ബെംഗളൂരു: വാതുവയ്പും ചൂതാട്ടവും ഹരമായാൽ കുടുംബം മുടിയുന്നത് അറിയുകയില്ല. നഷ്ടം മാത്രമാകുമ്പോൾ, കടം കുന്നുകൂടി നിലയില്ലാക്കയത്തിലാകും. ഐപിഎൽ ക്രിക്കറ്റിലെ വാതുവയ്പിന് വേണ്ടി ഭർത്താവ് വാങ്ങിയ കടത്തിന്റെ പേരിലുള്ള കടക്കാരുടെ ശല്യം സഹിക്ക വയ്യാതെ യുവതി ആത്മഹത്യ ചെയ്തു.

ബെംഗളൂരുവിൽ എഞ്ചിനീയറായ ദർശൻ ബാബുവിന്റെ ഭാര്യ രഞ്ജിതയാണ്(23) ജീവനൊടുക്കിയത്. ദർശൻ ബാബുവിന് ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളിൽ വലിയ വാതുവയ്പുകൾ നടത്തുക ഹരമാണ്. 2021 മുതൽ അതിന്റെ പിന്നാലെയാണ് ഇയാൾ വാതുവയ്പിൽ തോറ്റാലോ, പണം തികയാതെ വന്നാലോ, ഉടൻ വായ്പ എടുക്കുകയായി. അങ്ങനെ കടം പെരുകി. വായ്പാ ദാതാക്കൾ വീട്ടിൽ വന്ന് ശല്യം ചെയ്യാൻ തുടങ്ങി. ഒരു കോടിയിലേറെ ദർശന് കടമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ചിത്രദുർഗയിലെ വീട്ടിൽ മാർച്ച് 18 നാണ് രഞ്ജിത തൂങ്ങി മരിച്ചത്.

ദർശൻ ബാബു ഹോസദുർഗയിലെ മൈനർ ഇറിഗേഷൻ വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി നോക്കുകയാണ്. 2021 മുതൽ 2023 വരെ ദർശൻ ഐപിഎല്ലിൽ നടത്തിയ വാതുവയ്പിനെ തുടർന്നുണ്ടായ കടം ദമ്പതിമാരുടെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചു. ദർശൻ ഒന്നര കോടിയോളം കടമെടുത്തിരുന്നതായി പറയുന്നു. ഒരുകോടിയോളം തിരിച്ചടച്ചെങ്കിലും, ഇനിയും 84 ലക്ഷത്തോളം ബാക്കിയുണ്ടെന്നും പറയുന്നു.

2020 ലാണ് ദർശനെ രഞ്ജിത വിവാഹം കഴിച്ചത്. 2021 ലാണ് ദർശന് വാതുവയ്പിലുള്ള ദൗർബല്യം മകൾക്ക് മനസ്സിലായതെന്ന് അച്ഛൻ വെങ്കിടേഷ് പറഞ്ഞു. വായ്പാദാതാക്കൾ മകളെ വളരെയധികം മാനസികമായി പീഡിപ്പിച്ചിരുന്നതായും, അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. വായ്പ നൽകിയ 13 പേരെ കുറിച്ചും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്. വളരെ വേഗം പണമുണ്ടാക്കാനുള്ള മോഹമാണ് മരുമകനെ കുഴിയിൽ ചാടിച്ചതെന്നും വെങ്കിടേഷ് പറഞ്ഞു. ആദ്യം ദർശൻ വാതുവയ്പിന് തയ്യാറായിരുന്നില്ല. എന്നാൽ, പ്രതികൾ ദർശന് മോഹന വാഗ്ദാനങ്ങൾ നൽകി കുരുക്കിൽ പെടുത്തുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.

തനിക്കുണ്ടായ ദുരനുഭവങ്ങൾ രഞ്ജിത ആത്മഹത്യാ കുറിപ്പിൽ വിവരിക്കുന്നുണ്ട്. ഇരുവർക്കും രണ്ടുവയസുള്ള മകനുണ്ട്.