- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
3600 കോടി നിക്ഷേപം എത്തിച്ചതിന് കമ്മീഷൻ 200 കോടി!
കൊച്ചി: ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി നികുതി വെട്ടിപ്പിൽ ഇൻകം ടാക്സിന് പിന്നാലെ അന്വേഷണവുമായി കേന്ദ്ര ജി എസ് ടി വകുപ്പും. ശതകോടികളുടെ നിക്ഷേപം എത്തിച്ചിട്ടും ഇതിന് നികുതി അടച്ചിട്ടില്ലെന്നതാണ് കണ്ടെത്തൽ. 400 കോടിയുടെ നികുതി വെട്ടിച്ചു എന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണക്ക്. എന്നാൽ ഇൻകംടാക്സ് കൂടാതെ ജിഎസ്ടി അടയ്ക്കുന്നതിലും സ്ഥാപനം വീഴ്ച്ച വരുത്തിയിട്ടുണ്ടെന്നുമാണ് നിഗമനം. ഇടനിലക്കാരായ ഏജന്റുമാർ സൊസൈറ്റിയിൽ നിന്ന് കൈപ്പറ്റിയ കമ്മീഷൻ തുകയ്ക്ക് ജി.എസ്.ടി അടച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ.
ആദ്യഘട്ടമായി 25 മുൻനിര ഏജന്റുമാർക്ക് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഇരുപത് ലക്ഷത്തിനുമുകളിൽ കമ്മീഷൻ കൈപ്പറ്റിയ എല്ലാ ഏജന്റുമാരും ജി.എസ്.ടിയ്ക്കൊപ്പം പിഴയും പലിശയും കൂടി ഒടുക്കേണ്ടതായി വരും. തൃശൂർ കേന്ദ്രമാക്കിയുള്ള ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ്. 3600 കോടിയോളം രൂപ നിക്ഷേപമെത്തിച്ച ഇടനിലക്കാരായ ഏജന്റുമാർക്ക് 200 കോടിയോളം രൂപയാണ് കമ്മീഷനായി ഇൽകിയത്.
പ്രാഥമിക അന്വേഷണം നടത്തിയ കേന്ദ്ര ജിഎസ്ടി വകുപ്പ് നടത്തിയ കണ്ടെത്തലുകളും ഏറെ പ്രധാനമുള്ളതാണ്. 35,000ലധികം എൻട്രികളാണ് നിക്ഷേപത്തിന് കമ്മീഷൻ നൽകിയതായി ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ രേഖകളിലുള്ളത്. ഇതിനൊന്നിനും ഭൂരിഭാഗം ഏജന്റുമാരും കൃത്യമായി ജി.എസ്.ടി അടച്ചിട്ടില്ലെന്നതാണ് പ്രധാനമായ ഒരു കണ്ടെത്തൽ. ഏഴ് കോടി രൂപ കമ്മീഷൻ കൈപ്പറ്റിയ മൂന്ന് പേർ സംസ്ഥാനത്തുണ്ടെന്നും അന്വേഷണങ്ങളിൽ വ്യക്തമായിട്ടുണ്ട്. ഒരു കോടി മുതൽ ഏഴു കോടി വരെ കൈപ്പറ്റിയവർ അൻപതോളം. ഇവരെയെല്ലാം വിളിച്ചുവരുത്തി തെളിവെടുപ്പു നടത്താനാണ് തീരുമാനം.
25 മുൻനിര കമ്മീഷൻ ഏജന്റുമാർക്കാണ് നിലവിൽ നോട്ടീസ് നൽകിയിരിക്കുന്നത്. ബാക്കിയുള്ളവരെ ഘട്ടം ഘട്ടമായി വിളിക്കും. കേരളത്തിനുപുറമേ മറ്റ് സംസ്ഥാനങ്ങഴിലും ഏജന്റുമാരെപ്പറ്റി അന്വേഷണമുണ്ട്. തമിഴ്നാട്ടിൽ ഒരു ഏജന്റിന് കിട്ടിയത് പത്തുകോടി രൂപയാണ്. ഇത്രയും ഉയർന്ന തുക കമ്മീഷൻ വാങ്ങിയപ്പോൾ ആരുടെ പണമാണ് ഇവിടെ എത്തിച്ചതെന്നുമുള്ള ചോദ്യം ഉയരുന്നു.
