- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാചക നിന്ദയ്ക്ക് തിരിച്ചടിയായി ഇന്ത്യയിൽ ചാവേർ സ്ഫോടനം നടത്താൻ ഭീകരപദ്ധതി; പദ്ധതിയിട്ടത് ഇന്ത്യൻ ഭരണരംഗത്തെ ഒരു പ്രമുഖനെ വധിക്കാൻ; ഐഎസ് ഭീകരനെ പിടികൂടിയെന്ന് റഷ്യ; ഏപ്രിൽ-ജൂൺ മാസങ്ങളിൽ തുർക്കിയിൽ വെച്ച് ചാവേറായി ഐഎസ് സംഘത്തിൽ ചേർന്ന വ്യക്തിയെന്ന് റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ്
മോസ്‌കോ: ഇന്ത്യയിൽ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ട ഐഎസ് ഭീകരനെ പിടികൂടിയതായി റഷ്യ. ഇന്ത്യൻ ഭരണരംഗത്തെ ഒരു പ്രമുഖനെ വധിക്കാനാണ് ഇയാൾ പദ്ധതിയിട്ടിരുന്നതെന്നും റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് അറിയിച്ചു. സെൻട്രൽ ഏഷ്യൻ പ്രദേശത്തുനിന്നുള്ളയാണ് പിടിയിലായത്. പ്രവാചകനെ അപമാനിച്ചതിന് തിരിച്ചടിയായി ഇന്ത്യയിൽ ചാവേർ സ്ഫോടനം നടത്താനാണ് ഇയാൾ പദ്ധതിയിട്ടിരുന്നത്.
റഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് പോകാനുള്ള രേഖകൾ റെഡിയാക്കാനുമാണ് ഇയാൾക്ക് നിർദ്ദേശം ലഭിച്ചിരുന്നത്. ഏപ്രിൽ-ജൂൺ മാസങ്ങളിൽ തുർക്കിയിൽ വച്ചാണ് ഇയാളെ ചാവേറായി ഐഎസ് സംഘത്തിൽ ചേർത്തതെന്നും റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് അറിയിച്ചു. പ്രവാചക നിന്ദാ വിഷയത്തിൽ വിവിധ ഭീകര സംഘടനകൾ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി രംഗത്തുവന്നിരുന്നു. അൽഖാദിയ അടക്കമുള്ള സംഘടനകളാണ് ഇന്ത്യക്കെതിരെ യുദ്ധപ്രഖ്യാപനവുമായി രംഗത്തുവന്നത്.
അതിനിടെ കഴിഞ്ഞ ദിവസം 26/11ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ രാജ്യത്ത് ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് രണ്ട് ദിവസം മുമ്പ് മുംബൈ പൊലീസിന് ലഭിച്ചിരുന്നു. പാക്കിസ്ഥാനിൽ നിന്നുള്ള ഒരു ഫോൺ നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്നാണ് വിവരം. മുംബൈ പൊലീസിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം അയച്ചിരിക്കുന്നത്. ആറ് പേർ ചേർന്ന് ഇന്ത്യയിൽ ഭീകരാക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. പൊലീസിന് പുറമെ മറ്റ് കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ നിന്ന് കഴിഞ്ഞ ദിവസം ആയുധങ്ങളും സ്ഫോടക വസ്തുക്കളുമായെത്തിയ ബോട്ട് പിടികൂടിയിരുന്നു. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. രാജ്യത്തെ നടുക്കിക്കൊണ്ടാണ് പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരർ 2008 നവംബർ 26ന് മുംബൈയിൽ ഭീകരാക്രമണം നടത്തിയത്. ലഷ്‌കർ ഭീകരർ നടത്തിയ ആക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതിനിടെ ലിബിയയിൽ ഐഎസ് ചാവേറായി കൊല്ലപ്പെട്ട മലായാളിയെ പറ്റി അന്വേഷിച്ച് ഇന്ത്യൻ ഏജൻസികളും രഗംത്തുണ്ട്. കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്നവരുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്. ഐഎസ് ഔദ്യോഗിക പ്രസിദ്ധീകരണത്തിലാണ് മലയാളി ചാവേറിനെ കുറിച്ച് വിവരമുള്ളത്. അബൂബക്കർ അൽഹിന്ദി എന്നാണ് ഇയാളുടെ പേരെന്നും ലേഖനത്തിൽ പറയുന്നു.
