- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇത് ലൗ ജിഹാദാണ്, നേഹയുടെ വീട്ടിലെത്തി ജെ പി നദ്ദ
ബംഗളുരു: കോൺഗ്രസ് നേതാവും ഹുബള്ളി ധാർവാഡ് കോർപറേഷൻ കൗൺസിലറുമായ നിരഞ്ജൻ ഹിരെമത്തിന്റെ മകൾ നേഹ ഹിരെമത്ത് കുത്തേറ്റു മരിച്ച സംഭവം രാഷ്ട്രീയമായി പരമാവധി മുതലെടുക്കാൻ ശ്രമം തുടങ്ങി ബിജെപി. ഇതിനോടകം തന്നെ ഇത് തെരഞ്ഞെടുപ്പു വിഷയമാക്കിയ ബിജെപി വിഷയം കൂടുതൽ രാഷ്ട്രീയമാക്കാൻ പരമാവധി ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ നേരിട്ട് പെൺകുട്ടിയുടെ വീട്ടിലെത്തി.
നേഹ പഠിച്ചിരുന്ന കർണാടകയിലെ ഹുബള്ളിലുള്ള ബി.വി.ബി. കോളേജിനുള്ളിൽവെച്ച് ഏപ്രിൽ 18 വ്യാഴാഴ്ചയാണ് മുൻസഹപാഠി മുഹമ്മദ് ഫയാസ് നേഹയെ കുത്തിക്കൊലപ്പെടുത്തിയത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും നേഹയ്ക്ക് നീതി നേടിക്കൊടുക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും നഡ്ഡ പറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും നടത്തിയ പ്രസ്താവനകളിൽ ബിജെപി. അപലപിക്കുന്നു. ഇത് ലൗ ജിഹാദാണ്. അതിനെ വ്യക്തിപരമായ കാര്യമെന്ന് വരുത്തിത്തീർക്കാനാണ് കർണാടക സർക്കാർ ശ്രമിക്കുന്നതെന്ന് നഡ്ഡ ആരോപിച്ചു.
കുറ്റവാളി ലൗ ജിഹാദിനാണ് ശ്രമിച്ചത്, അത് എതിർത്ത പെൺകുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. അതിനെ അങ്ങനെയല്ല എന്നുപറഞ്ഞ് സാമാന്യവൽകരിക്കാനാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയും ആരോപിച്ചു. കൃത്യമായ അന്വേഷണം നടത്താതെ കുറ്റവാളിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഒരു പെൺകുട്ടിയുടെ മരണത്തെപ്പോലും രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപി. ശ്രമിക്കുന്നതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇത് ലൗ ജിഹാദല്ല. കുറ്റവാളിയെ അറസ്റ്റുചെയ്തുകഴിഞ്ഞു. കേസിൽ തുടരന്വേഷണം നടക്കുകയാണ്. കുറ്റവാളിക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന് സർക്കാർ ഉറപ്പുവരുത്തും. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താനുള്ള എല്ലാ നടപടികളും കൈക്കൊണ്ടിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, മുഹമ്മദ് ഫയാസിന്റെ പിതാവ് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കൈകൾ കൂപ്പി നേഹയുടെ കുടുംബാംഗങ്ങളോട് മാപ്പ് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും അത് തന്നെയും കുടുംബത്തെയും ഞെട്ടിച്ചുവെന്നും സ്‌കൂൾ അദ്ധ്യാപകൻ കൂടിയായ ബാബാ സാഹേബ് സുബാനി പറഞ്ഞു.
'നേഹ എനിക്ക് മകളെപ്പോലെയായിരുന്നു. അവളോട് ഇങ്ങനെയൊരു ക്രൂരപ്രവർത്തി ചെയ്തതിന് ഫയാസിന് അർഹിക്കുന്ന ശിക്ഷ ലഭിക്കണം. ഇനി ആർക്കും ആരോടും ഇത്തരമൊരു ക്രൂരത കാണിക്കാനുള്ള ധൈര്യമുണ്ടാവരുത്. അതിന് ഉതകുന്ന ശിക്ഷ വേണം ഫയാസിന് നൽകാൻ. നേഹയുടെ കുടുംബത്തോട് ഞാൻ കൈകൾ കൂപ്പി മാപ്പുചോദിക്കുന്നു,' നിറകണ്ണുകളോടെ ബാബാ സാഹേബ് സുബാനി പറഞ്ഞു.
ആറുവർഷമായി ഭാര്യയുമായി പിരിഞ്ഞ് താമസിക്കുകയാണെന്നും പണത്തിനുവേണ്ടി മാത്രമായിരുന്നു മകൻ തന്നെ വിളിച്ചിരുന്നതെന്നും സുബാനി പറഞ്ഞു. എട്ടുമാസം മുമ്പ് നേഹയുടെ കുടുംബാംഗങ്ങൾ തന്നെ വിളിച്ചിരുന്നുവെന്നും ഫയാസ് നേഹയെ ശല്യപ്പെടുത്തുന്നുവെന്ന് പരാതി പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതേപ്പറ്റി ചേദിച്ചപ്പോൾ ഇരുവരും പ്രണയത്തിലാണെന്നും നേഹയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുവെന്നുമാണ് ഫയാസ് പറഞ്ഞതെന്നും സുബാനി പറഞ്ഞു.
നേഹയും ഫയാസും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് ഫയാസിന്റ മാതാവ് മുംതാസും പറഞ്ഞത്. കഴിഞ്ഞ വർഷം മുതൽ ഇക്കാര്യം തനിക്കറിയാമായിരുന്നു എന്നാണ് മുംതാസ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, നേഹയുടെ കുടുംബം ഈ വാദം തള്ളി. ഫയാസ് പ്രണയാഭ്യർത്ഥന നടത്തി നേഹയുടെ പിന്നാലെ നടന്ന് ശല്യംചെയ്യുകയായിരുന്നു എന്ന വാദത്തിലാണ് അവർ ഉറച്ചുനിൽക്കുന്നത്. ഫയാസിന്റെ പ്രണയാഭ്യർത്ഥനകൾ നേഹ പലതവണയായി നിരസിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, നേഹയും ഫയാസും തമ്മിൽ ഇഷ്ടത്തിലായിരുന്നു എന്ന് ഇരുവരുടെയും ചിത്രങ്ങൾ വെച്ച് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ട രണ്ടുപേരെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. 'നേഹ-ഫയാസ് ട്രൂ ലവ്, ജസ്റ്റിസ് ഫോർ ലവ്' എന്നായിരുന്നു പോസ്റ്റ്. ഹിന്ദുസംഘടനാ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
കർണാടകയിലെ ഹുബ്ബള്ളിയിൽ ബിവിബി കോളേജിലെ ഒന്നാം വർഷ എംസിഎ വിദ്യാർത്ഥിനിയായിരുന്ന നേഹാ ഹിരേമത്ത് കഴിഞ്ഞ ഏപ്രിൽ 18-നാണ് ക്യാമ്പസിനുള്ളിൽ കുത്തേറ്റു മരിച്ചത്. ഇതേ കോളേജിലെ വിദ്യാർത്ഥി ആയിരുന്ന ഫയാസ് ഖോണ്ടുനായക്കാണ് കൊലപ്പെടുത്തിയത്. കത്തിയുമായി ക്യാമ്പസിലെത്തിയ പ്രതി നേഹയുടെ കഴുത്തിൽ ആറ് തവണയാണ് കുത്തിയത്.