- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മോഷ്ടിച്ചത് ആറായിരം രൂപയോളം വിലയുള്ള മാമ്പഴം; കടയുടെ മുകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിലെ ദൃശ്യം കുരുക്കായി; സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ പൊലീസുകാരന് സസ്‌പെൻഷൻ; ഷിഹാബ് പല കേസുകളിലും പ്രതിയെന്ന് സൂചന
കോട്ടയം: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളിയിൽ കടയിൽനിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ഷിഹാബിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽനിന്ന് മാമ്പഴം മോഷ്ടിച്ചത് ഷിഹാബാണെന്ന് വ്യക്തമായിരുന്നു.
ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ് ഷിഹാബിന് സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്. പൊതുജനങ്ങൾക്ക് മുന്നിൽ കേരള പൊലീസിനെ നാണം കെടുത്തുന്ന പ്രവൃത്തിയാണ് ഷിഹാബ് ചെയ്തതെന്ന് സസ്‌പെൻഷൻ ഓർഡറിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ ഉത്തരവിൽ പറയുന്നു. മാമ്പഴം മോഷ്ടിച്ച ദൃശ്യങ്ങൾ പുറത്തു വരികയും പൊലീസ് കേസെടുക്കുകയും ചെയ്തതിന് പിന്നാലെ ഷിഹാബ് ഒളിവിൽ പോയിരുന്നു.
സെപ്റ്റംബർ മുപ്പത് ഞായറാഴ്ച പുലർച്ചെയാണ് കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും മാമ്പഴം മോഷണം പോയത്. കിലോയ്ക്ക് അറുന്നൂറ് രൂപ വിലയുള്ള പത്ത് കിലോയോളം മാങ്ങയാണ് മോഷ്ടിച്ചത്. മോഷണത്തിന്റ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവിൽ പൊലീസ് ഓഫീസറായ പി.വി.ഷിഹാബാണ് മാമ്പഴം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാൾക്കെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തിരുന്നത്.
പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി -മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന മാമ്പഴം പൊലീസുകാരൻ മോഷ്ടിച്ചത്. സ്‌കൂട്ടർ കടയുടെ സമീപം നിർത്തി, പെട്ടികളിലുണ്ടായിരുന്ന മാമ്പഴം ഇയാൾ മോഷ്ടിക്കുകയായിരുന്നു. ഏകദേശം പത്തുകിലോയോളം മാമ്പഴം ശിഹാബ് തന്റെ സ്‌കൂട്ടറിന്റെ സീറ്റിനടിയിലേക്ക് മാറ്റുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നത്.
വഴിയിരകിൽ പ്രവർത്തിക്കുന്ന കടയിലേക്ക് എത്തിയ പൊലീസുകാരൻ പരിസരത്തൊന്നും ആരുമില്ല എന്നൊന്നും ഉറപ്പാക്കിയ ശേഷമാണ് ആറായിരം രൂപയോളം വിലയുള്ള മാമ്പഴം എടുത്തത്. എന്നാൽ കടയുടെ മുകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറ ഇദ്ദേഹം കണ്ടിരുന്നില്ല. ജനറൽ ആശുപത്രിയിലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പൊലീസുകാരൻ എന്നാണ് വിവരം. പൊലീസ് യൂണിഫോമിൽ എത്തിയാണ് ഇയാൾ മോഷണം നടത്തിയത് എന്നതാണ് കൗതുകം.
സ്‌കൂട്ടറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിൽ പൊലീസുകാരനാണെന്ന് വ്യക്തമായത്. അതേസമയം, സംഭവത്തിന് പിന്നാലെ ശിഹാബ് ഒളിവിൽപോയെന്നും ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
സിസിടിവി ക്യാമറ ദൃശ്യങ്ങളടക്കം വ്യക്തമായ തെളിവുകൾ ഉള്ളതിനാൽ സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ ഷിഹാബിനെ അറസ്റ്റ് ചെയ്‌തേക്കും എന്നാണ് സൂചന. ഇയാൾക്കെതിരെ നേരത്തേയും സമാനമായ രീതിയിലുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പല കേസുകളിലും പ്രതിയാണെന്നുമാണ് സൂചന. മുണ്ടക്കയം സ്റ്റേഷനിൽ ഐടി ആക്ട് അടക്കമുള്ള വിവിധ വകുപ്പുകളിലെ കേസുകളിൽ ഷിഹാബ് പ്രതിയാണ്. ഇങ്ങനെ രണ്ട് കേസുകളിലെ പ്രതിയാണ് ഇയാൾ എന്നാണ് കോട്ടയത്തെ പൊലീസ് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി നൽകുന്ന വിവരം.
മറുനാടന്‍ മലയാളി ബ്യൂറോ