കേരളത്തിൽ നിന്ന് നിരവധി പേർ ഐഎസിൽ ചേർന്നതായാണ് ഇന്ത്യൻ ഏജൻസികളുടെ കണക്കുകൾ. സിർത്തിൽ നടന്ന ഏറ്റുമുട്ടിൽ ചാവേറായി പൊട്ടിത്തെറിച്ച് മലയാളി കൊല്ലപ്പെട്ടുവെന്നുവാണ് ലേഖനത്തിൽ പറയുന്നത്. ഇദ്ദേഹത്തെ പറ്റി മറ്റുകൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലേഖനത്തിൽ ഇല്ല. ഇയാൾ ഐഎസിൽ ചേരാനുണ്ടായ സാഹചര്യവും ലേഖനത്തിലുണ്ട്
കേരളത്തിൽ നിന്നുള്ള ക്രിസ്ത്യൻ യുവാവാണ് ഇദ്ദേഹമെന്നും എൻജിനിയറിങ് ബിരുദധാരിയാണെന്നും ലേഖനത്തിൽ പറയുന്നു. ബംഗളൂരുവിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾക്ക് ദുബായിൽ ജോലി ലഭിച്ചത്. അതിനിടെ കൈയിൽ കിട്ടിയ ലഘുലേഖയിൽ നിന്ന് നബിയുടെ ചില വചനങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. അതിൽ ആകൃഷ്ടനായ ഇയാൾ ഇസ്ലാമിനെ കുറിച്ച് കൂടുതൽ പഠിക്കാൻ തീരുമാനിച്ചു. തുടർന്ന് ഇന്റർനെറ്റ് വഴി പഠനം തുടങ്ങി. അതിനിടെയാണ് ജിഹാദിനെ കുറിച്ച് അറിഞ്ഞത്. തുടർന്ന് ഐഎസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ചു. അങ്ങനെ ദുബായിയിൽ ഐഎസ് പ്രവർത്തനം നടത്തുന്നവരുടെ നിർദ്ദേശത്തെ തുടർന്ന് ഐഎസിൽ ചേരാൻ തീരുമാനിച്ചു. എന്നാൽ അന്ന് അയാൾക്ക് യമനിലേക്ക് പോകാൻ അവസരം ഒത്തുവന്നില്ല.
പിന്നീട് യുവാവ് നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഐഎസിൽ പോകാൻ അവസരം ഉണ്ടെന്നറിയിപ്പ് ലഭിച്ചു. ഇത് അറിഞ്ഞ് അയാൾ വീട്ടിൽ നിന്ന് മുങ്ങി ലിബിയയിലേക്ക് പോകുകയായിരുന്നു. ഐഎസിന്റെ ശക്തികേന്ദ്രമായ സിർത്തിൽ വച്ചാണ് ഇയാൾക്ക് ആയുധ പരിശീലനം കിട്ടിയത്. സിർത്തിൽ ഐഎസിന് നേരെയുണ്ടായ മിലിട്ടറി ഓപ്പറേഷനെ തടയാൻ വേണ്ടി ചാവേർ അക്രമം ആസൂത്രണം ചെയ്യുമ്പോൾ സ്വയം സന്നദ്ധനായി ഇയാൾ മുന്നോട്ടുവരികയായിരുന്നെന്ന് ലേഖനത്തിൽ പറയുന്നു.
മറുനാടന് ഡെസ്ക്