- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോസ്ലിന്റെ മൃതദേഹത്തിൽ വൃക്ക ഉണ്ടായിരുന്നില്ല; ഒപ്പം കരളും, ശ്വാസകോശവും കാണാനില്ല; മസ്തിഷ്‌കം രണ്ടായി മുറിച്ചതായും സൂചനകൾ; മൃതശരീരം മറവു ചെയ്തതു കൊലപ്പെടുത്തിയതിന് ശേഷം ഏറെ നേരത്തിന് ശേഷവും; ഷാഫി കുറച്ചുകാലം മോർച്ചറി സഹായി ആയിരുന്നെന്ന സൂചനയും ദുരൂഹതകൾ വർധിക്കുന്നു; എല്ലാ സാധ്യതകളും പരിശോധിക്കാൻ പൊലീസ്
പത്തനംതിട്ട: ഇലന്തൂർ ഇരട്ടക്കൊലപാതകത്തിലെ അന്വേഷണം നരബലിയെന്ന വിധത്തിൽ മുന്നോട്ടു പോകുമ്പോഴും മറ്റ് മാർഗ്ഗങ്ങളും പരിശോധിക്കാൻ ഒരുങ്ങി പൊലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ കുറിച്ചുള്ള വിശദാംശങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് ആലോചന. പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അവയവങ്ങൾ പ്രതികൾ വിൽക്കാൻ ശ്രമിച്ചുവോ എന്നും സംശയം അടക്കം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇതേക്കുറിച്ചും പരിശോധന നടത്താനാണ് പൊലീസിന്റെ നീക്കം.
കൊല്ലപ്പെട്ട റോസ്ലിന്റെ മൃതദേഹത്തിൽ വൃക്കയും കരളും ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരം. മസ്തിഷ്‌കം രണ്ടായി മുറിച്ചതായും കണ്ടെത്തി. ഇക്കാര്യത്തിൽ ചില സംശയങ്ങൾ ഉണ്ടായതായാണ് ഉന്നത പൊലീസ് വൃത്തങ്ങൾ പങ്കുവെയ്ക്കുന്നത്. പോസ്റ്റ്മോർട്ടത്തിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ചിട്ടില്ലെങ്കിലും ഡോക്ടറിൽനിന്ന് പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്. റോസ്ലിന്റെ മൃതദേഹത്തിൽ വലത് ഭാഗത്തെ വൃക്ക ഉണ്ടായിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. അതോടൊപ്പം കരൾ, ശ്വാസകോശം എന്നിവയും ഉണ്ടായിരുന്നില്ല. മാത്രമല്ല, കൊലപ്പെടുത്തിയതിന് ശേഷം ഏറെ നേരത്തിന്ശേഷമാണ് ശരീരം മറവ് ചെയ്തത്.
തലച്ചോർ ഭക്ഷിക്കാൻ ഷാഫിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ഭഗവൽ സിങ്ങിന്റെ മൊഴിയുണ്ട്. മാറിടം ഭക്ഷിച്ചു എന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കരളിന്റെയും വൃക്കയുടേയും കാര്യം മൊഴിയായി പുറത്ത് വന്നിട്ടില്ല. അതുകൊണ്ടാണ് ഈ സാധ്യത പൊലീസ് പരിശോധിക്കുന്നതെന്നാണ് വിവരം. ഇത് സംബന്ധിച്ച് സുപ്രധാന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഭഗവൽ സിങ്ങിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. അത് പരിഹരിക്കുന്നതിന്റെ കൂടി ഭാഗമായിട്ടാണോ നരബലി എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
അവയവങ്ങൾ മാറ്റേണ്ടത് വൈദ്യശാസ്ത്രപരമായി പിഴവുകളില്ലാതെയാണ്. എന്നാൽ പ്രതികൾ ഇത്തരത്തിൽ എന്തെങ്കിലും ശ്രമം നടത്തിയിട്ടുണ്ടോ എന്ന കാര്യമാണ് പൊലീസ് പരിശോധിക്കുന്നത്. അതേസമയം ഇലന്തൂർ നരബലിക്കേസിലെ പ്രതി മോർച്ചറി സഹായിയായി പ്രവർത്തിച്ചിരുന്നതായി സൂചനകളും വാർത്തകളായി പുറത്തുവന്നിരുന്നു. 2008 മുതൽ പെരുമ്പാവൂരിൽ താമസിച്ചിരുന്ന സമയത്ത് ഇയാൾ മോർച്ചറി സഹായിയായി ജോലി ചെയ്തിട്ടുണ്ടെന്നും ഇക്കാലത്ത് പോസ്റ്റുമോർട്ടം നടപടികൾ കണ്ട് പഠിച്ചിരിക്കാമെന്നുമാണ് പൊലീസ് സംശയിക്കുന്നത്.
