൽഹിയിൽ നിന്ന് മോസ്‌കോയിലേക്ക് നേരിട്ടും ഷാർജ വഴിയും ആയിരുന്നു യാത്ര. റഷ്യയിലെത്തിയ ഉടൻ പാസ്‌പോർട്ട് ഏജന്റുമാർ പിടിച്ചെടുത്തു. ആയുധപരിശീലനം നൽകിയശേഷം റഷ്യൻ പട്ടാളത്തിന്റെ യൂണിഫോം ധരിപ്പിച്ച് യുക്രെയിനുമായുള്ള യുദ്ധമുഖത്തെത്തിച്ചു.മിസൈലാക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. യുദ്ധമുഖത്തുള്ള 35 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്റർപോളുമായി ചേർന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സിബിഐ ശ്രമിക്കുന്നുണ്ട്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഉസ്ബക്കിസ്ഥാൻ, കസാക്കിസ്ഥാൻ പൗരന്മാരെയും റിക്രൂട്ട് ചെയ്തിട്ടുണ്ട്. 2022 ഫെബ്രുവരി 24ന് തുടങ്ങിയ യുദ്ധത്തിൽ വൻ ആൾനാശമുണ്ടായതിനെത്തുടർന്നാണ് റഷ്യ യുവാക്കളെ വാടകയ്‌ക്കെടുക്കുന്നത്. ട്രാവൽ ഏജൻസികളുടെ മറവിൽ ഇവർ മനുഷ്യക്കടത്തു നടത്തിയതായി എഫ്‌ഐആറിൽ ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെട്ട 2 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ നടത്തുകയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.

യുക്രെയ്‌നിനെതിരെ യുദ്ധം ചെയ്യുന്ന റഷ്യൻ സൈന്യത്തോടൊപ്പം ഇന്ത്യക്കാരുണ്ടെന്നു കേന്ദ്രം സ്ഥിരീകരിച്ചതു രണ്ടാഴ്ച മുൻപാണ്. റഷ്യയിൽ ആർമി സെക്യൂരിറ്റി ഹെൽപർ തസ്തികയിലേക്കു ജോലിക്കു പോയവരെയാണ് യുക്രെയ്‌നിലെ ഡോണെറ്റ്‌സ്‌കിൽ യുദ്ധമുഖത്തു ഡ്യൂട്ടിക്കു നിയോഗിച്ചത്. ഇവരെ തിരിച്ചുനാട്ടിലെത്തിക്കാൻ റഷ്യൻ അധികാരികളോട് ആശയവിനിമയം നടത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.