ക്രെഡിറ്റ് സൊസൈറ്റി വഴി പലിശയില്ലാ ലോണായി 1450 കോടിയോളം നൽകിയത് കടലാസ് കമ്പനികൾക്കാണെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. തട്ടിപ്പിൽ സൊസൈറ്റി ചെയർമാൻ സോജൻ അവറാച്ചൻ, സിനിമാ നിർമ്മാതാവ് അജിത് വിനായക, വഡോദ്ര സ്വദേശി യതിൻ ഗുപ്ത എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഒന്നിലേറെ സംസ്ഥാനങ്ങളിൽ പ്രവർത്തനപരിധിയുള്ള സഹകരണസംഘമാണ് ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി. ഈ സൊസൈറ്റികേന്ദ്രീകരിച്ചു കോടിക്കണക്കിന് രൂപയുടെ ദുരൂഹ ഇടപാടുകൾ നടക്കുന്നുണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
4 വർഷത്തിനിടെ 3800 കോടി രൂപ നിക്ഷേപം സ്വീകരിച്ചതായും 1100 കോടി രൂപ കൊൽക്കത്തയിലെ ചില കടലാസ് കമ്പനികൾക്ക് നൽകിയതായും കണ്ടെത്തി. പ്രമോട്ടർമാരുടെ സ്വന്തം കമ്പനികൾക്കും വൻതുക നൽകി. ഈ വായ്പകളിൽ തീരെ തിരിച്ചടവുണ്ടായിട്ടില്ല. തൃശൂർ സ്വദേശിയായ പ്രമോട്ടർ സോജന്റെ കമ്പനിക്ക് 250 കോടി രൂപയും ഗുജറാത്ത് വഡോദര സ്വദേശിയായ രതിൻ ഗുപ്തയുടെ കമ്പനിക്ക് 800 കോടി രൂപയും വായ്പ നൽകി.
രതിൻ ഗുപ്ത 2 സ്വകാര്യ ജെറ്റുകൾ സ്വന്തമാക്കി. അജിത് വിനായക് എന്നയാൾക്ക് 250 കോടി രൂപയാണു സൊസൈറ്റിയിൽനിന്നു നൽകിയത്. ഇയാൾ 70 കോടി രൂപ സിനിമ നിർമ്മാണത്തിനും 80 കോടി രൂപ ആഫ്രിക്കയിലേക്കു വാഹനങ്ങൾ കയറ്റുമതി ചെയ്യാനും 40 കോടി രൂപ സ്വത്തുക്കൾ വാങ്ങാനും ചെലവിട്ടതിന്റെ രേഖകൾ കണ്ടെത്തി. 50 കോടിയോളം രൂപ ഇയാൾ ഉയർന്ന പലിശയ്ക്കു വായ്പ നൽകി. രതിൻ ഗുപ്തയ്ക്കും അജിത് വിനായകിനും കേരള രാഷ്ട്രീയത്തിലെ ചില പ്രധാന നേതാക്കളുമായി അടുത്ത ബന്ധമുണ്ട്.
അതേസമയം ആദായ നികുതി റെയ്ഡിൽ വിശദീകരണവുമായി ഐ സി സി എസ് എൽ ചെയർമാൻ സോജൻ അവറാച്ചൻ രംഗത്തെത്തി.നിയമപരമായാണ് നാളിതുവരെ സൊസൈറ്റിയുടെ പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു. സൊസൈറ്റിയുടെ നികുതി വെട്ടിപ്പിനെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കമ്മീഷൻ ഏജന്റുമാർക്കെതിരെ ജി.എസ്.ടി വകുപ്പും നടപടി തുടങ്ങിയിരിക്കുന്നത്.