നരബലിക്കിരയായ സ്ത്രീകളെ വെട്ടിമുറിക്കാനുള്ള നിർദ്ദേശങ്ങൾ ദമ്പതികളായ ഭഗവൽസിങ്ങിനും ലൈലയ്ക്കും നൽകിയത് മുഹമ്മദ് ഷാഫിയെന്നാണ് വിവരം. ഇതുസംബന്ധിച്ച അന്വേഷണമാണ് ഷാഫിയുടെ മുൻകാല പ്രവർത്തനങ്ങളിലേക്ക് പൊലീസിനെ എത്തിച്ചിരിക്കുന്നത്. നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിലും പറമ്പിലും കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചിരുന്നു. ലൈല ഒഴികെ ഷാഫിയും ഭഗവൽ സിങ്ങും മനുഷ്യ മാംസം ഭക്ഷിച്ചതായി പ്രതികളുടെ മൊഴിയുണ്ട്. സ്ത്രീകളുടെ ആന്തരിക അവയവങ്ങളും മാറിടവും കുക്കറിൽ വേവിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചതായി ലൈലയും വെളിപ്പെടുത്തി. ശാസ്ത്രീയ പരിശോധനയിൽ വീട്ടിനുള്ളിലെ ഫ്രിഡ്ജിൽ രക്തക്കറ കണ്ടെത്തി.
കൊല്ലപ്പെട്ടവരുടെ മാംസം ദീർഘനാൾ ഫ്രിഡ്ജിൽ വച്ചിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. 10 കിലോയോളം മനുഷ്യ മാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചതായാണ് ലഭിക്കുന്ന വിവരം. ഇത് പിന്നീട് മറ്റൊരു കുഴിയിൽ മറവു ചെയ്തതാണ് വിവരം. ഫ്രിഡ്ജിൽ നിന്ന് ഷാഫിയുടെ വിരലടയാളവും കിട്ടി. ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ നരബലികൾ നടന്നിട്ടുണ്ടോ എന്ന സംശയത്തിൽ കൃത്യം നടന്ന വീട്ടിലും പറമ്പിലും വിശദമായ പരിശോധനയാണ് ശനിയാഴ്ച നടന്നത്.
മൃതദേഹം മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനം ലഭിച്ച പൊലീസ് നായകളായ മായയേയും മർഫിയേയും എത്തിച്ചാണ് പരിശോധന നടത്തിയത്. നായകൾ അസ്വാഭാവികമായ രീതിയിൽ മണം പിടിച്ച് നിന്ന സ്ഥലങ്ങൾ പൊലീസ് അടയാളപ്പെടുത്തി വച്ചിട്ടുണ്ട്. ഈ ഭാഗത്ത് കുഴിക്കാനാണ് നീക്കം. ഈ സ്ഥലങ്ങളിൽ അസ്വാഭാവികമായ രീതിയിൽ ചെടികളും നട്ടുവളർത്തിയിട്ടുണ്ട്. ഭഗവൽ സിങ്ങിന്റെ വീട്ടിൽ സ്ത്രീയുടെ രൂപമുള്ള ഡമ്മി എത്തിച്ചും പരീക്ഷണം നടത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