തിരുവനന്തപുരം: രാജ്യത്തെ പിടിച്ചുകുലുക്കിയ ഐ.എസ്.ആർ.ഒ. ചാരവൃത്തിക്കേസിൽ അഞ്ചു പേർക്കെതിരേ ഗൂഢാലോചനയ്ക്ക് സിബിഐ. കുറ്റപത്രം സമർപ്പിക്കുമ്പോൾ മാപ്പു സാക്ഷികൾ ഉണ്ടോ എന്നതിൽ ചർച്ച സജീവം. കേരള പൊലീസിലെയും ഐ.ബിയിലെയും മുൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർക്കെതിരേയാണ് സിബിഐ: കേസെടുത്തത്. എന്നാൽ ആരൊക്കെയാണ് ഇപ്പോൾ നൽകിയ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയതെന്ന കാര്യം വ്യക്തമല്ല. വരും ദിവസങ്ങളിൽ കുറ്റപത്രം കോടതി പരിഗണിക്കും. അഞ്ചു പ്രതികൾക്കെതിരെ മാത്രമേ കുറ്റപത്രം നൽകിയിട്ടുള്ളൂവെന്നും സൂചനയുണ്ട്.

സിബിഐയുടെ അറസ്റ്റ് ഭയന്ന് മുൻ ഡിജിപി സിബി മാത്യൂസ് അടക്കമുള്ള ചില ഉദ്യോഗസ്ഥർ കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിച്ചിച്ച കേസാണ് ഇത്. സിബിഐ കുറ്റപത്രത്തിൽ എഫ്‌ഐആറിൽ പ്രതികളായ ചില പൊലീസ് ഉദ്യോഗസ്ഥരെ കോടതി അനുമതിയോടെ പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്ത് മാപ്പ് സാക്ഷിയാക്കിയെന്ന് അഭ്യൂഹമുണ്ട്. കുറ്റപത്രം സീൽ ചെയ്ത കവറിലാണ് കോടതിക്ക് കൈമാറിയത്. അതുകൊണ്ട് തന്നെ കോടതിയിൽ കേസ് പരിഗണനയ്ക്ക് വന്നാൽ മാത്രമേ പ്രതികളിൽ വ്യക്തത വരൂ.

തിരുവനന്തപുരം സി.ജെ.എം. കോടതിയിലാണ് സിബിഐ. ഡൽഹി യൂണിറ്റ് എസ്‌പി. ഇന്നലെ വൈകിട്ട് 4.30 നു മുദ്രവച്ച കവറിൽ കുറ്റപത്രം സമർപ്പിച്ചത്. ഉന്നത പൊലീസുദ്യോഗസ്ഥരടക്കം 18 പേർക്കെതിരേ സിബിഐ. കേസെടുത്തിരുന്നു. എഫ്.ഐ.ആർ. 2021ൽ കോടതിയിൽ ഹാജരാക്കിയിരുന്നു.
ശാസ്ത്രജ്ഞനായ നമ്പിനാരായണനെ ചാരക്കേസിൽ ഉൾപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ജയിൻ കമ്മിറ്റി കണ്ടെത്തിയതിനെത്തുടർന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.

മുൻ ഡി.ഐ.ജി. സിബി മാത്യൂസ്, സ്പെഷൽ ബ്രാഞ്ച് മുൻ സർക്കിൾ ഇൻസ്പെക്ടർ എസ്. വിജയൻ, വഞ്ചിയൂർ എസ്. ഐ. തമ്പി. എസ് ദുർഗാദത്ത്, സിറ്റി പൊലീസ് കമ്മീഷണർ വി.ആർ. രജീവൻ, ഡിവൈ.എസ്‌പി. കെ.കെ. ജോഷ്വ, സ്റ്റേറ്റ് ഇന്റലിജന്റ്സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ രവീന്ദ്രൻ, ഇന്റലിജന്റ്സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ, അസിസ്റ്റന്റ് ഡയറക്ടർ സി.ആർ.ആർ. നായർ, ഡി.സിഐ:ഒ: ജി.എസ്. നായർ, ബി.സിഐ.ഒ: കെ.വി. തോമസ്, കൊച്ചി ഐബി എ സി ഐ ഒ റ്റി. എസ്. ജയപ്രകാശ്, ൈക്രംബ്രാഞ്ച് നർക്കോട്ടിക് സെൽ എസ്‌പി. ജി. ബാബുരാജ്, ജോയിന്റ് ഡയറക്ടർ മാത്യു ജോൺ, ഡി. സി. ഐ ഒ. ജോൺ പുന്നൻ, ബേബി, സ്പെഷൽ ബ്രാഞ്ച് എ റ്റി ഐ ഒ ഡിന്റ മത്യാസ്, സ്റ്റേറ്റ് ഇന്റലിജന്റ്സ് ബ്യൂറോ വി. കെ. മായിനി, സി.ബി.സിഐ.ഡി: എസ്‌ഐ. എസ്. ജോഗേഷ് എന്നിവരെ പ്രതിചേർത്താണ് സിബിഐ. കേസെടുത്തത്.

1994 നവംബർ 30 നാണ് നമ്പി നാരായണനെ ചാരക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഐ.എസ്.ആർ.ഒയിൽ ഉദ്യോഗസ്ഥരായിരുന്ന നമ്പി നാരായണൻ, ഡോ. ശശികുമാരൻ എന്നിവർ മാലി സ്വദേശിനിയായ മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവർ വഴി ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങൾ ചോർത്തി എന്നതായിരുന്നു കേസ്. നമ്പി നാരായണൻ നിരപരാധിയാണെന്നു വിധിച്ച സുപ്രിം കോടതി അരക്കോടി രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.