നെടുങ്കണ്ടം: വീടിനുള്ളിൽ ലോക്കൽ ബാർ നടത്തിയിരുന്ന സിപിഎം ലോക്കൽ കമ്മറ്റിയംഗം 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിൽ. സിപിഎം പാമ്പാടുംപാറ ലോക്കൽ കമ്മറ്റി അംഗം ആടിപ്ലാക്കൽ സുദേവനാണ് (54) ഇടുക്കി എക്സൈസ് ആന്റി നാർക്കോട്ടിക് സ്‌ക്വാഡിന്റെ പിടിയിലായത്.

സുദേവന്റെ വീട് കേന്ദ്രീകരിച്ച് വർഷങ്ങളായി അനധികൃത മദ്യവിൽപന നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. സുദേവൻ വീട്ടിൽ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. പതിനെട്ടു ലീറ്റർ മദ്യമാണ് പിടിച്ചെടുത്തത്.

പ്ലാസ്റ്റിക് ചാക്കിലും കാർഡ് ബോർഡ് പെട്ടിയിലുമായി സൂക്ഷിച്ച വിവിധ ബ്രാൻഡുകളിലുള്ള അരലിറ്ററന്റെ 35 കുപ്പി മദ്യമാണ് കണ്ടെടുത്തത്. പല കുപ്പികളും പൊട്ടിച്ചിരുന്നു. ഇതിൽ നിന്ന് ആവശ്യപ്പെടുന്ന ബ്രാൻഡിലുള്ള മദ്യം ഒഴിച്ചു നൽകുന്നതായിരുന്നു രീതി.

അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എ.സി.നെബു, സിവിൽ എക്സൈസ് ഓഫീസർമാരായ സുരഭി, അശ്വതി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സുദേവനെ അറസ്റ്റ് ചെയ്തത്. പ്രതിയെ നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.